Connect with us

Ongoing News

സമനിലയില്‍ കുരുങ്ങി ബ്ലാസ്റ്റേഴ്‌സ്‌

Published

|

Last Updated

കൊച്ചി: പ്രതീക്ഷിച്ചതു പോലെ ട്രെവര്‍ മോര്‍ഗന് കീഴില്‍ കേരള ബ്ലാസ്റ്റേഴ്‌സ് അടിമുടി മാറി! പക്ഷേ, ജയം മാത്രം പിണങ്ങി നില്‍ക്കുന്നു. ചെന്നൈയിന്‍ എഫ് സിക്കെതിരെ ഒരു ഗോളിന് പിറകില്‍ നിന്ന ശേഷം ഗംഭീരമായി തിരിച്ചു വന്ന കേരള ബ്ലാസ്റ്റേഴ്‌സിന് സമനില (1-1). എലാനോ (34) സന്ദര്‍ശകര്‍ക്കായി ലക്ഷ്യം കണ്ടപ്പോള്‍ രണ്ടാം പകുതിയുടെ ആദ്യ മിനുട്ടില്‍ ക്രിസ് ഡാഗ്നല്‍ ബ്ലാസ്റ്റേഴ്‌സിനായി ത്രസിപ്പിക്കുന്ന സമനില സമ്മാനിച്ചു. എഴുപത്തഞ്ചാം മിനുട്ടില്‍ മിഡ്ഫീല്‍ഡര്‍ ബ്രൂണോ പെറോണ്‍ ചുവപ്പ് കാര്‍ഡ് കണ്ടതാണ് ബ്ലാസ്റ്റേഴ്‌സിന്റെ പോരാട്ടവീര്യം കെടുത്തിയത്. ഇതോടെ, സ്‌ട്രൈക്കറായ റാഫിയെ പിന്‍വലിച്ച് മിഡ്ഫീല്‍ഡര്‍ ഇഷ്ഫാഖ് അഹമ്മദിനെ മോര്‍ഗന് കളത്തിലിറക്കേണ്ടി വന്നു. ഇഷ്ഫാഖ് മികച്ചൊരു ഗോള്‍ ക്ലിയറിംഗിലൂടെ കോച്ചിന്റെ തീരുമാനം ശരിവെക്കുകയും ചെയ്തു. സമനില ഗോള്‍ നേടിയ ക്രിസ് ഡാഗ്നലാണ് ഹീറോ ഓഫ് ദ മാച്ച്. ഐ എസ് എല്ലില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് അഞ്ച് പോയിന്റുമായി ഏറ്റവും പിറകിലുള്ള ബ്ലാസ്റ്റേഴ്‌സിന് അവശേഷിക്കുന്ന ഏഴ് മത്സരങ്ങളും നിര്‍ണായകം. ബ്ലാസ്റ്റേഴ്‌സിന് അടുത്തത് പൂനെ എഫ് സി, അത്‌ലറ്റിക്കോ മാഡ്രിഡ് ടീമുകള്‍ക്കെതിരെ ഹോം ഗ്രൗണ്ട് മാച്ചുകളാണ് എന്നത് പ്രതീക്ഷയാണ്. ഏഴ് മത്സരങ്ങളില്‍ പത്ത് പോയിന്റുള്ള ചെന്നൈയിന്‍ എഫ് സി അഞ്ചാം സ്ഥാനത്താണ്.

വിവാദ പെനാല്‍റ്റിയില്‍
ചെന്നൈ!
ബോക്‌സിനുള്ളില്‍ മെന്‍ഡോസയും ജിംഗാനും പന്ത് പിടിച്ചെടുക്കാനുള്ള ശ്രമത്തില്‍ മെന്‍ഡോസ വീണു. ബുദ്ധിമാനായ സ്‌ട്രൈക്കറുടെ അടവില്‍ ജിംഗാനും റഫറിയും വീണു ! പെനാല്‍റ്റിക്കുള്ള കുറ്റമൊന്നും ജിംഗാന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നില്ല. ബ്ലാസ്റ്റേഴ്‌സ് പ്രതിഷേധിച്ചു. കിക്കെടുത്ത എലാനോക്ക് പിഴച്ചില്ല. ഗോളി ബൈവാട്ടറുടെ ഇടത് ഭാഗത്തേക്ക് ക്ലീന്‍ ഷോട്ട്. ബൈവാട്ടര്‍ ചാടിയത് വലത്തോട്ടും.

