ചൈനയിലെ പിറക്കാതെ പോയ കുഞ്ഞുങ്ങള്‍

ലോകവിശേഷം
Posted on: October 31, 2015 11:46 pm | Last updated: November 1, 2015 at 1:19 am
SHARE

babiesമാല്‍ത്തൂഷ്യന്‍ ജനസംഖ്യാ സിദ്ധാന്തത്തിന്റെ പല വൈകല്യങ്ങളിലൊന്ന് അത് ജനിച്ചു വീഴുന്ന കുഞ്ഞുങ്ങളുടെ വായ മാത്രമേ കാണുന്നുള്ളൂ, കൈകള്‍ കാണുന്നില്ല എന്നതാണ്. ഭക്ഷണ പദാര്‍ഥങ്ങളുടെ ലഭ്യതയെ ആസ്പദമാക്കിയാണല്ലോ മാല്‍ത്തസ് ജനബാഹുല്യത്തെ പഴിക്കുന്നത്. വിഭവ വികാസം രണ്ട്, നാല്, ആറ്, എട്ട് എന്നിങ്ങനെ നടക്കുമ്പോള്‍ ജനസംഖ്യാ വികാസം രണ്ട്, നാല്, പതിനാറ് എന്നിങ്ങനെ കുതിക്കുമെന്നതാണ് ലളിത യുക്തി. എന്നാല്‍ ജനങ്ങളാണ് ഏറ്റവും വലിയ വിഭവമെന്നും ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ അളക്കാനാകാത്തത്ര തൊഴില്‍ ശേഷിയും നൈപുണ്യങ്ങളും ചിന്തയും ഭാവനയുമാണ് ജനിക്കുന്നതെന്നും ഈ കണക്കിലെ കളി കാണുന്നില്ല. മാത്രമല്ല, വിഭവ വിതരണത്തിലെ അസന്തുലിതാവസ്ഥയാണ് ലോകത്തിന്റെ ശാപമെന്നും നീതിപൂര്‍വം വീതിക്കപ്പെട്ടാല്‍, സ്വതന്ത്രമായി ഒഴുകാനുള്ള സാധ്യതയൊരുക്കിയാല്‍ ഈ ഭൂമുഖത്തെ മുഴുവന്‍ ജനങ്ങള്‍ക്കും സുഭിക്ഷമാകാനുള്ളത് ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ടെന്ന സത്യവും മാല്‍ത്തൂഷ്യന്‍ മുതലാളിത്ത സിദ്ധാന്തം മനഃപൂര്‍വം മൂടിവെക്കുന്നു. ലോകത്തെ എല്ലാ ദുരിതങ്ങളുടെയും ഉത്തരവാദിത്വം ജനസംഖ്യാ ബഹുലമായ രാജ്യങ്ങളുടെ തലയില്‍ കെട്ടിവെക്കുകയാണ് ഈ സിദ്ധാന്തം ചെയ്യുന്നത്. ഈ രാജ്യങ്ങള്‍ ഏഷ്യയിലും ആഫ്രിക്കയിലുമാണ് എന്നതിനാല്‍ പാശ്ചാത്യ ഉത്കൃഷ്ടതാവാദത്തിന്റെ നിര്‍വഹണം കൂടി ഇത്തരം സിദ്ധാന്തങ്ങള്‍ നിര്‍വഹിക്കുന്നുണ്ട്. ജനസംഖ്യാ വിസ്‌ഫോടനത്തെ മറികടക്കാന്‍ മാല്‍ത്തസ് മുന്നോട്ട് വെക്കുന്നത് രണ്ട് പരിഹാരങ്ങളാണ്. ഒന്ന് സ്വാഭാവികമായ ആള്‍ നാശം. പ്രകൃതി തന്നെ നടത്തുന്ന സന്തുലനം. യുദ്ധം, ഭൂകമ്പം, മഹാമാരി. രണ്ടാമത്തേത്, അവിടേക്കാണ് ടി ആര്‍ മാല്‍ത്തസിന്റെ ഊന്നല്‍, കൃത്രിമ ജനന നിയന്ത്രണ മാര്‍ഗങ്ങള്‍ അവംലബിക്കുക എന്നതാണ്. ഈ മാര്‍ഗം അങ്ങേയറ്റം കാര്‍ക്കശ്യത്തോടെ അവലംബിച്ചത് ഏറ്റവും ജനനിബിഡ രാജ്യമായ ചൈന തന്നെയാണ്. ഇന്ന് ചരിത്രം കറങ്ങിത്തിരിഞ്ഞു വരുമ്പോള്‍ ചൈന തിരിച്ചറിയുന്നു, ആ നയം തെറ്റായിരുന്നുവെന്ന്. ഒറ്റക്കുട്ടി നയം ഉപേക്ഷിക്കാനുള്ള ഉറച്ച തീരുമാനത്തിലാണ് ചൈന. നിരവധി ഘടങ്ങള്‍ ഒന്നിച്ചു വന്നപ്പോഴാണ് ഇത്തരമൊരു ധീരമായ തീരുമാനത്തില്‍ ചൈന എത്തിച്ചേരുന്നത്.
