Connect with us

International

റഷ്യന്‍ വിമാനം ഈജിപ്തില്‍ തകര്‍ന്നു വീണു; 224 മരണം

Published

|

Last Updated

കൈറോ: റഷ്യന്‍ വിമാനം ഈജിപ്തിലെ സിനായി ഉപദ്വീപില്‍ തകര്‍ന്നുവീണ് 224 പേര്‍ മരിച്ചു. ഈജിപ്തിലെ ശറം അല്‍ ശെയ്ഖില്‍ നിന്ന് റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലേക്ക് പുറപ്പെട്ട എ- 321 എയര്‍ബസ് ആണ് യാത്ര തുടങ്ങി മിനുട്ടുകള്‍ക്കകം തകര്‍ന്നുവീണത്. ബ്ലാക്ക് ബോക്‌സ് ഉള്‍പ്പെടെ വിമാനത്തിന്റെ അവശിഷ്ടങ്ങളും മൃതദേഹങ്ങളും ഹസാന പ്രദേശത്ത് കണ്ടെത്തി. 217 യാത്രക്കാരും ഏഴ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരില്‍ 138 സ്ത്രീകളും പതിനേഴ് കുട്ടികളും ഉള്‍പ്പെടും. മുഴുവന്‍ യാത്രക്കാരും റഷ്യക്കാരാണെന്ന് ഈജിപ്ത് അറിയിച്ചു.
റഷ്യന്‍ വിമാനക്കമ്പനിയായ കൊഗല്യമാവിയ മെട്രോജെറ്റ് എന്ന ബ്രാന്‍ഡില്‍ സര്‍വീസ് നടത്തുന്ന വിമാനമാണ് തകര്‍ന്നത്. മധ്യ സിനായിലെ വിജനമായ പര്‍വത പ്രദേശത്താണ് വിമാനം തകര്‍ന്നുവീണതെന്ന് വ്യോമയാന മന്ത്രാലയ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അതേസമയം വിമാനം തങ്ങള്‍ തകര്‍ത്തതാണെന്നും അപകടത്തിന്റെ ഉത്തരവാദിത്വം തങ്ങള്‍ ഏറ്റെടുക്കുന്നതായും ഇസില്‍ അവകാശപ്പെട്ടു.
വിമാനം രണ്ടായി പിളര്‍ന്ന് പിന്‍ഭാഗത്തെ ചെറിയ ഭാഗം കത്തിനശിക്കുകയും മുന്‍ഭാഗം വലിയ പാറകള്‍ക്ക് മേല്‍വീഴുകയുമായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. നൂറ് മൃതദേഹങ്ങള്‍ അപകടം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തി. ശേഷിക്കുന്നവ വിമാനത്തിനുള്ളിലുണ്ടാകുമെന്നാണ് കരുതുന്നത്.
പ്രാദേശിക സമയം 6.51ന് ശറം അല്‍ ശെയ്ഖിലെ റെഡ് സീ റിസോര്‍ട്ടില്‍ നിന്ന് പറന്നുയര്‍ന്ന് 23 മിനുട്ടിന് ശേഷം സൈപ്രസിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടതായി അധികൃതര്‍ പറഞ്ഞു. ഇതിന് പിന്നാലെ വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമാകുകയും ചെയ്തു. ഈ സമയം 9,500 മീറ്റര്‍ ഉയരത്തിലായിരുന്നു വിമാനം.
ഇസിലുമായി ബന്ധമുള്ള തീവ്രവാദ സംഘടനകള്‍ക്ക് ശക്തമായ സ്വാധീനമുള്ള മേഖലയാണ് സിനായി.
സിറിയന്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദിനെ പിന്തുണക്കുന്ന റഷ്യ, ഇസില്‍ ശക്തികേന്ദ്രങ്ങളില്‍ വ്യോമാക്രമണവും നടത്തുന്നുണ്ട്. അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തിയ റഷ്യന്‍ പ്രസിഡന്റ് വഌദമിര്‍ പുടിന്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

---- facebook comment plugin here -----

Latest