Connect with us

Kozhikode

ആവേശം വാനോളമുയര്‍ത്തി കൊട്ടിക്കലാശം

Published

|

Last Updated

കോഴിക്കോട്‌: നാടിനെ ഇളക്കിമറിച്ച മുദ്രാവാക്യങ്ങള്‍, സ്ഥാനാര്‍ഥികളെയും പാര്‍ട്ടി നേതാക്കളെയും പുകഴ്ത്തിയുള്ള പാരഡി ഗാനങ്ങള്‍, പ്രവര്‍ത്തകരുടെ വികാര പ്രകടനങ്ങള്‍……..തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശം ചോരാതെ ത്രസിപ്പിക്കുന്ന കൊട്ടിക്കലാശത്തിന് ഇന്നലെ നാടും നഗരവും സാക്ഷ്യംനിന്നു.
ഇന്നലെ രാവിലെ മുതല്‍ തന്നെ എല്‍ ഡി എഫ്, യു ഡി എഫ്, ബി ജെ പി സ്ഥാനാര്‍ഥികള്‍ക്ക് വോട്ടഭ്യര്‍ഥിച്ച് നൂറുകണക്കിന് വാഹനങ്ങള്‍ പ്രദക്ഷിണം ആരംഭിച്ചിരുന്നു. റോഡുകളിലും ഊടുവഴികളിലുമെല്ലാം പ്രചാരണ വാഹനങ്ങള്‍ ഒഴുകിനിറഞ്ഞു. കൊടികള്‍ പാറിപ്പറന്നു. പാട്ടും മേളവും മുദ്രാവാക്യങ്ങളും അലയടിച്ചു. പലയിടത്തും അവസാനവട്ട പ്രചാരണം ഗതാഗതതടസമുണ്ടാക്കി. പലയിടത്തും കൊട്ടിക്കലാശം ഒഴിവാക്കാന്‍ നേരത്തേ അതാതിടത്തെ സര്‍വകക്ഷി നേതൃത്വവുമായി പോലീസ് ധാരണയിലെത്തിയിരുന്നു.
ഇതുകാരണം ചെറിയ പട്ടണങ്ങളില്‍ പഴയപോലെ കൊട്ടിക്കലാശത്തിന്റെ ആവേശം ഉണ്ടായിരുന്നില്ല. ഈ ആവേശംകൂടി ഗ്രാമപ്രദേശങ്ങള്‍ ഏറ്റുവാങ്ങി. കടലുണ്ടി മണ്ണൂര്‍ വളവിലും ഫറോക്കിലും കൊട്ടിക്കലാാശത്തിനിടെ എല്‍ ഡി എഫ്, ബി ജെ പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. പോലീസ് ഇടപെട്ട് സംഘര്‍ഷം ഒഴിവാക്കി.
മടവൂര്‍ പൈമ്പാലശ്ശേരിയിലും ഇരു മുന്നണികള്‍ തമ്മിലുള്ള സംഘര്‍ഷ സാധ്യത പോലീസ് ഇടപെട്ട് ഒഴിവാക്കി. കൊടുവള്ളിയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പ് കൊട്ടിക്കലാശം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നതിനാല്‍ പോലീസ് ശക്തമായ മുന്‍കരുതല്‍ എടുത്തിരുന്നു. ജനപക്ഷ മുന്നണി മിനിസിപ്പാലിറ്റി ഡിവിഷനുകള്‍ കേന്ദ്രീകരിച്ചും യു ഡി എഫ് കൊടുവള്ളി ടൗണ്‍ കേന്ദ്രീകരിച്ചുമാണ് കൊട്ടിക്കലാശം നടത്തിയത്. മുക്കം മേഖലയിലെ നെല്ലിക്കാപറമ്പില്‍ എല്‍ ഡി എഫ്, യു ഡി എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി. എല്‍ ഡി എഫ് അനൗണ്‍സറെ യു ഡി എഫ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തതായി മുക്കം പോലീസില്‍ പരാതി നല്‍കി.
ചുള്ളിക്കാപറമ്പില്‍ പാര്‍ട്ടികള്‍ തമ്മിലുള്ള ധാരണകള്‍ ലംഘിച്ച് യു ഡി എഫ് കലാശക്കൊട്ട് നടത്തിയെന്നാരോപിച്ച് ഇരു മുന്നണികള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. നാദാപുരം മേഖലയില്‍ പലയിടത്തും യു ഡി എഫ്, എല്‍ ഡി എഫ്, ബി ജെ പി പ്രവര്‍ത്തകര്‍ പലപ്പോഴും മുഖാമുഖം എത്തിയപ്പോള്‍ നേതാക്കളും പോലീസും ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. എങ്ങും അനിഷ്ട സംഭവങ്ങളില്ല.

Latest