Connect with us

Articles

ജനം കാണുന്നുണ്ട്, അഴിമതിയും വര്‍ഗീയ പ്രീണനവും

Published

|

Last Updated

രാജ്യത്തിന്റെ മതനിരപേക്ഷതക്കും ബഹുസ്വരതക്കുമെതിരെ സംഘ്പരിവാര്‍ ശക്തികള്‍ ഭീഷണിയുയര്‍ത്തിയിരിക്കുന്ന അത്യന്തം ഗുരുതരമായ ദേശീയരാഷ്ട്രീയ സാഹചര്യത്തിലാണ് കേരളത്തിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. നരേന്ദ്ര മോദി ദേശീയാധികാരത്തിലെത്തിയതോടെ കോര്‍പ്പറേറ്റ്മൂലധനവും ഹിന്ദുത്വവര്‍ഗീയതയും ചേര്‍ന്ന് ഇന്ത്യയുടെ സ്വാശ്രയത്വവും പരമാധികാരവും ഒരു രാഷ്ട്രമെന്ന നിലക്ക് ഇന്ത്യയിലെ ബഹുമതവിശ്വാസികളായ ജനങ്ങളെ ഒന്നിപ്പിച്ചുനിര്‍ത്തുന്ന മതനിരപേക്ഷതയും തകര്‍ക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. സംഘ്പരിവാര്‍ ശക്തികള്‍ സമൂഹത്തിന്റെ ജനാധിപത്യവത്കരണത്തിനും ജനങ്ങളുടെ സമാധാനപരവും സൗഹൃദപൂര്‍ണവുമായ ജീവിതത്തിനും നേരെ നിരന്തരമായി കടന്നാക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്.
ഓരോ വ്യക്തിയും ഉറങ്ങുകയും ഉണരുകയും ഭക്ഷിക്കുകയും വിസര്‍ജിക്കുകയും ഇണചേരുകയും ചെയ്യുന്നതുള്‍പ്പെടെ പൗരജീവിതത്തിന്റെ എല്ലാ വ്യവഹാരമണ്ഡലങ്ങളെയും നിയന്ത്രിക്കാനാണ് ഹിന്ദുത്വശക്തികള്‍ ശ്രമിക്കുന്നത്. ബ്രാഹ്മണാധികാരത്തിലധിഷ്ഠിതമായ ജീര്‍ണമൂല്യങ്ങളെ പുനരാനയിക്കാനും ഹിന്ദുധര്‍മമെന്ന പേരില്‍ തങ്ങളുടെ ഫാസിസ്റ്റ് നിയമങ്ങളും നിബന്ധനകളും അടിച്ചേല്‍പ്പിക്കാനും സംഘ്പരിവാര്‍ അതിന്റെ പല പേരിലും രൂപത്തിലുമുള്ള സംഘടനാ സംവിധാനങ്ങളെ രംഗത്തിറക്കിയിരിക്കുന്നത്. വര്‍ഗീയ കലാപങ്ങളും ധ്രുവീകരണവും സൃഷ്ടിച്ച് 16ാം ലോക്‌സഭാ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ സംഘ്പരിവാര്‍ ശക്തികള്‍ കോര്‍പ്പറേറ്റ് മൂലധനതാത്പര്യങ്ങള്‍ക്കായി ഇന്ത്യന്‍ സമൂഹത്തെയും സംസ്‌കാരത്തെയും ആകെ ഫാസിസവത്കരിക്കാനുള്ള തീവ്രശ്രമത്തിലാണ്.
അന്ധവിശ്വാസങ്ങള്‍ക്കെതിരെ ശാസ്ത്രബോധം പ്രചരിപ്പിച്ചു എന്നതിന്റെ പേരിലാണ് നരേന്ദ്രധാബോല്‍ക്കറെ കൊല ചെയ്തത്. ഗോവിന്ദ പന്‍സാരെ, എം എം കല്‍ബര്‍ഗി എന്നിവരെയും വധിച്ചു. ഘര്‍വാപസി, ലൗ ജിഹാദ്, മീറ്റ്ജിഹാദ് എന്നെല്ലാമുള്ള പേരില്‍ വിധ്വംസകപ്രവര്‍ത്തനങ്ങള്‍ നാടെമ്പാടും അഴിച്ചുവിടുകയാണ്. ന്യൂനപക്ഷ സമൂഹങ്ങളില്‍ ഭീതിപടര്‍ത്താനും വര്‍ഗീയകലാപങ്ങളിലൂടെ ഭൂരിപക്ഷ സമുദായത്തിന്റെ ധ്രുവീകരണം രൂപപ്പെടുത്താനുള്ള നീക്കങ്ങളാണ് നടക്കുന്നത്.
