Connect with us

Gulf

ഷാര്‍ജയില്‍ സെന്‍സസ് പുരോഗമിക്കുന്നു വിവരങ്ങള്‍ മലയാളത്തിലും

Published

|

Last Updated

ഷാര്‍ജ; എമിറേറ്റില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച സെന്‍സസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മലയാളത്തിലും. ഇതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ബുക്ക്‌ലെറ്റിലാണ് വിവരങ്ങള്‍ മലയാളത്തില്‍ ചേര്‍ത്തിട്ടുള്ളത്. അറബിക്, ഇംഗ്ലീഷ്, ബംഗ്ലാ തുടങ്ങിയ ഭാഷകളിലാണ് മലയാളത്തിന് പുറമെ വിവരങ്ങളുള്ളത്. സെന്‍സസുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ബുക്ക്‌ലെറ്റില്‍ ചേര്‍ത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത് സംബന്ധിച്ച് ജനങ്ങള്‍ക്ക് യാതൊരു ആശങ്കയോ സംശയമോ ഉയരാനിടയില്ല.
ആളുകള്‍ക്ക് എളുപ്പം മനസ്സിലാക്കുന്ന ഭാഷയില്‍ വിവരങ്ങള്‍ പൂര്‍ണമായി നല്‍കുന്നത് സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നു. ഇതര ഭാഷകളോടൊപ്പം മലയാളത്തിനും പരിഗണന നല്‍കിയ നടപടി എമിറേറ്റില്‍ താമസിക്കുന്ന മലയാളി സമൂഹത്തെ സന്തുഷ്ടരാക്കിയിട്ടുണ്ട്.
സെന്‍സസ് പ്രവര്‍ത്തനങ്ങളുടെ ഒന്നാം ഘട്ടമാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. ഒരു മാസത്തിനകം ഇത് പൂര്‍ത്തിയാക്കും. രണ്ടാം ഘട്ടം ഡിസംബര്‍ ആറിന് ആരംഭിക്കും. സെന്‍സസിന്റെ ഭാഗമായി എന്യൂമറേറ്റര്‍മാര്‍ താമസസ്ഥലങ്ങളില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ റോള, യര്‍മൂക് ഭാഗങ്ങില്‍ സെന്‍സസ് നടന്നു. സ്ത്രീകളും പുരുഷന്മാരും അടങ്ങുന്നതാണ് സംഘം.
താമസസ്ഥലങ്ങളിലെത്തി ഓരോ കെട്ടിടത്തിന്റെയും വിവരങ്ങളും താമസക്കാരുടെ എണ്ണവും ശേഖരിക്കുന്നു. പ്രത്യേക യൂണിഫോം ധരിച്ചാണ് എന്യൂമറേറ്റര്‍മാര്‍ വരുന്നത്. താമസക്കാര്‍ക്ക് സെന്‍സസ് വിവരങ്ങളുള്ള ബുക്ക്‌ലെറ്റും താമസക്കാരുടെ വിവരങ്ങള്‍ രേഖപ്പെടുത്തി നല്‍കാനുള്ള ഫോമുകളും നല്‍കുന്നുണ്ട്.
ഓരോ താമസക്കാരന്റെയും ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് നമ്പറും കാര്‍ഡിലുള്ള വ്യക്തിയുടെ മുഴുവന്‍ പേരുമാണ് രേഖപ്പെടുത്തേണ്ടത്. പൂരിപ്പിച്ച ഫോമുകള്‍ വാട്‌സാപ്പ് വഴിയോ ഓണ്‍ലൈന്‍ വഴിയോ സെന്‍സസ് അധികൃതര്‍ക്ക് അയച്ചുകൊടുക്കണം.
രണ്ടാംഘട്ടത്തില്‍ കുടുംബങ്ങളെയും വ്യക്തികളെയും കുറിച്ച് ആവശ്യപ്പെടുന്ന മുഴുവന്‍ വിവരങ്ങളും നല്‍കണം. വിദ്യാഭ്യാസ നിലവാരം, വീടിന്റെ അവസ്ഥ, ജോലിയുടെ സ്ഥിതി, എമിറേറ്റ് ഐ ഡി നമ്പര്‍ എന്നിവയും നല്‍കണം.
വയോധികര്‍, സ്‌കൂള്‍ പഠനം അവസാനിച്ചവര്‍, ഉദ്യോഗാര്‍ഥികള്‍, അനാഥകള്‍, ഭിന്നശേഷിക്കാര്‍, വിധവകള്‍, വിവാഹ മോചിതര്‍, വേറിട്ട് ജീവിക്കുന്നവര്‍ എന്നിവരുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്.
സെന്‍സസിനെ കുറിച്ച് വളരെ സുതാര്യമായ രീതിയിലാണ് എന്യൂമറേറ്റര്‍മാരുടെ പ്രവര്‍ത്തനം. സെന്‍സസിനെ കുറിച്ചും പ്രാധാന്യത്തെ കുറിച്ചും അവര്‍ വിശദീകരിക്കും. താമസക്കാരില്‍ പലരും എന്യൂമറേറ്റര്‍മാരെ കാണുമ്പോള്‍ ആശങ്കപ്പെടുന്ന സ്ഥിതിയുണ്ട്. ഇതൊഴിവാക്കാനാണ് എന്യൂമറേറ്റര്‍മാര്‍ കാര്യങ്ങള്‍ വിശദീകരിച്ചുനല്‍കുന്നത്.
2015ലെ ഏഴാം നമ്പര്‍ ഉത്തരവ് അനുസരിച്ച് എല്ലാ വിവരങ്ങളും രഹസ്യമായി സൂക്ഷിക്കുന്നത്. സമൂഹത്തിന്റെ ഉന്നമനത്തിനും ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും മാത്രം ഉപയോഗിക്കുന്നതുമായിരിക്കുമെന്ന് ബുക്ക്‌ലെറ്റില്‍ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.

Latest