അനുഭവ സമ്പത്തില്‍ യു ഡി എഫ്, കൊങ്ങശ്ശേരിയുടെ പെരുമയുമായി എല്‍ ഡി എഫ്

Posted on: November 1, 2015 10:38 am | Last updated: November 1, 2015 at 10:38 am
SHARE

മണ്ണാര്‍ക്കാട്: അനുഭവ സമ്പത്തിന്റെ കരുത്തില്‍ യു ഡി എഫ് തെങ്കര ഡിവിഷന്‍ നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ പുതുമുഖത്തെ ഗോദയിലിറക്കി പിടിച്ചടക്കാനുള്ള ശ്രമത്തിലാണ് എല്‍ ഡി എഫ്, യു ഡി എഫിന് സ്വാധീനമുള്ള മേഖലയാണെങ്കിലും ഈ തിരെഞ്ഞടുപ്പില്‍ രൂപവും പേരും മാറി പുതിയ പഞ്ചായത്ത് മുനിസിപ്പാലിറ്റിയായതോടെയാണ് പഴയ മണ്ണാര്‍ക്കാട് ജില്ലാ പഞ്ചായത്ത് ഡിവിഷന് പകരം തെങ്കര രൂപം കൊണ്ടത്.
മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിലെ നാല് പയ്യനെടം, അഞ്ച് തെങ്കര,11 കൊറ്റിയോട്,12 ചങ്ങലിരീ, 13 അരിയൂര്‍, 14 ചെത്തല്ലൂര്‍ ഡിവിഷനുകള്‍ കൊള്ളുന്നതാണ് തെങ്കര ജില്ലാപഞ്ചായത്ത് ഡിവിഷന്‍. യു ഡി എഫിന്റെ ശക്തികേന്ദ്രമാണ് മേഖല. ബ്ലോക്ക് പഞ്ചായത്തും ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ പരിധിയിലെ കോട്ടോപ്പാടം, കുമരംപുത്തൂര്‍, തച്ചനാട്ടുകര, തെങ്കര, കാഞ്ഞിരപ്പുഴ പഞ്ചായത്തുകളെല്ലാം യു ഡി എഫ് ഭരണത്തിലാണെന്നത് യു ഡി എഫിന് ആത്മവിശ്വാസം നല്‍കുമ്പോള്‍ മണ്ണാര്‍ക്കാട് മുന്‍സിപ്പാലിറ്റിയായതോടെ ഡിവിഷനില്‍ വന്ന ഘടനാപരമായ മാറ്റം അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് എല്‍ ഡി എഫ്, യു ഡി എഫില്‍ കത്തി പടര്‍ന്നിരിക്കുന്ന വിഭാഗീയതയും വിമതശല്യവും എല്‍ ഡി എഫിന്റെ വിശ്വാസത്തിന് ഇരട്ടിയാക്കുകയും ചെയ്യുന്നുണ്ട്. കോട്ടോപ്പാടം പഞ്ചായത്തില്‍ രണ്ട് തവണഅംഗമായിരുന്ന വനിതാ ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയായ കെ എം സാലിഹടീച്ചറാണ് യു ഡി എഫ് സ്ഥാനാര്‍ഥി. കോട്ടോപ്പാടം 17ാം വാര്‍ഡില്‍ രണ്ട് തവണ മെമ്പറായ സ്വാലിഹ കാട്ടുകുളം എ എല്‍ പി എസിലെ അധ്യാപികയാണ്.
സി പി ഐയുടെ അനിഷേധ്യ നേതാവായിരുന്ന സഖാവ് കൊങ്ങശേരിയുടെ പേരമകളായ സീമയാണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥി.പുതുമുഖമാണെങ്കിലും രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബാംഗമാണ് പൊമ്പ്ര പി പി ടി എം എച്ച് എസിലെ അധ്യാപികയായ സീമക്ക് വിജയപ്രതീക്ഷക്ക് ആക്കം കൂട്ടുകയാണ്. തെങ്കര ഡിവിഷനില്‍ ബി ജെ പി മത്സരത്തിറക്കുന്നത് സി പി എമ്മില്‍ പയറ്റി തെളിഞ്ഞ സ്മിതയെയാണ്. അഗളി ഒമ്മല വാര്‍ഡില്‍ നിന്നും 2005-10 കാലത്ത് മെമ്പറായിരുന്ന സ്മിത സി പി എമ്മില്‍ നിന്ന് രാജിവെച്ചാണ് ബി ജെ പിയില്‍ചേര്‍ന്നത്. തെങ്കര ഡിവിഷനില്‍ മേല്‍ക്കൈ നിലനിര്‍ത്താന്‍ യു ഡി എഫ് ശ്രമിക്കുമ്പോള്‍ പിടിച്ചെടുക്കാനുള്ള പരിശ്രമത്തിലാണ് എല്‍ ഡി എഫ്, ഇരുമുന്നണികള്‍ക്കൊപ്പം ബി ജെ പിയും ശക്തമായി രംഗത്തുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here