ഒരു ജനാധിപത്യ രാജ്യത്ത് ഇഷ്ടമുള്ള ഭക്ഷണം സൂക്ഷിച്ചു എന്നതിന്റെ പേരിലാണ് മുഹമ്മദ് അഖ്‌ലാഖ് എന്ന വയസ്സുള്ള കര്‍ഷകത്തൊഴിലാളി നിഷ്ഠൂരമായി കൊലചെയ്യപ്പെട്ടത്. ഷിംലയിലും കാശ്മീരിലുമെല്ലാം ഗോക്കളെ കടത്തി എന്നതിന്റെ പേരില്‍ നടന്ന നരഹത്യകള്‍ സംഘ്പരിവാര്‍ ആസൂത്രിതമായി നടത്തിക്കൊണ്ടിരിക്കുന്ന വിദേ്വഷപ്രചാരണത്തിന്റെ ദുരന്തഫലങ്ങളാണ്. ദാദ്രിയില്‍ വൃദ്ധയായ മാതാവിന്റെയും ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും മുന്നിലിട്ടാണ് മുഹമ്മദ് അഖ്‌ലാഖിനെ പ്രാദേശിക ബി ജെ പി നേതാവ് വിശാല്‍റാണയുടെ നേതൃത്വത്തിലുള്ള ഒരാള്‍ക്കൂട്ടം അടിച്ചും ഇടിച്ചും മൃഗീയമായി കൊലപ്പെടുത്തിയത്. സവര്‍ണ ജാതിരാഷ്ട്രീയത്തിന്റെ രാക്ഷസീയതയാണ് ഹരിയാനയിലെ ദളിത് കൂട്ടക്കൊലയിലൂടെ പുറത്തുവന്നത്. ആര്‍ എസ് എസ് പിന്തുണയുള്ള സവര്‍ണ രജപുത്രസംഘമാണ് ഹരിയാനയിലെ സുനാപേഡ് കൂട്ടക്കൊലക്ക് നേതൃത്വം കൊടുത്തത്. ന്യൂനപക്ഷങ്ങളെ മാത്രമല്ല ദളിതരെയും പിന്നാക്ക ജാതിക്കാരെയും വേട്ടയാടുന്ന സവര്‍ണജാതി പ്രത്യയശാസ്ത്രമാണ് സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയം.
കേരളത്തിലെ നവോത്ഥാന പാരമ്പര്യത്തെ വെല്ലുവിളിച്ചുകൊണ്ടാണ് വിശ്വഹിന്ദുപരിഷത്ത് തലവന്‍ പ്രവീണ്‍ തൊഗാഡിയ എസ് എന്‍ ഡി പിയെ കൂട്ടുപിടിച്ച് മതനിരപേക്ഷതയെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ആഭ്യന്തരഭീഷണിയും പരമ ശത്രുക്കളുമായി കാണുന്ന സംഘപരിവാര്‍ ദളിതരെയും പിന്നോക്ക ജാതിക്കാരെയും മനുഷ്യരായി പരിഗണിക്കാത്ത ചാതുര്‍ വര്‍ണ്യ വ്യവസ്ഥയുടെ ഉപാസകരാണ്. ഗുജറാത്തിലെ വംശഹത്യയുടെ ഇരകളെ കാറിനടിയില്‍പെട്ട് ചതഞ്ഞരഞ്ഞുപോയ പട്ടികളോടാണ് നരേന്ദ്രമോദി ഒരിക്കല്‍ ഉപമിച്ചത്. ഇപ്പോള്‍ ഹരിയാനയിലെ ദളിതരെ ആരോ എറിഞ്ഞുവീഴ്ത്തിയ പട്ടികളായിട്ടാണ് മോദിയുടെ മന്ത്രി വി കെ സിംഗ് വിശേഷിപ്പിച്ചത്.
സംവരണമുള്‍പ്പെടെ പിന്നാക്ക വിഭാഗങ്ങളുടെയും ദളിതരുടെയും ഭരണഘടനാപരമായ ജനാധിപത്യാവകാശങ്ങളെ എല്ലാകാലത്തും സംഘ്പരിവാര്‍ സംഘടനകള്‍ എതിര്‍ത്തുപോന്നിട്ടുണ്ട്. ജനസംഖ്യയില്‍ 52ശതമാനം വരുന്ന പിന്നാക്കസമുദായങ്ങള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന 27ശതമാനം തൊഴില്‍ സംവരണം നല്‍കാന്‍ വി പി സിംഗ് ഗവണ്‍മെന്റ് തീരുമാനമെടുത്തപ്പോള്‍ മസ്ജിദ് പ്രശ്‌നമുയര്‍ത്തി മണ്ഡലിനെ തകര്‍ക്കാനാണ് കോണ്‍ഗ്രസ് സഹായത്തോടെ ബി ജെ പി ശ്രമിച്ചത്. വി പി സിംഗ് ഗവണ്‍മെന്റിനെ കോണ്‍ഗ്രസും ബി ജെ പിയും ചേര്‍ന്നാണ് അവിശ്വാസപ്രമേയത്തിലൂടെ അട്ടിമറിച്ചത്. പിന്നോക്കസമുദായങ്ങളുടെ സാമൂഹിക നീതിക്കുവേണ്ടിയുള്ള എല്ലാ മുന്നേറ്റങ്ങളെയും സവര്‍ണ ജാതിതാത്പര്യമുയര്‍ത്തിപ്പിടിച്ച് എതിര്‍ത്തുപോന്ന സംഘ്പരിവാറുമായി കൂട്ടുചേരാന്‍ ശ്രീനാരായണപ്രസ്ഥാനത്തിന് ഒരിക്കലും കഴിയില്ല. വെള്ളാപ്പള്ളി നടേശന്‍ സ്വാര്‍ഥതാത്പര്യങ്ങള്‍ക്കായി ആര്‍ എസ് എസുമായി ചേര്‍ന്ന് വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടത്തുമ്പോള്‍ ഉമ്മന്‍ ചാണ്ടി കുറ്റകരമായ മൗനം പാലിക്കുകയാണ്. സങ്കുചിതവും താത്കാലികവുമായ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉമ്മന്‍ ചാണ്ടി ന്യൂനപക്ഷവിരോധത്തിന്റെയും ദളിത് ഹിംസയുടെയും രാഷ്ട്രീയം കൈയാളുന്ന ബി ജെ പി- നടേശബാന്ധവത്തിന് എല്ലാസഹായവും ചെയ്തുകൊടുക്കുകയാണ്. സംഘ്പരിവാറിന്റെ പേരിലുള്ള എല്ലാ കേസുകളും പിന്‍വലിച്ചുകൊണ്ടിരിക്കുന്നു. പ്രവീണ്‍ തൊഗാഡിയക്കെതിരെ കോഴിക്കോട് പോലീസ് ചാര്‍ജ് ചെയ്ത കേസുപോലും പിന്‍വലിച്ച് സംഘ്പരിവാറിനോടുള്ള കൂറ് പരസ്യമായി തന്നെ ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്. രാഷ്ട്രീയചാണക്യനായ ഉമ്മന്‍ ചാണ്ടിയുടെ സംഘ്പരിവാറിനെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം നീക്കങ്ങള്‍ തീക്കൊള്ളികൊണ്ടുള്ള തലചൊറിയലാണ്. കോണ്‍ഗ്രസിലും യു ഡി എഫ് ഘടകക്ഷികളിലുമുള്ള മതനിരപേക്ഷതക്കുവേണ്ടിനിലകൊള്ളുന്ന ഓരോ വ്യക്തിയും ഇടതുപക്ഷത്തെ തകര്‍ക്കാനുള്ള വെള്ളാപ്പള്ളിയെ മുന്നില്‍ നിര്‍ത്തി ബി ജെ പിയും ഉമ്മന്‍ചാണ്ടിയും നടത്തുന്ന ഈ അപകടകരമായ രാഷ്ട്രീയകളിയുടെ പ്രത്യാഘാതങ്ങള്‍ എത്ര ഭീകരമായിരിക്കുമെന്ന് ചിന്തിക്കണമെന്നാണ് ഞങ്ങള്‍ക്ക് അഭ്യര്‍ഥിക്കാനുള്ളത്.
സംഘപരിവാറിന്റെ വര്‍ഗീയ അജന്‍ഡക്കും അതിന് ഒളിഞ്ഞും തെളിഞ്ഞും സഹായം നല്‍കുന്ന ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു ഡി എഫിനുമെതിരായി ഈ തിരഞ്ഞെടുപ്പില്‍ മതനിരപേക്ഷ ശക്തികളുടെയും മനുഷ്യസ്‌നേഹികളുടെയും വിധിയെഴുത്തുണ്ടാകണം. ബാര്‍ കോഴ കേസിലെ വിജിലന്‍സ് കോടതി വിധി കേട്ട് കൊണ്ടാണ് ബൂത്തിലേക്ക് പോകുന്നത്. കോഴക്ക് തെളിവുണ്ടെന്ന് കോടതി വ്യക്തമാക്കിയിട്ടും ധനമന്ത്രി കെ എം മാണിയെ രക്ഷിക്കാനുള്ള തത്രപ്പാടിലാണ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതൃത്വവും. എത്ര വലിയ നാണക്കേടാണിത്? അഴിമതിയെ ന്യായീകരിക്കുകയല്ലേ ഇവര്‍ ചെയ്യുന്നത്? ഈ കേസ് തുടങ്ങിയത് മുതല്‍ എന്തൊക്കെ കുതന്ത്രങ്ങളാണ് നടന്നതെന്ന് സത്യസന്ധരായ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ പുറത്ത് പറഞ്ഞു കൊണ്ടിരിക്കുന്നു. അഴിമതി നടക്കുന്നുവെന്ന് മാത്രമല്ല, അത് പിടിക്കപ്പെട്ടാല്‍ നിയമപരമായ നടപടിക്രമങ്ങള്‍ക്ക് അവ വിധേയമാക്കുന്നുമില്ല. ജനം ഇതെല്ലാം കാണുന്നുണ്ട്. ഇതൊക്കെ മനസ്സില്‍ വെച്ചാണ് അവര്‍ ബൂത്തിലേക്ക് പോകുന്നത്. അത്‌കൊണ്ട് ഇടതുപക്ഷത്തോടൊപ്പം അവര്‍ നില്‍ക്കുമെന്ന് ആത്മവിശ്വാസത്തോടെ പറയാനാകും.

---- facebook comment plugin here -----

Latest