Connect with us

Gulf

ജനറല്‍ ശൈഖ് മുഹമ്മദ് യു കെ വിദേശ കാര്യ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി

Published

|

Last Updated

അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഉപ മേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ യു കെ വിദേശ കാര്യ സെക്രട്ടറി ഫിലിപ്പ് ഹമോഡുമായി കൂടിക്കാഴ്ച നടത്തുന്നു

അബുദാബി: അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപ മേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ യു കെ വിദേശകാര്യ സെക്രട്ടറി ഫിലിപ്പ് ഹമോഡുമായി കൂടിക്കാഴ്ച നടത്തി. അബുദാബിയിലെ അല്‍ ഷാക്കി പാലസിലായിരുന്നു കൂടിക്കാഴ്ച.
വിദേശകാര്യ സെക്രട്ടറിക്കൊപ്പം ഉന്നതതല പ്രതിനിധി സംഘവും ജനറല്‍ ശൈഖ് മുഹമ്മദിനെ കാണാനെത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂടുതല്‍ ദൃഢമാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇരുവരും ചര്‍ച്ച ചെയ്തത്. ഇരുരാജ്യങ്ങള്‍ക്കും താത്പര്യമുള്ള പദ്ധതികളെ കുറിച്ചും ഇരുവരും സംസാരിച്ചു. സിറിയന്‍ പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം കാണുന്നതിനും അവിടുത്തെ ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തുന്നതിനും ആവശ്യമായ നടപടികളെ കുറിച്ച് ഗൗരവപൂര്‍ണമായാണ് ജനറല്‍ ശൈഖ് മുഹമ്മദും ഫിലിപ്പ് ഹമോഡും പരാമര്‍ശിച്ചത്. അറബ് മേഖലയിലെയും മധ്യ പൗരസ്ത്യ ദേശത്തെയും രാഷ്ട്രീയ സ്ഥിരതക്ക് സിറിയന്‍ പ്രശ്‌നവും യമന്‍ പ്രശ്‌നവും ശാശ്വതമായി പരിഹരിക്കേണ്ടതുണ്ടെന്ന നിലപാടാണ് യു എ ഇക്കുള്ളത്. യു എ ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാനും ചര്‍ച്ചയില്‍ പങ്കെടുത്തു.
മേഖലയുമായി ബന്ധപ്പെട്ട പരസ്പരം താത്പര്യമുള്ള പ്രാദേശികവും രാഷ്ട്രാന്തരീയവുമായ വിഷയങ്ങളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാനും ഇരുവരുടെയും ചര്‍ച്ച സഹായകമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേഖലയിലെ രാജ്യങ്ങളും രാജ്യാന്തര സമൂഹവുമെല്ലാം ഭീകരവാദത്തെയും തീവ്രവാദത്തെയും പ്രതിരോധിക്കാന്‍ പരസ്പരം സഹകരിക്കണം. അക്രമം, ഭീകരവാദം തുടങ്ങിയവയെ തള്ളിപ്പറയാന്‍ ലോകനേതൃത്വവും ജനതയും ഒറ്റക്കെട്ടായി നിലകൊള്ളേണ്ടുന്നതിന്റെ പ്രാധാന്യവും ഇരുവരുടെയും സംസാരത്തില്‍ വിശദമായി പ്രതിപാദിക്കപ്പെട്ടു. യു എ ഇയുടെ യു കെ സ്ഥാനപതി ഫിലിപ്പ് പാര്‍ ഹാമും കൂടിക്കാഴ്ചയില്‍ പങ്കാളിയായി.

Latest