Connect with us

Kozhikode

കൊടുവള്ളി മേഖലയില്‍ യു ഡി എഫ് വിയര്‍ക്കും

Published

|

Last Updated

കൊടുവള്ളി: തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കുമ്പോഴും കൊടുവള്ളി മുനിസിപ്പാലിറ്റിയിലും മടവൂര്‍, കിഴക്കോത്ത് ഗ്രാമപഞ്ചായത്തുകളിലും റിബലുകളും സ്വതന്ത്രന്മാരും മുന്നണികള്‍ക്ക് ഭീഷണിയായി അവശേഷിക്കുന്നു.
മുനിസിപ്പാലിറ്റി വാവാട് ഡിവിഷനില്‍ ലീഗിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥി മൈമൂനയുടെ സാധ്യതക്ക് മങ്ങലേല്‍പ്പിക്കാന്‍ മറ്റൊരു ലീഗ് പ്രവര്‍ത്തക രംഗത്തുണ്ട്.
മൈമൂനയുടെ ഭര്‍ത്താവിന്റെ സഹോദരന്റെ ഭാര്യയും നിലവില്‍ മെമ്പറുമായിരുന്ന സല്‍മ അസിയെ പിന്തിരിപ്പിക്കാന്‍ ലീഗ് നേതൃത്വത്തിന് സാധിച്ചിട്ടില്ല. കൊടുവള്ളി ഈസ്റ്റ് ഡിവിഷനില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി കെ ശിവദാസന്‍ മത്സരിക്കുമ്പോള്‍ തന്നെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി എം ഗോപാലന്‍ പാര്‍ട്ടിയുടെ ചിഹ്നത്തില്‍ തന്നെ രംഗത്തുണ്ട്. ഇവിടെയും രണ്ടിലൊരാളെ പിന്‍വലിക്കാന്‍ മുന്നണിക്ക് സാധിച്ചിട്ടില്ല.
കിഴക്കോത്ത് പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ യു ഡി എഫ് സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ കെ കെ ആലി മാസ്റ്റര്‍ക്കെതിരെ മുസ്ലിംലീഗിലെ ടി പി ഇബ്രാഹിമും രംഗത്തുണ്ട്. കൊടുവള്ളി മുനിസിപ്പാലിറ്റിയിലും സമീപ പഞ്ചായത്തുകളിലുമൊക്കെ യു ഡി എഫില്‍ അവശേഷിക്കുന്ന പ്രശ്‌നങ്ങള്‍ തങ്ങള്‍ക്ക് അനുകൂല വോട്ടാക്കി മാറ്റാന്‍ കഴിഞ്ഞാല്‍ ഈ മേഖലയില്‍ എല്‍ ഡി എഫിന്റെ അപ്രതീക്ഷിത മുന്നേറ്റത്തിന് സാധ്യതയുണ്ട്.
അതേസമയം, എല്‍ ഡി എഫിന് മുന്നിലും കീറാമുട്ടിയായി ചില പ്രതിസന്ധികള്‍ അവശേഷിക്കുന്നു.
യു ഡി എഫിലെ പോലെ അത് റിബല്‍ ശല്യമോ ഘടകകക്ഷികള്‍ തമ്മിലുള്ള പടലപ്പിണക്കമോ അല്ല എല്‍ ഡി എഫിലുള്ളത്. വെളിയിലുള്ള ചില പ്രസ്ഥാനങ്ങളും സ്ഥാനാര്‍ഥികളുമായുള്ള ബന്ധം ചിലയിടങ്ങളിലെങ്കിലും എല്‍ ഡി എഫിന് പാരയായി മാറിക്കൂടായ്കയില്ലെന്നും രഹസ്യമാക്കി മുന്നണി ചര്‍ച്ചചെയ്യുന്നു.
ഈ ബന്ധങ്ങളെ സി പി എമ്മിന്റെ ആശയപാപ്പരത്തമായി യു ഡി എഫും ബി ജെ പിയുമൊക്കെ ചിത്രീകരിക്കുന്ന സാഹചര്യത്തില്‍ ജനവിധി കണ്ടറിയേണ്ടിവരും.