പോസ്റ്റല്‍ ബാലറ്റില്‍ സ്ഥാനാര്‍ഥിയുടെ ചിഹ്നം അച്ചടിച്ചതില്‍ പിശക്

Posted on: November 1, 2015 10:28 am | Last updated: November 1, 2015 at 10:28 am
SHARE

താമരശ്ശേരി: പോസ്റ്റല്‍ ബാലറ്റില്‍ സ്ഥാനാര്‍ഥിയുടെ ചിഹ്നം അച്ചടിച്ചതില്‍ പിശക്. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിലേക്ക് കോളിക്കല്‍ ഡിവിഷനില്‍നിന്നും മത്സരിക്കുന്ന എല്‍ ഡി എഫ് സ്ഥാനാര്‍ഥി നബീസ കുഞ്ഞിമരക്കാരിന്റെ ചിഹ്നമാണ് തെറ്റായി അച്ചടിച്ചത്. ഇവര്‍ക്ക് അനുവധിച്ച ചിഹ്നം തുലാസാണ്. എന്നാല്‍ പോസ്റ്റല്‍ ബാലറ്റില്‍ ഗ്ലാസാണ് പ്രിന്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെ കോളിക്കല്‍ ഡിവിഷനില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് ലഭിച്ചതോടെയാണ് പിശക് മനസ്സിലായത്. വിവരം റിട്ടേണിംഗ് ഓഫീസറായ ജില്ലാ സപ്ലൈ ഓഫീസര്‍ രവീന്ദ്രനെ അറിയിക്കുകയും വൈകിട്ടോടെ പുതിയ ബാലറ്റ് പ്രിന്റ് ചെയ്യുകയും ചെയ്തു. 31 ഉദ്യോഗസ്ഥര്‍ക്കാണ് കോളിക്കല്‍ ഡിവിഷനില്‍ പോസ്റ്റല്‍ ബാലറ്റ് വിതരണം ചെയ്തത്. റിട്ടേണിംഗ് ഓഫീസറുടെ നേതൃത്വത്തില്‍ രാത്രിയോടെ ഉദ്യോഗസ്ഥരുടെ വീടുകളിലെത്തിയാണ് പുതിയ പോസ്റ്റല്‍ ബാലറ്റ് വിതരണം ചെയ്തത്.