ത്രസിപ്പിക്കുന്ന
ഗോളില്‍ ബ്ലാസ്റ്റേഴ്‌സ്!
രണ്ടാം പകുതിയുടെ കിക്കോഫില്‍ നിന്ന് ഗോള്‍ പിറിക്കുന്നു. ഇടത് വിംഗിലൂടെ കുതിച്ച് സൗമിക് നല്‍കിയ ക്രോസ് ക്രിസ് ഡാഗ്നല്‍ നിര്‍ഭയം ഹെഡ് ചെയ്തപ്പോള്‍ സ്റ്റേഡിയമാണ് കുലുങ്ങിയത്. ഈ ഗോള്‍ ബ്ലാസ്റ്റേഴ്‌സിന് നല്‍കിയ ഊര്‍ജം ചില്ലറയായിരുന്നില്ല. ചെന്നൈയിനെ വിറപ്പിക്കുകയായിരുന്നു പിന്നെ കേരള ടീം. കോയിമ്പ്രക്ക് പകരമെത്തിയ ജോസുവും സാഞ്ചസ് വാട്ടും തകര്‍ത്തു കളിച്ചു. ജോസുവിന്റെ ഫ്രീകിക്കുകള്‍ എതിര്‍ഗോള്‍മുഖം വിറപ്പിച്ചു.

പെനാല്‍റ്റി പാഴാക്കി
ജോസു
അമ്പത്തൊന്നാം മിനുട്ടില്‍ കേരളത്തിന് ലീഡ് നേടാനുളള അവസരം പെനാല്‍റ്റിയുടെ രൂപത്തില്‍. പീറ്റര്‍ റമഗെയെ ചെന്നൈ ഡിഫന്‍ഡര്‍ വീഴ്ത്തിയതിനായിരുന്നു ഇത്.
പെനാല്‍റ്റി ലഭിക്കാന്‍ മാത്രമുള്ള ഫൗള്‍ ഇവിടെയും നടന്നില്ലെന്നതാണ് രസകരം. കിക്കെടുത്ത ജോസുവിന് പിഴച്ചു. ഗോളി കരണ്‍ജിത് വലത്തോട്ട്ചാടി പന്ത്തട്ടി.

മോര്‍ഗന്റെ
ബ്ലാസ്റ്റേഴ്‌സ്
കൊള്ളാം !
ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ മനോഭാവം വിട്ട് ആക്രമിച്ചു കളിക്കാന്‍ തുനിഞ്ഞിറങ്ങി. നന്ദി ട്രെവര്‍ മോര്‍ഗന്‍ ! ഓരോ താരത്തിനും തന്റെ റോള്‍ എന്തെന്ന തിരിച്ചറിവ് ആദ്യമായി ലഭിച്ചത് പോലെ. വേഗതയും ഡ്രിബ്ലിംഗും സമന്വയിപ്പിക്കാന്‍ മിടുക്കുള്ള സാഞ്ചസ് വാട്ടിനെ മോര്‍ഗന്‍ പ്ലേ മേക്കര്‍ റോളില്‍ കൊണ്ടു വന്നു. വലിയൊരു മാറ്റമായി ഇത്. ആള്‍ റൗണ്ട് പ്രകടനമാണ് ഇംഗ്ലീഷ് താരം പുറത്തെടുത്തത്. കോയിമ്പ്രയും ബ്രൂണോയും സാഞ്ചസിലേക്ക് പന്തെത്തിക്കും. ഗോളിലേക്കുള്ള വഴി കണ്ടെത്തുക സാഞ്ചസിന്റെ ഡ്യൂട്ടിയായിരുന്നു. ക്രിസ് ഡാഗ്നലിനും റാഫിക്കും ത്രൂപാസുകള്‍ നല്‍കി സാഞ്ചസ് വാട്ട് പ്രതിരോധ നിരക്ക് തലവേദനയായി. ബ്രൂണോ പെറോണിന്റെ ലോംഗ് റേഞ്ചറിലൂടെ ആറാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സാണ് മത്സരത്തിന് ചൂട് പകര്‍ന്നത്.അതിന് ശേഷം ലോംഗ് റേഞ്ചറുകള്‍ക്ക് പകരം കുറിയ പാസുകളുമായി തുളച്ചു കയറാനാണ് മോര്‍ഗന്റെ സ്‌ക്വാഡ് പരിശ്രമിച്ചത്. ഒമ്പതാം മിനുട്ടില്‍ ചെന്നൈയിന്‍ പ്രതിരോധത്തെ ഉലയ്ക്കുന്ന നീക്കം കേരള ടീമിന്റെ ഭാഗത്ത് നിന്നുണ്ടായി. മത്സരത്തിലെ ആദ്യ സുവര്‍ണാവസരം അതായിരുന്നു. മധ്യഭാഗത്ത് നിന്ന് കോയിമ്പ്ര പന്ത് തട്ടിയെടുത്ത് കുതിച്ചു. ബോക്‌സിന്റെ വലത് ഭാഗത്തേക്ക് കയറിയ ഡാഗ്നലിന് പാസ്. ഉടന്‍ തന്നെ പന്ത് സാഞ്ചസിലേക്ക്. ഗോളി കരണ്‍ജിത്തിന്റെ ചാര്‍ജിംഗില്‍ ഗോള്‍ തലനാരിഴ വ്യത്യാസത്തില്‍ നഷ്ടമായി. സാഞ്ചസ് വാട്ടിന് നേരിയതോതില്‍ പരുക്കേറ്റെങ്കിലും പേടിക്കാനില്ലായിരുന്നു. ബ്ലാസ്റ്റേഴ്‌സിന്റെ ഗെയിംപ്ലാന്‍ മുഴുവന്‍ തലയിലേറ്റിയ സാഞ്ചസ് വാട്ട് തുടക്കത്തില്‍ തന്നെ കയറിയാല്‍ ചെന്നൈയിന് കാര്യങ്ങള്‍ എളുപ്പമാകുമായിരുന്നു. മെന്‍ഡോസ എന്ന അപകടകാരിയെ വരിഞ്ഞുമുറുക്കുവാന്‍ കോച്ച് മോര്‍ഗന്‍ ക്യാപ്റ്റന്‍ റമഗെയെയും ജിംഗാനെയും നിര്‍ത്തിയിരുന്നു. ഇടത് വിംഗില്‍ മലയാളി താരം സി കെ വിനീതായിരുന്നുവെങ്കില്‍ കുറേക്കൂടി അറ്റാക്കിംഗ് ഉറപ്പായിരുന്നു. സൗമിക് ആദ്യപകുതിയില്‍ നിറം മങ്ങിയെങ്കിലും രണ്ടാം പകുതിയില്‍ ഡാഗ്നലിന് ഗോളൊരുക്കിയ ഒരൊറ്റ ക്രോസില്‍ കൈയ്യടി നേടി. ആദ്യപകുതിയില്‍ സൗമിക്കിന്റെ ഒരു ക്രോസ് കരിയിലകിക്ക് പോലെ ഗോളിലേക്ക് താഴ്ന്നിറങ്ങിയതും, ക്രോസ് ബാറിലുരുമ്മി തെറിച്ചതും ആവേശമേകുന്നതായിരുന്നു. അതേ സമയം, നിരന്തരം വിംഗിലൂടെ തുളച്ച്കയറാന്‍ സൗമിക് അറച്ച് നിന്നു.