പതിറ്റാണ്ടുകളുടെ സാമ്പത്തിക മുന്നേറ്റത്തിന് ശേഷം ചൈന വേലിയിറക്കത്തിലാണ്. സാമ്പത്തിക സൂചകങ്ങളെല്ലാം പിന്‍മടക്കത്തിലാണ്. ഓഹരി വിപണിയെ കൂടുതലായി ആശ്രയിക്കുന്ന നയം പലവട്ടം പരാജയപ്പെടുന്നു. സാമ്പത്തിക മാന്ദ്യങ്ങളുടെ പ്രഭവ കേന്ദ്രമായി ചൈന മാറുന്ന സ്ഥിതി. സമ്പൂര്‍ണ സോഷ്യലിസ്റ്റ് സാമ്പത്തിക നയങ്ങളില്‍ നിന്ന് ചൈന അതിവേഗം പിന്‍വാങ്ങുന്നു. കറന്‍സിയെയും പ്രധാന സാമ്പത്തിക തീരുമാനങ്ങളെയും വിപണിക്ക് വിട്ടു കൊടുക്കുന്നു. എന്നുവെച്ചാല്‍ മുതലാളിത്തവത്കരിക്കപ്പെട്ട ചൈനയാണ് ഉദിച്ചു വരുന്നത്. ഈ ഘട്ടത്തില്‍ തൊഴില്‍ ശേഷിയുടെ പ്രധാന്യം അവര്‍ തിരിച്ചറിയുന്നുണ്ട്. സ്വന്തം ജനതയെ നിതാന്തമായ വേദനയിലേക്ക് തള്ളിവിട്ട് തികച്ചും പ്രകൃതിവിരുദ്ധമായ നയം കെട്ടിപ്പിടിച്ച് കഴിയുന്നത് യുക്തിയല്ലെന്ന് ചൈനീസ് നേതൃത്വം മനസ്സിലാക്കിയിരിക്കുന്നു. പാശ്ചാത്യരുടെ ദൗര്‍ബല്യം ജനരാഹിത്യമാണെങ്കില്‍ പൗരസ്ത്യന്റെ ശക്തി മനുഷ്യ ശേഷിയാണെന്ന അടിസ്ഥാന തത്വം കൂടി അവര്‍ കണക്കിലെടുക്കുന്നുണ്ടാകാം.

