തീരദേശം പിടിക്കാന്‍ വനിതാ പോരാട്ടം; 12 വാര്‍ഡിലും വനിതകള്‍

Posted on: November 1, 2015 10:36 am | Last updated: November 1, 2015 at 10:36 am
SHARE

തിരൂര്‍: വനിതകള്‍ തമ്മിലുള്ള കനത്ത പോരാട്ടത്തിന് വേദിയായിരിക്കുകയാണ് ഇത്തവണ തീരൂരിന്റെ തീരപ്രരദേശം. വനിതാ സംവരണം വന്നതോടെ തീരദേശത്തെ പകുതിയിലധികം വാര്‍ഡുകളും വനിതാസംവരണമായി. പുറത്തൂര്‍, മംഗലം, വെട്ടം പഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്നതാണ് തിരൂരിന്റെ കടലോരം. പടിഞ്ഞാറെക്കര അഴിമുഖം മുതല്‍ പറവണ്ണ ആലിന്‍ചുവട് വരെയുള്ള തീരദേശ പ്രദേശങ്ങളില്‍ 12 വാര്‍ഡുകളില്‍ വനിതാ സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. പ്രചരണത്തിന്റെ അവസാനഘട്ടത്തില്‍ തീരദേശം കൈപിടിയിലൊതുക്കാനുള്ള നെട്ടോട്ടത്തിലാണ് ഇടത്, വലത് മുന്നണികള്‍.
പതിറ്റാണ്ടുകളായി പുരുഷ മേധാവിത്വമുണ്ടായിരുന്ന തീരദേശ വാര്‍ഡുകളില്‍ ഇതാദ്യമായാണ് ഇത്രയേറെ വനിതകള്‍ മത്സരിക്കുന്നത്. പത്രികാ സമര്‍പ്പണത്തിന്റെ അവസാനഘട്ടത്തിലായിരുന്നു വനിതാ സ്ഥാനാര്‍ഥികള്‍ അധികവും മത്സര രംഗത്തുറച്ചത്. സ്ഥാനാര്‍ഥികളുടെ ചിത്രം തെളിഞ്ഞെങ്കിലും മൂന്നാം ഘട്ട പ്രചാരണത്തോടെയാണ് തീരദേശത്തെ തിരഞ്ഞെടുപ്പ് രംഗം കനത്തത്. യു ഡി എഫിന്റെ സിറ്റിംഗ് സീറ്റുകളാണ് വനിതകള്‍ മത്സരിക്കുന്ന ഭൂരിപക്ഷ വാര്‍ഡുകളും. എന്നാല്‍ ശക്തമായ മത്സരത്തിലൂടെ വാര്‍ഡ് തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് ഇടതുപക്ഷം.
പുറത്തൂര്‍ പഞ്ചായത്ത് പത്തൊമ്പതാം വാര്‍ഡ് നായര്‍തോടില്‍ ഇടതുപക്ഷത്തിന്റെ സിറ്റിംങ് സീറ്റ് തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് യു ഡി എഫ് എന്നാല്‍ പാര്‍ട്ടിക്കു പുറത്തുള്ള വോട്ടുകള്‍ കൂടി ലക്ഷ്യമിട്ട് സി പി എം സതന്ത്ര സ്ഥാനാര്‍ഥിയെയാണ് ഇറക്കിയിട്ടുള്ളത്. മംഗലം പഞ്ചായത്തിലെ 1, 18, 19, 20 വാര്‍ഡുകളിലാണ് വനിതാ പോരാട്ടം നടക്കുന്നത്. ലീഗിന് മേല്‍കൈയുള്ള പ്രദേശങ്ങളാണിവ. ഒന്നാം വാര്‍ഡ് ആശാന്‍പടിയില്‍ കനത്ത ത്രികോണ മത്സരമാണ് നടക്കുന്നത്. സി പി എം, ലീഗ്, എസ് ഡി പി ഐ സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്.