ഫിനിഷിംഗില്‍
പാളുന്നു…
അര്‍ധാവസരങ്ങളും സുവര്‍ണാവസരങ്ങളുമായി കേരളബ്ലാസ്റ്റേഴ്‌സ് പാഴാക്കിയതിന് കൈയ്യും കണക്കുമില്ല. ആദ്യപകുതിയില്‍ ഇടക്കിടെ ആയിരുന്നെങ്കില്‍ രണ്ടാം പകുതിയില്‍ ജോസു കുരിയാസിന്റെ തുടര്‍ ഫ്രീകിക്കുകളില്‍ മിനിറ്റുകളുടെ വ്യത്യാസത്തിനായിരുന്നു, ഈ പാഴാക്കല്‍. ഒമ്പതാം മിനുട്ടില്‍ സാഞ്ചസ് വാട്ടിനും മുപ്പതാം മിനുട്ടില്‍ ഡാഗ്നലിനും സുവര്‍ണാവസരം ലഭിച്ചു. ആദ്യത്തേത് കൂട്ടിയിടിയില്‍ കലാശിച്ചെങ്കില്‍ രണ്ടാമത്തേത് ഡാഗ്നലിന്റെ പ്രതിഭാദാരിദ്ര്യത്തില്‍ മുങ്ങിപ്പോയി. ജിംഗാന്റെ നീളന്‍ ഹെഡര്‍ കോയിമ്പ്ര പിടിച്ചെടുത്ത് ഹാഫ് ലൈനിന് പിറകില്‍ നിന്ന് ഡാഗ്നലിന് ത്രൂ പാസ് നല്‍കി. രണ്ട് പ്രതിരോധനിരക്കാര്‍ക്ക് നടുവിലൂടെ ഡാഗ്നല്‍ പന്തുമായി ബോക്‌സിലേക്ക് കയറവെ, പന്ത് കാലില്‍ നിന്ന് തെന്നി. പിറകിലേക്ക് തിരിഞ്ഞു നോക്കിയതാണ് അബദ്ധമായത്. രണ്ടാം പകുതിയില്‍ ജോസു കുരിയാസ് പെനാല്‍റ്റി പാഴാക്കിയത് ഉള്‍പ്പടെ നിരവധി അവസരങ്ങള്‍ നഷ്ടമായി. എങ്കിലും ഏറെ മാറ്റം വന്നിരിക്കുന്നുവെന്ന് പറയാം.