ഒറ്റക്കുട്ടി ചരിത്രം

1979ലാണ് ഒറ്റക്കുട്ടി നയം പ്രഖ്യാപിച്ചത്. 1978ല്‍ ഡെംഗ് സിയാവോയുടെ നേതൃത്വത്തില്‍ 11ാം കേന്ദ്ര കമ്മിറ്റിയുടെ മൂന്നാം പ്ലീനമാണ് ഈ നയത്തിന് ആധാരമായ തീരുമാനങ്ങള്‍ കൈകൊണ്ടത്. 1950കളില്‍ തന്നെ ഏകസന്താന നയം കര്‍ശനമായി നടപ്പാക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. എന്നാല്‍ 1959 മുതല്‍ 1961 വരെയുണ്ടായ കടുത്ത ക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ ആ ഉദ്യമം ഉപേക്ഷിക്കുകയായിരുന്നു. രണ്ട് അല്ലെങ്കില്‍ മൂന്ന് കുട്ടികളേ പാടുള്ളൂ എന്ന കര്‍ശന നിര്‍ദേശം ഇക്കാലത്ത് നടപ്പാക്കാന്‍ തുടങ്ങി. 1979 മുതല്‍ ഒറ്റക്കുട്ടി നയം അക്രമാസക്തമായി നടപ്പാക്കിയെങ്കിലും ഭരിക്കുന്നവര്‍ക്ക് തന്നെ അതില്‍ ആത്മവിശ്വാസമുണ്ടായിരുന്നില്ല. പലപ്പോഴും നയത്തില്‍ ഇളവ് വരുത്താനുള്ള ശ്രമങ്ങള്‍ നടന്നു. 1984ല്‍ ഗ്രാമ പ്രദേശങ്ങളില്‍ രണ്ട് കുട്ടികളാകാമെന്ന ഇളവ് അനുവദിച്ചത് ഇതിന്റെ ഭാഗമായിരുന്നു. പക്ഷേ 2001 ആയപ്പോഴേക്കും പിന്നെയും നയം മുറുക്കി. ഒറ്റക്കുട്ടി നയം നടപ്പാക്കി തുടങ്ങുമ്പോള്‍ ജനസംഖ്യ നൂറ് കോടിയായിരുന്നു. അന്ന് കണക്കാക്കിയത് 2000ത്തില്‍ 120 കോടിയില്‍ എത്തുമെന്നായിരുന്നു. എന്നാല്‍ എത്തിയത് 140 കോടിയിലാണ്. ഈ കണക്ക് ചൂണ്ടിക്കാട്ടി ജനന നിയന്ത്രണ തീവ്രവാദികള്‍ രംഗത്ത് വന്നതോടെയാണ് രണ്ടായിരത്തില്‍ നിയന്ത്രണ നടപടികള്‍ വീണ്ടും ശക്തിയാര്‍ജിച്ചത്. 2006ല്‍ ചില പ്രവിശ്യകളില്‍ ഇളവ് അനുവദിക്കാമെന്നായി. 2013ല്‍ പിന്നെയും അയഞ്ഞു. രക്ഷിതാക്കള്‍ അവരുടെ അച്ഛനമ്മമാരുടെ ഒറ്റക്കുട്ടികളാണെങ്കില്‍ അവര്‍ക്ക് ഇരു കുഞ്ഞുങ്ങളാകാമെന്നതായിരുന്നു ആ അയവ്. ഇപ്പോള്‍ ഒറ്റക്കുട്ടി നയം പാടേ ഉപേക്ഷിക്കുമ്പോള്‍ ചൈന രണ്ടായി പിളര്‍ന്നിരിക്കുന്നു. നിമിത്തങ്ങളിലും ശകുനങ്ങളിലും അടിയുറച്ച് വിശ്വസിക്കുന്നവരാണ് കമ്യൂണിസ്റ്റ് ചൈനയില്‍ നല്ലൊരു ശതമാനം. അവരുടെ വിശ്വാസ പ്രകാരം വരുന്ന വര്‍ഷം കുഞ്ഞുങ്ങള്‍ ജനിക്കാന്‍ ഏറെ അനുയോജ്യമാണ്. അത്‌കൊണ്ട് ഇരട്ടി സന്തോഷത്തിലാണ് ജനങ്ങള്‍. ഒറ്റക്കുട്ടി നയം ഏല്‍പ്പിച്ച മാനസിക ആഘാതങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നതിന്റെ ആവേശം. എന്നാല്‍ ചൈനയുടെ പൊതു സാമ്പത്തിക സ്ഥിതി ഉയര്‍ത്തി ആശങ്കയുടെ കെട്ടഴിക്കുന്നു മറുഭാഗം. രണ്ടാമത്തെ കുഞ്ഞിനെ സ്വീകരിക്കാന്‍ കുടുംബത്തിനും രാജ്യത്തിനും കെല്‍പ്പുണ്ടാകുമോ? ഈ കുട്ടികള്‍ അവരവരെയും മറ്റുള്ളവരെയും ദുരിതത്തിലാക്കുമോ? ഇങ്ങനെയൊക്കെയാണ് ചോദ്യങ്ങള്‍.
