Connect with us

Kerala

പ്രാദേശിക തലത്തില്‍ മുസ്‌ലിം ജമാഅത്ത് ഇന്ന് പിറവിയെടുക്കുന്നു

Published

|

Last Updated

തിരുവനന്തപുരം: കേരളീയ മുസ്‌ലിം മുന്നേറ്റത്തിന് വേഗം കുറിച്ച് മുസ്‌ലിം ജമാഅത്തിന്റെ പ്രാദേശിക ഘടകങ്ങള്‍ ഇന്ന് മുതല്‍ രൂപപ്പെടും. ബഹുജനങ്ങള്‍ക്കായി പിറവിയെടുത്ത മുസ്‌ലിം ജമാഅത്തിന്റെ യൂനിറ്റ്തല രൂപവത്കരണമാണ് ഇന്ന് ആരംഭിക്കുന്നത്. ബഹുജനങ്ങളെ പൂര്‍ണമായി ഉള്‍ക്കൊണ്ട് അംഗത്വം നല്‍കും. ഒരു മാസം നീളുന്ന പ്രക്രിയ പൂര്‍ത്തിയാകുന്നതോടെ ആദര്‍ശ പ്രസ്ഥാനത്തിന്റെ സേവന, പ്രബോധന വഴികളില്‍ പുതിയ ദിശനിര്‍ണയിക്കപ്പെടും. എസ് വൈ എസ് പുനഃസംഘടനയും ഇതോടൊപ്പം നടക്കും.
കോട്ടക്കല്‍ താജുല്‍ ഉലമാ നഗറില്‍ നടന്ന എസ് വൈ എസ് വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് ചേര്‍ന്ന സമസ്ത മുശാവറ യോഗമാണ് ബഹുജന സംഘടനാ രൂപവത്കരണത്തിന് അംഗീകാരം നല്‍കിയത്. കഴിഞ്ഞ മാസം പത്തിന് മലപ്പുറത്ത് നടന്ന പ്രൗഢമായ സമ്മേളനത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരാണ് സംഘടനയുടെ പ്രഖ്യാപനം നടത്തിയത്. 1926ല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പിറവിയെടുത്ത ശേഷം 1954ലാണ് യുവജനങ്ങളെ സംഘടിപ്പിക്കുന്നതിനായി എസ് വൈ എസ് രൂപവത്കരിക്കുന്നത്. വിദ്യാര്‍ഥികളെ ധാര്‍മിക വിപ്ലവ വഴിയില്‍ വഴി നടത്താന്‍ എസ് എസ് എഫ് രൂപവത്കരിക്കുന്നത് 1973ലാണ്. ഇതിന് ശേഷമുള്ള നിര്‍ണായകമായ ചുവട്‌വെപ്പാണ് ബഹുജന സംഘടനാ രൂപവത്കരണം.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി കാലോചിതമായ പദ്ധതികളും പ്രവര്‍ത്തനങ്ങളും ഏറ്റെടുത്ത് നടപ്പാക്കുകയാണ് സംഘടനയുടെ ലക്ഷ്യം. മുസ്‌ലിം മഹല്ലുകളെ ക്രിയാത്മകമായി വളര്‍ത്തിയെടുത്ത് അവരുടെ മത, ഭൗതിക പുരോഗതിക്കാവശ്യമായ വിദ്യാഭ്യാസ സ്ഥാപനങ്ങളും തൊഴില്‍ സംരംഭങ്ങളും കാര്‍ഷിക, സാമ്പത്തിക, റിലീഫ് പദ്ധതികളും നടപ്പില്‍ വരുത്താനും മുസ്‌ലിം ജമാഅത്ത് മുന്നിലുണ്ടാകും. പ്രാദേശിക തലം മുതല്‍ സംസ്ഥാന തലം വരെയുള്ള രൂപവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് അഡ്‌ഹോക്ക് കമ്മിറ്റിയാണ്.
ഡിസംബര്‍ ഒന്ന് മുതല്‍ 20 വരെ സര്‍ക്കിള്‍ തലത്തിലും ജനുവരി അഞ്ചുവരെയുള്ള കാലയളവില്‍ സോണ്‍ തലത്തിലും മുസ്‌ലിം ജമാഅത്ത് രൂപവത്കരണം നടക്കും. ജനുവരി അവസാനത്തോടെ ജില്ലാതലങ്ങളിലും ഫെബ്രുവരി അവസാനവാരം സംസ്ഥാനതല ഘടകവും നിലവില്‍ വരും.

---- facebook comment plugin here -----

Latest