മൂന്ന് മാറ്റങ്ങളുമായി ടീമുകള്‍
കഴിഞ്ഞ മത്സരത്തില്‍ കളിച്ച ടീമില്‍ മൂന്ന് മാറ്റങ്ങള്‍ വരുത്തിയാണ് ചെന്നൈയിന്‍ കളത്തിലിറങ്ങിയത്. സ്‌ട്രൈക്കര്‍ ജെജെ, ഡിഫന്‍ഡര്‍മാരായ ലാല്‍മംഗസംഗ സേന റാല്‍റ്റെ, അലസാന്‍ഡ്രൊ പൊടെന്‍സ എന്നിവര്‍ ആദ്യലൈനപ്പില്‍ തിരിച്ചെത്തിയതാണ് മാറ്റം. ധന, ബെര്‍നാര്‍ഡ് മെന്‍ഡി, ജയേഷ് എന്നിവരെയാണ് പിന്‍വലിച്ചത്.
ബ്ലാസ്റ്റേഴ്‌സ്: ഇടത് വിംഗ് ബാക്കില്‍ സൗമിക്, മിഡ്ഫീല്‍ഡില്‍ ബ്രൂണോ പെറോണ്‍, പ്ലേ മേക്കറായി സാഞ്ചസ് വാട്ട് എന്നിവര്‍ ആദ്യ ഇലവനില്‍. ജോസു, മാര്‍കസ് വില്യംസ്, ശങ്കര്‍ സംപിന്‍ഗിരാജ് എന്നിവരാണ് ബെഞ്ചിലായത്.

ബ്ലാസ്റ്റേഴ്‌സ് 4-3-1-2

ഗോള്‍ വല കാത്തത് ബൈവാട്ടര്‍ തന്നെ. പ്രതിരോധത്തില്‍ ക്യാപ്റ്റന്‍ പീറ്റര്‍ റമഗെയും സന്ദേശ് ജിംഗനും സെന്റര്‍ ബാക്കില്‍. ലെഫ്റ്റ് ബാക്കായി സൗമിക്കും റൈറ്റ് ബാക്കായി രാഹുല്‍ ബെക്കെയും. കോയിമ്പ്ര, മെഹ്താബ് ഹുസൈന്‍, പെറോണ്‍ മിഡ്ഫീല്‍ഡില്‍ നിരന്നു. രണ്ട് സ്‌ട്രൈക്കര്‍മാരായ മുഹമ്മദ് റാഫിക്കും ക്രിസ് ഡാഗ്നനിലും പിറകിലായി പ്ലേ മേക്കറുടെ റോളില്‍ ആഴ്‌സണല്‍ അക്കാദമി താരം സാഞ്ചസ് വാട്ട്.
പ്രതിരോധവും മധ്യനിരയും ബലപ്പെടുത്തിക്കൊണ്ടുള്ള 4-4-1-1 ഫോര്‍മേഷനിലാണ് ചെന്നൈയിന്‍ എഫ് സി കൊച്ചിയിലെ തട്ടകത്തിലിറങ്ങിയത്. കരണ്‍ജിത് ഗോള്‍ വല കാത്തു. റാല്‍റ്റെ, പൊട്ടെന്‍സ, മെയില്‍സന്‍, മെഹ്‌റാജൂദീന്‍ വദൂ എന്നിവര്‍ ഡിഫന്‍സില്‍. ജെജെ, അഗസ്റ്റോ, ബ്ലാസില്‍, തോയ് സിംഗ് എന്നിവര്‍ മധ്യനിരയില്‍. ഏക സ്‌ട്രൈക്കറായി മെന്‍ഡോസയും സപ്പോര്‍ട്ടിംഗ് സ്‌ട്രൈക്കറുടെ റോളില്‍ എലാനോ ബ്ലൂമറും.

മഴയില്‍ കുതിര്‍ന്ന്,
കാണികളില്ലാതെ…
മഴയും ഇടിയും നിറഞ്ഞ രാത്രിയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ കളി കാണാനും പതിവ് പോലെ ആളുണ്ടായില്ല. അറുപതിനായിരത്തിന് മുകളിലാണ് ഇതുവരെ ഇവിടെയെത്തിയ കാണികളുടെ കണക്ക്. ഇന്നലെ, 47852 പേരാണ് എത്തിയത്. പതിനയ്യായിരത്തോളം പേരുടെ കുറവ് കാണാം. ബ്ലാസ്റ്റേഴ്‌സ് ടീമില്‍ പ്രതീക്ഷ നശിച്ചതും മഴയും ഇലക്ഷന്‍ ചൂടുമൊക്കെയാകാം കാണികളുടെ എണ്ണത്തില്‍ ഇടിവുണ്ടാക്കിയത്.

Latest