Connect with us

Editorial

അഭിമാനപൂര്‍വം ഖത്വറില്‍

Published

|

Last Updated

ഇന്ന് മുതല്‍ സിറാജ് ദിനപത്രത്തിന്റെ നറുവെളിച്ചം ഖത്വറിനെ കൂടി ദീപ്തമാക്കുകയാണ്. മധ്യപൗരസ്ത്യ ദേശത്തെ സിറാജിന്റെ മൂന്നാമത്തെ എഡിഷനാണിത്. മൂല്യാധിഷ്ഠിത പത്രപ്രവര്‍ത്തനം കൊണ്ട് ശ്രദ്ധേയമായ സിറാജിന് മൂന്ന് പതിറ്റാണ്ടിലേറെ കാലത്തെ പരിചയമുണ്ട് ഈ രംഗത്ത്. ഈ പാരമ്പര്യമാണ് പത്രത്തിന്റെ വിജയകരമായ ചുവടുവെപ്പുകള്‍ക്ക് കരുത്തേകുന്നത്.
പേര് പോലെ ഒരു ചെറുതുള്ളിയാണ് ഖത്വര്‍. കടലില്‍ എഴുന്നു നില്‍ക്കുന്ന ചെറുതുള്ളി. ഖത്വറിന്റെ ചെറുപ്പവും സൗന്ദര്യവും പേരിനെ അന്വര്‍ഥമാക്കുന്നു. വിസ്തൃതിയിലും ജനസംഖ്യയിലും ചെറുരാഷ്ട്രങ്ങളുടെ പട്ടികയിലെങ്കിലും വികസനത്തിലും പുരോഗതിയിലും മുന്‍പന്തിയിലാണ് ഈ രാഷ്ട്രം. സകലതലങ്ങളിലും ദ്രുതഗതിയില്‍ വികസിച്ചുകൊണ്ടിരിക്കുന്ന ഖത്വറിന്റെ ഉയര്‍ച്ചയുടെ ചുവടുകളില്‍, ചടുലതകളില്‍, താളലയങ്ങളില്‍, നിര്‍മിതികളില്‍ ഇനിയങ്ങോട്ട് സിറാജ് ഉണ്ടാകും.
വിദേശികളെ ഹാര്‍ദമായി സ്വീകരിക്കുകയും അത് നാടിന്റെ വികസനത്തിന് മുതല്‍ക്കൂട്ടായി ഗണിക്കുകയും ചെയ്യുന്ന അനുകരണീയ മാതൃകയാണ് ഖത്വര്‍. ഇന്ത്യയുമായി അടുത്ത ബന്ധമാണ് ഖത്വര്‍ ഭരണകൂടം പുലര്‍ത്തിവരുന്നത്. വിവിധ തൊഴില്‍ മേഖലകളിലായി ലക്ഷക്കണക്കിന് ഇന്ത്യക്കാരുണ്ടിവിടെ. ഇവരില്‍ നല്ലൊരു പങ്കും മലയാളികളാണ്. അവരുടെ ഉദ്വേഗങ്ങളെയും ഉത്കണ്ഠകളെയും ഉടനടിയുള്ള ഇടപെടലുകളിലൂടെ പരിഹരിക്കുന്നതിലും വാര്‍ത്തകള്‍ യഥാസമയം അവരുടെ മുമ്പിലെത്തിക്കുന്നതിലും സിറാജ് ജാഗ്രത്തായിരിക്കും. പ്രവാസത്തിന്റെ മനഃസംഘര്‍ഷങ്ങളെ ലഘൂകരിക്കുന്നതിന് സിറാജിന്റെ സാന്നിധ്യം സഹായകമാകും. ഖത്വര്‍ മലയാളികളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിലും സിറാജ് പ്രതിജ്ഞാബദ്ധമായിരിക്കും. അത് മലയാളിക്കും ഖത്വറിനും ഇന്ത്യക്കും മാനവികതക്കും ഗുണം ചെയ്യും. അറിവുകളും ശേഷികളും പങ്കുവെക്കലാണല്ലോ അതിജീവനത്തിനുള്ള അംഗീകൃത വഴി.
പത്രപ്രവര്‍ത്തനം സത്യസന്ധവും വസ്തുനിഷ്ഠവുമാകണമെന്ന നിര്‍ബന്ധം ഞങ്ങള്‍ക്കുണ്ട്. ആളുകളെ ആകര്‍ഷിക്കാന്‍ വാര്‍ത്തകളിലും സംഭവങ്ങളിലും നിറം പിടിപ്പിക്കില്ല. വ്യക്തിഹത്യകള്‍ക്കും നുണകള്‍ക്കും സിറാജ് കോളം അനുവദിക്കില്ല. മതത്തിന്റെയും പത്രപ്രവര്‍ത്തനത്തിന്റെയും ധാര്‍മികതക്ക് നേരിയ ഭ്രംശം പോലും സംഭവിക്കാതിരിക്കാന്‍ കണിശമായ ശ്രദ്ധ പുലര്‍ത്തുന്ന സിറാജിന് പൊതുനന്മയോടാണ് പ്രതിബദ്ധത. അപ്രിയ സത്യങ്ങള്‍ വിളിച്ചുപറയേണ്ട ഘട്ടങ്ങളിലും കുലീന ഭാഷയില്‍ സദുദ്ദേശ്യത്തോടെയായിരിക്കും ഇടപെടല്‍. വാര്‍ത്താ വിനിമയം കേവലം ഒരു വ്യവസായമല്ല. അതൊരു സാമൂഹിക സേവനമാണ്. സാംസ്‌കാരിക പ്രവര്‍ത്തനമാണ്. ഈ തത്വം സിറാജ് ഉയര്‍ത്തിപ്പിടിക്കുന്നു.
മലയാളികള്‍ നടത്തുന്ന അറബി പേരിലുള്ള ഒരേയൊരു ഭാഷാ ദിനപത്രമാണ് സിറാജ്. അറബി ഭാഷയോടുള്ള ആഭിമുഖ്യം പത്രത്തിന്റെ പേരില്‍ തന്നെ നിറഞ്ഞുനില്‍ക്കുന്നു. ഖത്വറില്‍ പത്രത്തിന്റെ പ്രസാധനത്തിന് അനുമതി നല്‍കിയ ഹിസ് ഹൈനസ് ശൈഖ് തമീം അല്‍താനിയുടെയും ഗവണ്‍മെന്റിന്റെയും സൗമനസ്യത്തിന് ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു. ഈ ഭൂപ്രദേശത്തെ സര്‍വശക്തന്‍ സുരക്ഷിതത്വവും ശാന്തിയും വികസനവും മതിയായ തോതില്‍ നല്‍കി അനുഗ്രഹിക്കട്ടെ എന്ന പ്രാര്‍ഥനയില്‍ നന്ദി രേഖപ്പെടുത്തുന്നു.
അക്ഷരങ്ങളെ സ്‌നേഹിക്കുന്ന സുമനസ്സുകള്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ സിറാജിനൊപ്പം നില്‍ക്കുമെന്ന പ്രതീക്ഷയിലും പ്രാര്‍ഥനയിലുമായി ഖത്വര്‍ സിറാജ് ഞങ്ങള്‍ സമര്‍പ്പിക്കുന്നു.
എന്‍ അലി അബ്ദുല്ല
മാനേജിംഗ് എഡിറ്റര്‍