ഒറ്റക്കുട്ടി നയം 40 കോടി ജനനങ്ങള്‍ തടഞ്ഞുവെന്നാണ് കണക്ക്. പത്ത് ലക്ഷം ഉദ്യോഗസ്ഥരെയാണ് ഈ നയം നടപ്പാക്കാന്‍ നിയോഗിച്ചത്. നയമനുസരിക്കുന്നവര്‍ക്ക് ഒറ്റക്കുട്ടി സര്‍ട്ടിഫിക്കറ്റ് നല്‍കും. അവര്‍ക്ക് പിന്നെ ആനുകൂല്യങ്ങളുടെ പെരുമഴയാണ്. സൗജന്യങ്ങള്‍ നിരവധി. ജോലിക്കയറ്റം, ശമ്പള വര്‍ധന. കണ്‍സ്യൂമര്‍ കാര്‍ഡുകള്‍. പ്രത്യേക പരിരക്ഷകള്‍. കുഞ്ഞുങ്ങള്‍ വേണ്ടെന്നു വെക്കുന്നതിനുള്ള പാരിതോഷികങ്ങള്‍. നയം തെറ്റിക്കുന്നവരെ വേട്ടയാടും. അവനെ കുറ്റവാളിയായി മുദ്ര കുത്തും. കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ (അവര്‍ തന്നെയാണല്ലോ ഉദ്യോഗസ്ഥര്‍) കേന്ദ്ര നേതൃത്വം തീരുമാനിച്ചതിനേക്കാള്‍ അക്രമാസക്തമായാണ് നയം നടപ്പാക്കിയത്. നഗര പ്രദേശങ്ങളില്‍ ‘നയവഞ്ചക’രുടെ ശമ്പളം കട്ട് ചെയ്തു. ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു. ബൈക്കുകളും കാറുകളും പിടിച്ചെടുത്തു. ഗ്രാമങ്ങളില്‍ ഇത്തരക്കാര്‍ക്കുള്ള സബ്‌സിഡികള്‍ മുഴുവന്‍ എടുത്തു കളഞ്ഞു. സംരംഭങ്ങള്‍ക്കുള്ള സര്‍ക്കാര്‍ പിന്തുണ നിര്‍ത്തി. രണ്ടാമത്തെ, മൂന്നാമത്തെ കുഞ്ഞിന് സര്‍ക്കാറിന്റെ ഒരു പരിഗണനയും ലഭിക്കില്ല. പലരും കുട്ടികളെ ഒളിപ്പിച്ചാണ് വളര്‍ത്താറുള്ളത്. കുട്ടികളെ നാടുകടത്തുന്നവരുമുണ്ട്. ശിക്ഷാ നടപടികള്‍ വന്‍ അഴിമതിക്ക് വഴിവെച്ചു. നയം തെറ്റിക്കുന്നവര്‍ ഉദ്യോഗസ്ഥര്‍ക്ക് വന്‍ തുക കൈക്കൂലി കൊടുത്തു. അതിന് തയ്യാറാകാത്തവര്‍ക്ക് മേല്‍ ഒരു ചട്ടത്തിലുമില്ലാത്ത ശിക്ഷകള്‍ പതിച്ചു. പല തരം പിഴകള്‍ ഇവരെ വരിഞ്ഞു. ഗര്‍ഭച്ഛിദ്രങ്ങള്‍ അംഗീകൃത അനുഷ്ഠാനമായി മാറി. രണ്ടാം കുഞ്ഞിന്റെ വരവ് തടയാന്‍ ജനസംഖ്യാ ഉദ്യോഗസ്ഥര്‍ തന്നെ ഗര്‍ഭഛിദ്രത്തിന് ആശുപത്രികളിലേക്ക് നയിക്കും. ഗര്‍ഭ നിരോധന ഉറകളുടെയും അത്യന്തം ഗുരുതരമായ പാര്‍ശ്വഫലങ്ങളുള്ള മരുന്നുകളുടെയും