എസ് ഡി പി ഐ സ്ഥാനാര്‍ത്ഥി ലീഗ് കോട്ടയില്‍ വിള്ളലുണ്ടാക്കുന്നതോടെ സി പി എമ്മിന് നേട്ടമുണ്ടാകുമെന്ന പ്രതീക്ഷയിലാണ്. മംഗലം പഞ്ചായത്ത് 20 കൂട്ടായി നോര്‍ത്ത്, 18 അരയന്‍ കടപ്പുറം എന്നീ വാര്‍ഡുകള്‍ യു ഡി എഫിന് സാധ്യത പറയുന്നു. എന്നാല്‍ 18ല്‍ എല്‍ ഡി എഫ് പ്രതീക്ഷ വെക്കുന്നുണ്ടെങ്കിലും സ്ഥാനാര്‍ഥി പ്രചരണത്തിനിറങ്ങാത്തത് തിരിച്ചടിയായിട്ടുണ്ട്. നേരത്തെ ലീഗില്‍ വിഭാഗീയത നിലനിന്നിരുന്ന ഈ വാര്‍ഡുകളില്‍ അടിയൊഴുക്കുകള്‍ക്കും സാധ്യതയുണ്ട്.
വെട്ടം പാഞ്ചായത്തിന്റെ തീരപ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ വനിതകള്‍ മത്സരിക്കുന്നത്. 1,2, 15, 16, 17, 18, 19 വാര്‍ഡുകളാണിവ. ആദ്യമായാണ് വെട്ടം പഞ്ചായത്തിന്റെ മുഴുവന്‍ തീരദേശ വാര്‍ഡുകളും വനിതാ സംവരണമാകുന്നത്. വേറിട്ട മത്സരം നടക്കുന്നതും വെട്ടം പഞ്ചായത്തിലാണ്. തീരദേശത്തെ 15-ാം വാര്‍ഡ് എല്‍.ഡി.എഫ് സിറ്റംങ് സീറ്റും മറ്റു ആറ് സീറ്റുകള്‍ യു ഡി.എഫ് വര്‍ഷങ്ങളായി നിലനിര്‍ത്തുന്നതാണ്.
പഞ്ചായത്തില്‍ ഇത്തവണ ഇടതുമുന്നണി സംവിധാനം ഇല്ലാതെ സി പി എം, സി പി ഐ നേര്‍ക്കുനേര്‍ മത്സര രംഗത്തുണ്ട്. ഇതോടെ മിക്ക പ്രദേശങ്ങളിലും ത്രികോണ, ചുതുര്‍കോണ മത്സരങ്ങളാണ് നടക്കുന്നത്. ഒന്നാം വാര്‍ഡില്‍ ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി സി പി എമ്മിന്റെ ടി പി നസീറ മത്സരിക്കുന്നു.
രണ്ടാം വാര്‍ഡില്‍ ജില്ലാ പഞ്ചായത്തംഗവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ മെഹറുന്നിസയാണ് ലീഗിനു വേണ്ടി മത്സര രംഗത്തുള്ളത്. എന്നാല്‍ എതിരാളിയായി ജമാഅത്തേ ഇസ്ലാമിയുടെ സ്ഥാനാര്‍ഥി ഇടതിനു വേണ്ടി മത്സരിക്കുന്നത് ഇവിടെ വിവാദമായി നിലനില്‍ക്കുന്നു. തീരദേശ വാര്‍ഡുകള്‍ തിരിച്ചു പിടിക്കാനുള്ള പുതിയ തന്ത്രങ്ങളുമായി പ്രചാരണം ചൂടുപിടിപ്പിക്കാനാണ് സി പി എം, സി പി ഐ പാര്‍ട്ടികളുടെ തീരുമാനം. അതേസമയം ഇടതു പാളയത്തിലെ ഭിന്നിപ്പ് മുതലെടുത്ത് വെട്ടത്തിന്റെ തീരദേശത്ത് ഭൂരിപക്ഷം വര്‍ധിപ്പിക്കുകയാണ് യു ഡി എഫ് ലക്ഷ്യം.
കടലോര മേഖലയിലെ 12 വാര്‍ഡുകള്‍ക്കു പുറമെ തീരദേശ പഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്ന ജില്ലാപഞ്ചായത്ത് മംഗലം ഡിവിഷനിലും വനിതകള്‍ തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here