Connect with us

Kerala

അന്യ സംസ്ഥാന തൊണ്ടി വാഹനങ്ങള്‍ കേരളത്തില്‍ വില്‍പ്പനക്ക്‌

Published

|

Last Updated

നിലമ്പൂര്‍: മുംബെ, ഹരിയാന, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ ക്രിമിനല്‍ കേസുകളില്‍ തൊണ്ടി മുതലായി പോലീസ് കസ്റ്റഡിയിലെടുത്ത ആഡംബര കാറുകള്‍ കേരളത്തില്‍ വില്‍പ്പനക്കെത്തുന്നു. മലപ്പുറം ജില്ലയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ആയിരത്തിലധികം കാറുകള്‍ കൈമാറ്റം ചെയ്യപ്പെട്ടതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മുംബെയിലെ ഏജന്റുമാര്‍ വഴി കേരളത്തില്‍ വലിയ റാക്കറ്റ് തന്നെ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മലപ്പുറം ജില്ലയില്‍ കൊണ്ടോട്ടി, മോങ്ങം, മഞ്ചേരി, നിലമ്പൂര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് കച്ചവടം നടക്കുന്നത്.
അന്യ സംസ്ഥാനങ്ങളിലെ രജിസ്‌ട്രേഷന്‍ മാറ്റുന്നതിന് അവിടെ നിന്നുള്ള എന്‍ ഒ സി അടക്കമുള്ള രേഖകള്‍ ഹാജരാക്കിയാല്‍ മാത്രമേ കേരളത്തിലെ ആര്‍ ടി ഓഫീസുകളില്‍ രജിസ്‌ട്രേഷന്‍ അനുവദിക്കൂ. കള്ളവണ്ടിയാണെങ്കിലും ഒറിജിനല്‍ എന്‍ ഒ സി മുംബെയിലെ ഏജന്റുമാര്‍ ഒപ്പിച്ചുകൊടുക്കും. ഇതുമായി കേരളത്തിലെത്തിയാല്‍ ആര്‍ ടി ഓഫിസുകളിലെ ഉദ്യോഗസ്ഥരുടെ അടുത്ത ഏജന്റുമാര്‍ വഴി കേരളത്തിലും രജിസ്‌ട്രേഷന്‍ നടത്തും.
കേരളത്തിലെ സെക്കന്റ്ഹാന്റ് കാറുകളുടെ വിലയേക്കാള്‍ 30,000 രൂപ മുതല്‍ 60,000 രൂപ വരെ വില കുറച്ച് പുറത്തുനിന്ന് കാറുകള്‍ ലഭിക്കുമെന്നതാണ് ഈ വലയില്‍ ആളുകള്‍ കുടുങ്ങാന്‍ കാരണം. പ്രവാസികളാണ് ഇതില്‍ കുടുങ്ങുന്നതിലധികവും. അടുത്ത ബന്ധുക്കളോ പരിചയക്കാരോ ആയിരിക്കും ഇടനിലക്കാരായി നില്‍ക്കുന്നത്. കാറിനുള്ള പണം ഇവരെ ഏല്‍പ്പിക്കും. മുംബെയില്‍ നിന്നുള്ള എന്‍ ഒ സി ഈ ഇടനിലക്കാരുടെ പേരിലായിരിക്കും. അവരുടെ പേരില്‍ രജിസ്‌ട്രേഷന്‍ ചെയ്ത ശേഷം ഇവര്‍ മറിച്ചു വില്‍ക്കുകയണ് ചെയ്യുക. എന്നാല്‍, മുംബെയില്‍ നിന്ന് കാര്‍ തിരഞ്ഞ് പോലീസ് എത്തിയാല്‍ ആദ്യം കുടുങ്ങുന്നത് ഇടനിലക്കാരാണ്. അതില്‍ നിന്ന് രക്ഷപ്പെടാന്‍ വിറ്റ കാര്‍ അതിന്റെ നിലവിലുള്ള ഉടമ അറിയാതെ അവരുടെ വീട്ടില്‍ നിന്നും കൊണ്ടുപോകും ഏത് സ്റ്റേഷനിലാണോ മുംബെ പോലീസ് ഉള്ളത് അവിടെ എത്തിക്കും. ആളെ കൊണ്ടുപോകാതിരിക്കാന്‍ മുംബെ പോലീസിനും, കേരള പോലീസിനും പണം നല്‍കി കേസ് ഒതുക്കും. കാറുമായി മുംബെ പോലീസ് മടങ്ങും. കാറിന്റെ ഉടമ ഇടനിലക്കാരന സമീപിച്ചാല്‍ അയാള്‍ കൈമലര്‍ത്തും. കള്ളവണ്ടിയാണെന്ന് താന്‍ അറിഞ്ഞില്ലെന്നും മുബെയിലെ ഏജന്റ് ചതിച്ചതാണെന്നും അയാളില്‍ നിന്ന് പണം മടക്കി ലഭിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും പറയും. ഇതോടെ ഇടനിലക്കാരും കാറുവാങ്ങിയവരും തമ്മില്‍ സംഘര്‍ഷത്തിലെത്തും. പോലീസിന്റെ മധ്യസ്ഥതയില്‍ ചിലത് പകുതി പണം മടക്കി നല്‍കും. ചിലത് തീരെ നല്‍കില്ല. മലപ്പുറം ജില്ലയിലെ നൂറുകണക്കിനാളുകളാണ് ഇത്തരത്തില്‍ ചതിയില്‍പ്പെട്ടത്. മുംബെ പോലീസ് കൊണ്ടു പോകുന്ന ഇത്തരം കാറുകള്‍ മറ്റൊരു രജിസ്‌ട്രേഷന്‍ നമ്പറില്‍ മുംബെ കാറായി വീണ്ടും ജില്ലയിലെത്തും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയാണ് വ്യാപകമായ തോതില്‍ അന്യ സംസ്ഥാനത്തു നിന്ന് വാഹനങ്ങള്‍ കേരളത്തില്‍ ലെത്തിതുടങ്ങിയത്.

Latest