പരസ്യ പ്രചാരണം സമാപിച്ചു; ഏഴ് ജില്ലകള്‍ നാളെ ബൂത്തിലേക്ക്

Posted on: November 1, 2015 12:01 am | Last updated: November 1, 2015 at 1:18 pm
SHARE

kalashakkottuതിരുവനന്തപുരം: നഗര- ഗ്രാമങ്ങളില്‍ ചെറുപൂരങ്ങള്‍ തീര്‍ത്ത് തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട പ്രചാരണത്തിന് പരിസമാപ്തി. നാട്ടിന്‍പുറത്തെ കുടിവെള്ള പ്രശ്‌നം മുതല്‍ ദേശീയ, അന്തര്‍ദേശീയ വിഷയങ്ങള്‍ വരെ ചര്‍ച്ച ചെയ്താണ് പരസ്യപ്രചാരണത്തിന് കൊടിയിറങ്ങിയത്. ഇന്ന് ഒരു പകലിലെ നിശ്ശബ്ദ പ്രചാരണവും കഴിഞ്ഞാല്‍ ഏഴ് ജില്ലകളിലെ വോട്ടര്‍മാര്‍ നാളെ പോളിംഗ് ബൂത്തിലെത്തും. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിലെ പരസ്യപ്രചാരണം മൂന്നിന് വൈകുന്നേരം അഞ്ചിനാണ് സമാപിക്കുക. ഈ മാസം ഏഴിനാണ് വോട്ടെണ്ണല്‍. വോട്ടെടുപ്പിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ ശശിധരന്‍ നായര്‍ അറിയിച്ചു.
ബീഫ് മുതല്‍ ബാര്‍ വരെയുള്ള ദേശീയ- സംസ്ഥാന വിഷയങ്ങള്‍ സജീവ ചര്‍ച്ചയാക്കി നിര്‍ത്തിയാണ് പ്രചാരണത്തിന് കൊടി ഇറങ്ങിയത്. വരുന്ന നിര്‍ണായക മണിക്കൂറുകളില്‍ അടിയൊഴുക്കുകള്‍ തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള തത്രപ്പാടിലാണ് സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും. ഭവന സന്ദര്‍ശനങ്ങളിലൂടെ തങ്ങളുടെ വോട്ടുകള്‍ ഒരിക്കല്‍ക്കൂടി ഉറപ്പിക്കുന്നതിലായിരിക്കും അവര്‍ ശ്രദ്ധകേന്ദ്രീകരിക്കുക.
തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം രാവിലെ പത്ത് മുതല്‍ ആരംഭിക്കും. നാളെ രാവിലെ ഏഴ് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് പോളിംഗ് സമയം. ഏഴ് ജില്ലകളിലെ 9,200 വാര്‍ഡുകളിലായി 1,11,11,006 വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. 31,161 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.
പുതുതായി രൂപവത്കരിച്ച 28 നഗരസഭകളില്‍ കൊട്ടാരക്കര, പച്ചോളി, രാമനാട്ടുകര, കൊടുവള്ളി, മുക്കം, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, ഇരിട്ടി, പാനൂര്‍, ശ്രീകണ്ഠാപുരം, ആന്തൂര്‍ മുനിസിപ്പാലിറ്റികളിലും പുതുതായി രൂപവത്കരിച്ച കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പറേഷനും നാളത്തെ വോട്ടെടുപ്പില്‍ ഉള്‍പ്പെടും.
അതീവ പ്രശ്‌നബാധിതമായി പോലീസ് കണ്ടെത്തിയ 1,316 പോളിംഗ് ബൂത്തുകളില്‍ 1,022 ഇടങ്ങളില്‍ വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here