ഏറ്റവും വലിയ വിപണിയായി ചൈന മാറി. ഒറ്റക്കുട്ടി നയത്തിനൊപ്പം വിവാഹ പ്രായത്തിലും വ്യത്യാസങ്ങള്‍ വരുത്തി. നഗരങ്ങളില്‍ പുരുഷന്‍മാര്‍ 28 വയസ്സായിട്ടേ വിവാഹം കഴിക്കാവൂ എന്ന് തീട്ടൂരമിറക്കി. സ്ത്രീകളില്‍ ഇത് 25ആണ്. ഗ്രാമങ്ങളില്‍ സ്ത്രീകളുടെ വിവാഹ പ്രായം 23ഉം പുരുഷന്‍മാരുടെത് 25ഉം ആണ്.

ആഘാതങ്ങള്‍, ദുരന്തങ്ങള്‍

ഒറ്റക്കുട്ടി നയം എങ്ങനെയാണ് ചൈനീസ് സമൂഹത്തെ ബാധിച്ചതെന്നറിയാന്‍ ഒരു വിയറ്റ്‌നാമീസ് വെബ്‌സൈറ്റില്‍ വന്ന പരസ്യം മാത്രം മതിയാകും. ‘ചൈനീസ് യുവാക്കളേ, എന്തിന് വിഷമിക്കണം. നിങ്ങള്‍ക്ക് ഞങ്ങള്‍ തരും. ലക്ഷണമൊത്ത ഭാര്യമാരെ. അഥവാ നിങ്ങള്‍ സ്വീകരിക്കുന്ന ഭാര്യയുമായി ഒത്തു പോയില്ലെങ്കില്‍ പ്രത്യേക ചെലവൊന്നുമില്ലാതെ മറ്റൊരു ഭാര്യയെ തരും’. ഈ പരസ്യം തകിടം മറിഞ്ഞു കിടക്കുന്ന ചൈനീസ് സ്ത്രീ -പുരുഷ അനുപാതത്തേയാണ് ലക്ഷ്യം വെക്കുന്നത്. നിയമവിരുദ്ധമെന്ന് പ്രഖ്യാപിച്ച് ഇത്തരം വെബ്‌സൈറ്റുകള്‍ ചൈനീസ് സര്‍ക്കാര്‍ ഇടപെട്ട് ബ്ലോക്ക് ചെയ്യുമ്പോഴും പുതുത് മുളച്ചു പൊങ്ങുകയാണ്. കാരണം ഈ ഭാര്യക്കച്ചവടം നല്ല വരവുള്ള ഏര്‍പ്പാടാണ്. 2014ലെ ഔദ്യോഗിക കണക്ക് പ്രകാരം ചൈനയില്‍ 115.9 പുരുഷന്‍മാര്‍ക്ക് 100 സ്ത്രീകളേ ഉള്ളൂ. ഇത് 118- 100 ആണെന്ന് മറ്റൊരു കണക്ക് വ്യക്തമാക്കുന്നു. ആഗോളമായി ഇത് 105- 100 ആണെന്നോര്‍ക്കണം. എന്നുവെച്ചാല്‍ ചൈനയിലെ നല്ലൊരു ശതമാനം പുരുഷന്‍മാര്‍ക്കും വിവാഹം ചെയ്യാനാകില്ല. 2000ത്തിന് ശേഷം ഒറ്റക്കുട്ടി നയത്തില്‍ വരുത്തിയ ഇളവുകള്‍ ഈ സ്ഥിതിവിശേഷത്തെ സങ്കീര്‍ണമാക്കുകയാണ് ചെയ്തത്. ഒന്നാം കുട്ടി ആണായാലും പെണ്ണായാലും പ്രശ്‌നമില്ലെന്ന നിലപാടിലെത്താന്‍ ഈ ഇളവുകള്‍ കാരണമായി. എന്നാല്‍ രണ്ടാമത്തെ കുട്ടി ആണാണെന്ന് ഉറപ്പ് വരുത്താന്‍ തുടങ്ങി. ഒറ്റക്കുട്ടി നയം വാശിപിടിച്ച് നടപ്പാക്കാനായി സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയ അബോര്‍ഷന്‍ കേന്ദ്രങ്ങളെ തന്നെ ജനം സമീപിച്ചു. അബോര്‍ഷന്‍ എന്താവശ്യത്തിനെന്ന് വ്യവച്ഛേദിച്ച് കണ്ടുപിടിക്കാന്‍ സാധിക്കാത്ത സ്ഥിതി വന്നു. അള്‍ട്രാ സൗണ്ട് സ്‌കാനിംഗിലൂടെ ലിംഗ നിര്‍ണയം നടത്തും. പെണ്ണാണെങ്കില്‍ കൊന്നു കളയും. രണ്ടായിരത്തില്‍ ആദ്യ കുട്ടി ആണായത് 51.5 ശതമാനമായിരുന്നു. രണ്ടാം കുട്ടി ആണായത് 62 ശതമാനവും. മൂന്നാം കുട്ടിയാണെങ്കില്‍ ഇത് 70 ശതമാനമാണ്. വിദ്യാസമ്പന്നരും നഗരവാസികളുമാണ് ഈ പെണ്‍ഹത്യകളില്‍ മുമ്പില്‍ നില്‍ക്കുന്നത്. ഗര്‍ഭച്ഛിദ്രത്തിന് അശാസ്ത്രീയമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിന്റെ ദുരന്തങ്ങള്‍ ഗ്രാമങ്ങളില്‍ നിത്യ വാര്‍ത്തയായിരിക്കുന്നു. ജനിക്കാതെ പോയ കുഞ്ഞുങ്ങളുടെ ചോരയിലാണ് ചൈന ചുവക്കുന്നത്.
ചൈനയില്‍ പെണ്ണുങ്ങളെ കിട്ടാനില്ലാതായതോടെ നല്ല ‘സ്ത്രീധനം’കൊടുക്കന്നവനേ കെട്ടാന്‍ പറ്റൂ എന്നായി. പുരുഷന് നല്ല സാമ്പത്തിക ശേഷിയും തൊഴിലും വേണം. പൗണ്ട് കണക്കില്‍ പറഞ്ഞാല്‍ ഒരു ശരാശരി വിവാഹത്തിന് ചൈനയില്‍ 10,000മെങ്കിലും വേണം. വിയറ്റ്‌നാമില്‍ നിന്നാണെങ്കില്‍ ഇത് 4,000 പൗണ്ടോ അയ്യായിരം പൗണ്ടോ മതി. കംബോഡിയയില്‍ നിന്നോ ലാവോസില്‍ നിന്നോ ആണെങ്കില്‍ പിന്നെയും കുറയും. ഇത് നിയമപരമായ ഏര്‍പ്പാടല്ല. വിദ്യാഭ്യാസ, തൊഴില്‍ വിസകളില്‍ സ്ത്രീകളെ ചൈനയില്‍ എത്തിക്കുകയാണ്. മനുഷ്യക്കടത്ത് തന്നെ. പലരോടും വിവാഹക്കാര്യം പറയാതെയാണ് ചൈനയിലെത്തിക്കുന്നത്. ചതി മനസ്സിലാക്കുമ്പോള്‍ യുവതികള്‍ രക്ഷാ മാര്‍ഗം തേടും. അത്തരം രക്ഷപ്പെടലുകള്‍ വന്‍ ക്രമസമാധാന പ്രശ്‌നമാകും. തിരിച്ച് ‘ഭര്‍ത്താവി’ല്‍ നിന്ന് വന്‍ തുക തട്ടി കടന്നു കളയുന്നവരും ഉണ്ട്. ഇത്തരം വിവാഹങ്ങള്‍ വലിയ സാംസ്‌കാരിക, മാനസികാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്.
