പുതിയ നഗരസഭകളില്‍ പ്രവചനാതീതം

Posted on: November 1, 2015 10:40 am | Last updated: November 1, 2015 at 10:40 am
SHARE

ചെര്‍പ്പുളശേരി: ജില്ലയില്‍ പുതിയതായി രൂപവത്ക്കരിക്കപ്പെട്ട മൂന്നു നഗരസഭകള്‍ ആരു ഭരിക്കുമെന്ന കാര്യം പ്രവചനാതീതം. പട്ടാമ്പി, ചെര്‍പ്പുളശേരി, മണ്ണാര്‍ക്കാട് എന്നിവയാണ് പുതിയതായി രൂപീകരിച്ച നഗരസഭകള്‍.
സി പി മുഹമ്മദ് എംഎല്‍എയുടെ തട്ടകമായ പട്ടാമ്പി മുസ് ലീം ലീഗിനും കോണ്‍ഗ്രസിനും ഒരുപോലെ സ്വാധീനമുള്ള മണ്ഡലമാണ്. പട്ടാമ്പി ഗ്രാമപഞ്ചായത്തില്‍ യുഡിഎഫ് ആണ്ഭരണം നടത്തുന്നതും. എന്നാല്‍ രാഷ്ട്രീയ സാഹചര്യവും വാര്‍ഡ് സംവരണങ്ങളും തങ്ങള്‍ക്ക് ഗുണകരമാകുമെന്നാണ് സി പി എമ്മിന്റെ വിലയിരുത്തല്‍. എന്തുവിലകൊടുത്തും പട്ടാമ്പിയുടെ ചെയര്‍മാന്‍പദം സ്വന്തമാക്കണമെന്ന ലക്ഷ്യമാണ് സി പി എമ്മിന്.
അതേസമയം പട്ടാമ്പിയുടെ പ്രഥമ നഗരപിതാവ് യുഡിഎഫുകാരന്‍ തന്നെയായിരിക്കുമെന്നാണ് യുഡിഎഫിന്റെ അവകാശവാദം. പട്ടാമ്പിയില്‍ നിര്‍ണായക ശക്തിയാകാന്‍ ബിജെപിയും രംഗത്തുണ്ട്.
ചുവപ്പില്‍ തിളങ്ങുന്ന ചെര്‍പ്പുളശേരിയുടെ പ്രഥമ ചെയര്‍മാന്‍പദവും ചരിത്രത്തിന്റെ ഭാഗമാകും. സിപിഎമ്മിന്റെ ചെങ്കോട്ട തകര്‍ക്കാന്‍ ആര്‍ക്കുമാകില്ലെന്നും അതുകൊണ്ട് തന്നെ ഭരണം തങ്ങള്‍ക്കാകുമെന്നുമുള്ള ഉറച്ച വിശ്വാസത്തിലാണ് സിപിഎം. എന്നാല്‍ സിപിഎമ്മിനുള്ളിലെ ആഭ്യന്തരപ്രശ്‌നങ്ങള്‍ മുതലെടുത്ത് അട്ടിമറി വിജയം കൈവരിക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ്.
ഇതിനുവേണ്ടി എണ്ണയിട്ട യന്ത്രംപോലെ യുഡിഎഫ് സംവിധാനം പ്രവര്‍ത്തനക്ഷമമാണെന്നും യുഡിഎഫ് കേന്ദ്രങ്ങള്‍ പറയുന്നു.
മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റിയിലും ‘രണം പ്രവചനാതീതമാകും. എല്‍ഡിഎഫിനും യുഡിഎഫിനും ഒരുപോലെ വളക്കൂറുള്ള മണ്ണാണ് മണ്ണാര്‍ക്കാട്. സിപിഎമ്മിനെപോലെ തന്നെ സിപിഐയ്ക്കും മണ്ണാര്‍ക്കാട് നല്ല വേരോട്ടമുണ്ട്.
ഒറ്റക്കെട്ടായിനിന്ന് ഭരണം പിടിക്കാന്‍ എല്‍ഡിഎഫ് ശ്രമിക്കുമ്പോള്‍ ചെയര്‍മാന്‍ പദത്തില്‍ താണ മറ്റൊന്നും യുഡിഎഫും ആശിക്കുന്നില്ല. മുസ് ലീം ലീഗിന് നല്ല സ്വാധീനമുള്ള മേഖലകളാണ് മുനിസിപ്പാലിറ്റിയില്‍ പലയിടത്തുമെന്ന് നേതൃത്വം പറയുന്നു. സിപിഐ നേതാവും മുന്‍ ഡെപ്യൂട്ടി സ്പീക്കറുമായ ജോസ് ബേബി, കെപിസിസി സെക്രട്ടറി പി —ജെ പൗലോസ്, മുസ്ലിംലീഗ് നേതാവ് കല്ലടി മുഹമ്മദ് എന്നിവരുടെ തട്ടകമാണ് മണ്ണാര്‍ക്കാട്.

LEAVE A REPLY

Please enter your comment!
Please enter your name here