‘എ കെ ജി സെന്റര്‍’ തിരിച്ചുപിടിക്കാന്‍ അരയും തലയും മുറുക്കി സി പി എം

Posted on: October 31, 2015 9:44 am | Last updated: October 31, 2015 at 9:44 am
SHARE

തിരുവനന്തപുരം: എ കെ ജി സെന്റര്‍ തിരിച്ചുപിടിക്കാന്‍ അരയും തലയും മുറുക്കി സി പി എം പ്രചാരണ രംഗത്ത്. കഴിഞ്ഞ തവണ വെറും മൂന്ന് വോട്ടിന്റെ ഭൂരിപക്ഷത്തില്‍ നഷ്ടമായ എ കെ ജി സെന്റര്‍ ഉള്‍പ്പെട്ട കുന്നുകുഴി വാര്‍ഡ് ഇക്കുറി തിരിച്ചുപിടിക്കുകയെന്നത് സി പി എമ്മിന്റെ അഭിമാനപ്രശ്‌നം കൂടിയാണ്. സി പി എം ആസ്ഥാനം ഉള്‍പ്പെടുന്ന സ്ഥലത്തിന്റെ ഭരണം കഴിഞ്ഞ തവണ നഷ്ടപ്പെട്ടത് പാര്‍ട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയിരുന്നു.
ഇത്തവണ എന്ത് ത്യാഗം സഹിച്ചും അത് നികത്തണമെന്ന ദൃഢനിശ്ചയത്തിലാണ് അണികള്‍. അതിനാല്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലും വളരെ ശ്രദ്ധിച്ചാണ് സി പി എം തീരുമാനമെടുത്തത്. തലസ്ഥാനത്തെ യുവജന പോരോട്ടങ്ങളില്‍ മുന്നണിപ്പോരാളിയായി തിളങ്ങുന്ന ഐ പി ബിനുവിന്റെ സ്ഥാനാര്‍ഥിത്വം സി പി എം ഏറെ തീരുമാനിച്ചുറപ്പിച്ചതാണ്. ഏവര്‍ക്കും സ്വീകാര്യ മുഖമായ ബിനുവിലൂടെ വാര്‍ഡ് തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് സി പി എം. യൂനിവേഴ്‌സിറ്റി കോളജ് മാഗസിന്‍ എഡിറ്ററായിരുന്ന ബിനുവിന് വേണ്ടി യുവാക്കളുടെ ഒരു നിരതന്നെ പ്രചാരണത്തിനുണ്ട്. ജാസി ഗിഫ്റ്റ്, അനുപ്രവീണ്‍ തുടങ്ങിയ ഗായകരുടെ നേതൃത്വത്തില്‍ കോളജിലെ മുന്‍ വിദ്യാര്‍ഥികളും പ്രചാരണത്തില്‍ സജീവമാണ്. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനായിരുന്നു കുന്നുകുഴിയിലെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തത്.
2010ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ അവസാന ഘട്ടം വരെയും സി പി എം ആസ്ഥാനമായ എ കെ ജി സെന്റര്‍ പിരിമുറുക്കത്തിലായിരുന്നു. ഫലപ്രഖ്യാപനം പൂര്‍ത്തിയായതോടെ ചുണ്ടിനും കപ്പിനുമിടയില്‍ ഭരണം നഷ്ടപ്പെടുകയായിരുന്നു. സി പി എം സ്ഥാനാര്‍ഥിയെ മൂന്ന് വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസിലെ എ മേരി പുഷ്പം പരാജയപ്പെടുത്തിയത്.
വാര്‍ഡിലെ കോണ്‍ഗ്രസ്, ബി ജെ പി സ്ഥാനാര്‍ഥികളും യുവാക്കള്‍ തന്നെയാണ്. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം പാര്‍ലിമെന്റ് കമ്മിറ്റി പ്രസിഡന്റ് വിനോദ് യേശുദാസ് ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. യുവമോര്‍ച്ച നേതാവ് എസ് മഹേഷാണ് ബി ജെ പി സ്ഥാനാര്‍ഥി. ക്ഷേത്ര സംരക്ഷണ സമിതി അംഗം കൂടിയാണ് മഹേഷ്. കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയെങ്കിലും വിമതനായ കുന്നുകുഴി സുരേഷും പ്രചാരണ രംഗത്ത് സജീവ സാന്നിധ്യമായുണ്ട്. തങ്ങ ളുടെ എത്ര വോട്ടുകള്‍ വിമതന് കിട്ടും എന്നതിനെകൂടി ആശ്രയിച്ചിരിക്കും ഇത്തവണ കോണ്‍ഗ്രസിന്റെ ഭാവി.
യുവജന പ്രസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് മൂന്ന് സ്ഥാനാര്‍ഥികളും എന്നതിനാല്‍ പരസ്യ പ്രചാരണത്തിന് പുറമെ ഫേസ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ നവമാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണവും ഇവിടെ തകൃതിയിലാണ്. മൂന്ന് പേരും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ആദ്യമാണെന്ന പ്രത്യേകതയുമുണ്ട്. ചേരിപ്രദേശങ്ങള്‍ കൂടുതലുള്ള സ്ഥലമായതിനാല്‍ വാര്‍ഡിന്റെ സമഗ്ര വികസനത്തോടൊപ്പം കോളനികളുടെ പുനരുദ്ധാരണവുമാണ് ബിനു പ്രചാരണ വിഷയങ്ങളായി ഉയര്‍ത്തിയിരിക്കുന്നത്. രാജാജി നഗര്‍ കോളനിക്ക് നല്‍കുന്ന പരിഗണന തങ്ങള്‍ക്ക് കിട്ടുന്നില്ലെന്ന് ഉയര്‍ത്തിക്കാട്ടിയാണ് വിനോദ് പ്രചാരണം നടത്തുന്നത്. മാലിന്യപ്രശ്‌നം, റോഡ് വികസനം, കുടിവെള്ള പ്രശ്‌നം എന്നിവക്ക് പരിഹാരം കാണുമെന്നാണ് ബി ജെ പി സ്ഥാനാര്‍ഥി മഹേഷിന്റെ പ്രഖ്യാപനം.