ഊര്‍ജസ്വലമായ തൊഴില്‍ ശേഷിയാണ് ചൈനീസ് സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല്. ലോകത്താകെ നിറയുന്ന ചൈനീസ് ഉത്പന്നങ്ങളില്‍ ഈ മനുഷ്യരുടെ കൈയൊപ്പ് പതിഞ്ഞിരിക്കുന്നു. കഴിഞ്ഞ വര്‍ഷം മാത്രം പതിനഞ്ചിനും അന്‍പത്തിയൊമ്പതിനും ഇടയിലുള്ള, തൊഴില്‍ ശേഷിയുള്ളവരുടെ എണ്ണത്തില്‍ 3.71 മില്യണാണ് കുറവ് വന്നത്. 1979ന് ശേഷം തൊഴില്‍ ശേഷി നഷ്ടം 67 മില്യണാണ്. ഇതാണ് ഒറ്റക്കുട്ടി നയത്തിന്റെ ഏറ്റവും ക്രൂരമായ പ്രത്യാഘാതം. അത് തന്നെയാണ് ചൈനീസ് അധികൃതരെ ഇപ്പോള്‍ വീണ്ടു വിചാരത്തിന് പ്രേരിപ്പിച്ചതും. ലോകത്തെ ഒന്നാം നമ്പര്‍ സാമ്പത്തിക ശക്തിയാകാന്‍ യു എസിനോട് മത്സരിക്കുന്ന ചൈന വയസ്സന്‍മാരുടെ നാടായി മാറുകയാണ്. യു എന്‍ കണക്ക് പ്രകാരം 2050 ഓടെ ചൈനയില്‍ അറുപത് കഴിഞ്ഞവരുടെ എണ്ണം 440 മില്യണാകും. ഒറ്റക്കുട്ടികള്‍ വയസ്സന്‍മാരെ പരിപാലിച്ച് ക്ഷീണിക്കും. വൃദ്ധ ജനങ്ങളുടെ ശാപ വചനങ്ങള്‍ വീടുകളില്‍ നിറയും. അവരെ മക്കളും കൊച്ചു മക്കളും തെരുവിലെറിയും. ജനന നിയന്ത്രണങ്ങളുടെ അശാസ്ത്രീയവും അമിതവുമായ ഉപയോഗം ചൈനീസ് സ്ത്രീകളുടെ പ്രത്യുത്പാദന ശേഷിയെ വലിയ തോതില്‍ ബാധിച്ചിരിക്കുന്നുവെന്ന് പഠനങ്ങള്‍ കാണിക്കുന്നു. വിഷാദ രോഗവും ഒറ്റപ്പെടലും അവരുടെ സ്ത്രീത്വത്തെ നശിപ്പിച്ചിരിക്കുന്നു. അറുപത് ശതമാനം അമ്മമാരും 35 വയസ്സിന് മുകളിലുള്ളവരാണ്. വൃദ്ധമാതാക്കളുടെ എണ്ണവും വരും കാലങ്ങളില്‍ കൂടുമെന്നര്‍ഥം.
സാമ്പത്തിക മാന്ദ്യത്തിന്റെ അനാവശ്യ ആധികളില്‍ ചൈനീസ് ജനത അകപ്പെട്ട് പോയില്ലെങ്കില്‍ വന്‍മതിലിനപ്പുറത്ത് കുഞ്ഞിക്കൊഞ്ചലുകള്‍ നിറയും. നിലാവ് പെയ്യുന്ന ആ പുഞ്ചിരികളില്‍ പുതിയൊരു ചൈന സാധ്യമാകും.

LEAVE A REPLY

Please enter your comment!
Please enter your name here