Connect with us

Ongoing News

വീണ്ടും ഡിവില്ലിയേഴ്‌സ്; സന്നാഹം സമനില

Published

|

Last Updated

മുംബൈ: ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവന്‍- ദക്ഷിണാഫ്രിക്ക ദ്വിദിന സന്നാഹ മത്സരം സമനിലയില്‍ അവസാനിച്ചു. ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 296 റണ്‍സിന് മറുപടിയായി ദക്ഷിണാഫ്രിക്ക 302 റണ്‍സെടുത്ത് എല്ലാവരും പുറത്തായി. രണ്ടാം ഇന്നിംഗ്‌സില്‍ ബോര്‍ഡ് പ്രസിഡന്റ് ഇലവന്‍ വിക്കറ്റ് നഷ്ടപ്പെടാതെ 92 റണ്‍സെടുത്ത് നില്‍ക്കെ മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. ക്യാപ്റ്റന്‍ എ ബി ഡിവില്ലിയേഴ്‌സിന്റെ (112) സെഞ്ച്വറി പ്രകടനമാണ് ബാറ്റിംഗ് തകര്‍ച്ച നേരിട്ട ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്‌സിന് കരുത്തേകിയത്. ബോര്‍ഡ് ഇലവനായി ഷാര്‍ദുല്‍ താക്കൂര്‍ ഉജ്ജ്വലമായി പന്തെറിഞ്ഞതോടെ ദക്ഷിണാഫ്രിക്ക പരുങ്ങി. രണ്ട് വിക്കറ്റിന് 46 എന്ന നിലയില്‍ രണ്ടാം ദിനം കളി തുടര്‍ന്ന ദക്ഷിണാഫ്രിക്കക്ക് ഡുപ്ലെസിസിലൂടെ (നാല്) മൂന്നാം വിക്കറ്റ് വേഗത്തില്‍ നഷ്ടമായി. താക്കൂറിന്റെ പന്തില്‍ എല്‍ ബി. തൊട്ടുപിന്നാലെ ഹഷിം അംലയെ (നാല്) താക്കൂര്‍ കരുണ്‍ നായരുടെ കൈകളിലെത്തിച്ചു. ഓപണര്‍ ഡീന്‍ എല്‍ഗാറി (23) നെ മടക്കി നാഥു സിംഗ് ബോര്‍ഡ് ഇലവന് മുന്‍തൂക്കം നേടിക്കൊടുത്തു. 15.5 ഓവറില്‍ 57ന് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായ ദക്ഷിണാഫ്രിക്ക തകര്‍ച്ചയെ നേരിട്ടു. എന്നാല്‍ പിന്നീടെത്തിയ ഡിവില്ലിയേഴ്‌സ് ഇന്ത്യക്കെതിരായ അവസാന ഏകദിനത്തില്‍ നിര്‍ത്തിയിടത്ത് നിന്ന് തുടങ്ങുകയായിരുന്നു. 131 പന്തില്‍ 18 ബൗണ്ടറിയടിച്ചാണ് ഡിവില്ലിയേഴ്‌സ് 112 റണ്‍സെടിച്ചത്. ഏഴാം വിക്കറ്റില്‍ ഡിവില്ലിയേഴ്‌സും ഡെയ്ന്‍ വിലാസും ചേര്‍ന്ന് 115 രണ്‍സ് കൂട്ടിച്ചേര്‍ത്തു. 54 റണ്‍സെടുത്ത വിലാസും 37 റണ്‍സെടുത്ത ഡെയ്ല്‍ സ്റ്റെയിനും മികച്ച പ്രകടനം പുറത്തെടുത്തതോടെ ദക്ഷിണാഫ്രിക്കക്ക് ലീഡിലേക്ക് നീങ്ങി. 28 പന്തില്‍ നിന്ന് ആറ് ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടുന്നതാണ് സ്‌റ്റെയ്‌ന്റെ ഇന്നിംഗ്‌സ്. ബോര്‍ഡ് ഇലവനായി ഷാര്‍ദുല്‍ താക്കൂര്‍ നാലും ജയന്ത് യാദവ്, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി. രണ്ടാം ഇന്നിംഗ്‌സില്‍ കളിയവസാനിക്കുമ്പോള്‍ 49 റണ്‍സുമായി ചേതേശ്വര്‍ പൂജാരയും 43 റണ്‍സെടുത്ത ലോകേഷ് രാഹുലുമായിരുന്നു ക്രീസില്‍.