വെള്ളുവങ്ങാട്ട് സ്ത്രീ – പുരുഷ പോര് മുറുകുന്നു

Posted on: November 1, 2015 10:33 am | Last updated: November 1, 2015 at 10:35 am
SHARE

മഞ്ചേരി: പാണ്ടിക്കാട് ഗ്രാമപഞ്ചായത്തിലെ 23-ാം വാര്‍ഡ് വെള്ളുവങ്ങാടില്‍ സിറ്റിംഗ് വനിതാ അംഗവും മുന്‍ അംഗവും നേര്‍ക്കു നേര്‍. ലീഗ് സ്വതന്ത്ര സ്ഥാനാര്‍ഥിയായ ആയിശുമ്മയും സി പി എം സ്വതന്ത്ര സ്ഥാനാര്‍ഥിയായ അബ്ദുപ്പയുമാണ് ഇവിടെ അങ്കം കുറിച്ചിരിക്കുന്നത്. വീട്ടമ്മമാരുടെ വോട്ടുകളില്‍ കണ്ണുനട്ട് ആയിശുമ്മ ബക്കറ്റ് ചിഹ്നമായി തിരഞ്ഞെടുത്തപ്പോള്‍ കാല്‍പ്പന്തുകളി ഹരമായി ഏറ്റെടുത്ത പുരുഷ വോട്ടര്‍മാരുടെ പിന്തുണയില്ലാതെ വിജയം നേടാനാവില്ലെന്ന് മനസിലാക്കിയ അബ്ദുപ്പ തെരഞ്ഞെടുത്തത് ഫുട്‌ബോള്‍ ചിഹ്നമാണ്. ഇതേവാര്‍ഡില്‍ നിന്നു തന്നെയാണ് ഇരുവരും നേരത്തെ തിരഞ്ഞെടുക്കപ്പെട്ടത് എന്നതും മത്സരത്തിന്റെ മാറ്റ് കൂട്ടുന്നു. ഏറ്റവും വലിയ പഞ്ചായത്തുകളിലൊന്നായ പാണ്ടിക്കാട് 23 വാര്‍ഡുകളുണ്ട്. പാണ്ടിക്കാട് പഞ്ചായത്തില്‍ നിന്നും അടര്‍ത്തിയെടുത്ത് ചെമ്പ്രശ്ശേരി പഞ്ചായത്ത് രൂപവല്‍ക്കരിക്കണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നുവെങ്കിലും നടന്നില്ല. 23ാം വാര്‍ഡായ തമ്പാനങ്ങാടിയിലെ മത്സരമാണ് ജില്ല ഉറ്റുനോക്കുന്ന മറ്റൊരു മത്സരം. ശക്തമായ ത്രികോണ മത്സരമാണ് ഇവിടെ അരങ്ങേറുന്നത്. സദഖത്തുള്ള കോണ്‍ഗ്രസ്സിന്റെ കൈപ്പത്തി ചിഹ്നത്തിലും അബ്ദുല്‍ ജബ്ബാര്‍ സിപിഎമ്മിനു വേണ്ടി ചുറ്റിക അരിവാള്‍ നക്ഷത്രം ചിഹ്നത്തിലും മത്സരിക്കുമ്പോള്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം മണ്ഡലത്തില്‍ നിന്നും മത്സരിച്ച അഡ്വ. എന്‍ ശ്രീ പ്രകാശാണ് ബി ജെ പി സ്ഥാനാര്‍ത്ഥി.

LEAVE A REPLY

Please enter your comment!
Please enter your name here