Connect with us

Kozhikode

അവകാശവാദങ്ങളുമായി മുന്നണികള്‍, ഒപ്പം ആശങ്കയും

Published

|

Last Updated

സങ്കീര്‍ണമായ രാഷ്ട്രീയ സാഹചര്യവും വേറിട്ട പ്രചാരണ ശൈലിയും ജാതി -മത സമവാക്യങ്ങള്‍ തെറ്റിയുള്ള രാഷ്ട്രീയ കൂട്ടുകെട്ടുകളും കൊണ്ട് ശ്രദ്ധേയമായ തദ്ദേശ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് സമാപിക്കാനിരിക്കെ ജില്ലയില്‍ ചങ്കിടിപ്പോടെ മുന്നണികള്‍. പ്രാദേശിക വിഷയങ്ങളെക്കാള്‍ ഉപരി തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചരിത്രത്തില്‍ മുമ്പെങ്ങുമില്ലാത്തവിധം ദേശീയ-സംസ്ഥാന രാഷ്ട്രീയം നിറഞ്ഞുനിന്ന പ്രചാരണം, മുന്നണി ബന്ധങ്ങള്‍ തെറ്റിച്ച് അടവുനയങ്ങളും റിബലുകളും വ്യാപകം. വോട്ടെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കെ രാഷ്ട്രീയ കാറ്റ് എങ്ങോട്ടെന്ന് പറയാന്‍ പറ്റാത്ത അവസ്ഥ. കടുത്ത രാഷ്ട്രീയ പോരാട്ടം നടക്കുന്ന ജില്ലയില്‍ ഇരു മുന്നണിയും ബി ജെ പിയും അവകാശവാദങ്ങള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും ഒപ്പം ആശങ്കയും പങ്കുവെക്കുന്നു.
2010ലെ തിരഞ്ഞെടുപ്പ് മാറ്റിനിര്‍ത്തിയാല്‍ ജില്ലയിലെ മഹാഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളും ഇടതിനൊപ്പമായിരുന്നു. 2005ല്‍ തകര്‍ന്ന് നിലംപൊത്തിയ യു ഡി എഫിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിനാണ് 2010 സാക്ഷ്യം വഹിച്ചത്. ഭൂരിഭാഗം ഗ്രാമപഞ്ചായത്തുകളും നേടിയ യു ഡി എഫിന് ഒരു സീറ്റിനാണ് ജില്ലാ പഞ്ചായത്ത് ഭരണം നഷ്ടമായത്. കൂട്ടിച്ചേര്‍ത്ത പഞ്ചായത്തുകള്‍ ഇല്ലായിരുന്നെങ്കില്‍ 40 വര്‍ഷം ഇടതുപക്ഷം ഭരിച്ച കോര്‍പറേഷനും യു ഡി എഫ് പിടിക്കുമായിരുന്നു. ഇത്തരത്തില്‍ ഒരു മുന്നേറ്റം തന്നെയാണ് ഗ്രാമപഞ്ചായത്തുകളില്‍ യു ഡി എഫ് പ്രതീക്ഷിക്കുന്നത്. ഒപ്പം കോഴിക്കോട് കോര്‍പറേഷനും ജില്ലാ പഞ്ചായത്തും പിടിച്ചെടുക്കാനാകുമെന്നും ഇവര്‍ കണക്കുകൂട്ടുന്നു. എന്നാല്‍ തങ്ങളുടെ പരമ്പരാഗത വോട്ടുബേങ്കിന് ഒരു കോട്ടവും തട്ടിയിട്ടില്ലെന്ന് എല്‍ ഡി എഫ് തറപ്പിച്ച് പറയുന്നു. സാമുദായിക സംഘടനകളുടെയെല്ലാം പിന്തുണയും ചില പാര്‍ട്ടികളുടെ മുന്നണി മാറ്റവുമെല്ലാം 2010ല്‍ യു ഡി എഫിനെ തുണക്കുകയായിരുന്നു. എന്നാല്‍ യു ഡി എഫിന് അനുകൂലമായ ഒരു സാഹചര്യവും ഇപ്പോള്‍ ജില്ലയില്‍ നിലനില്‍ക്കുന്നില്ലെന്നും എല്‍ ഡി എഫ് വന്‍ വിജയം നേടുമെന്നും ഇവര്‍ അവകാശപ്പെടുന്നു. ഏതാനും ഗ്രാമപഞ്ചായത്തുകളില്‍ നേട്ടമുണ്ടാക്കാനാകുമെന്നാണ് ബി ജെ പിയുടെ അവകാശവാദം.
ജില്ലാ പഞ്ചായത്ത് രൂപവത്കരിച്ച കാലം മുതല്‍ ഇടതിനൊപ്പമാണ്. 2005ല്‍ ജില്ലാ പഞ്ചായത്ത് തൂത്തുവാരിയ എല്‍ ഡി എഫ് 2010ല്‍ കേവലം ഒരു അംഗത്തിന്റെ ഭൂരിപക്ഷത്തിനാണ് ഭരണം നിലനിര്‍ത്തിയത്. ആകെയുള്ള 27 ഡിവിഷനുകളില്‍ എല്‍ ഡി എഫ് 14ഉം യു ഡി എഫ് 13മാണ് കഴിഞ്ഞ തവണ നേടിയത്. നിര്‍ഭാഗ്യംകൊണ്ട് കൈവിട്ടുപോയ വിജയം ഇത്തവണ ഉണ്ടാകുമെന്ന് യു ഡി എഫ് പറയുന്നു. 15 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലാണ് യു ഡി എഫ് വിജയം പ്രതീക്ഷിക്കുന്നത്. എന്നാല്‍ 15 മുതല്‍ 20 വരെ ജില്ലാ പഞ്ചായത്ത് ഡിവിഷനുകള്‍ നേടുമെന്ന് എല്‍ ഡി എഫ് പറയുന്നു. വടകര മേഖലയിലെ ആര്‍ എം പി പ്രവര്‍ത്തനം ഒഴിച്ചാല്‍ ജില്ലാ പഞ്ചായത്തില്‍ ഇരു മുന്നണിയും നേര്‍ക്കുനേര്‍ പോരാട്ടമാണ്. എടച്ചേരി ഡിവിഷനിലാണ് ആര്‍ എം പി മത്സരിക്കുന്നത്. സി പി എമ്മില്‍ നിന്ന് അടുത്തിടെ രാജിവെച്ച മുന്‍ ഒഞ്ചിയം ഗ്രാമപഞ്ചായത്ത് അംഗം ആര്‍ പ്രമീളയാണ് ആര്‍ എം പി സ്ഥാനാര്‍ഥി. ഇവിടെ സ്ഥാനാര്‍ഥിയെ നിര്‍ത്താതെ യു ഡി എഫ് ആര്‍ എം പിക്ക് പിന്തുണ നല്‍കിയിരിക്കുകയാണ്. പകരം വടക്കന്‍ മേഖലകളിലെ മറ്റ് ഡിവിഷനുകളില്‍ ആര്‍ എം പി വോട്ടുകള്‍ യു ഡി എഫ് പ്രതീക്ഷിക്കുന്നു. കൂടാതെ ഇവിടത്തെ ചില പഞ്ചായത്തുകളിലും ആര്‍ എം പി വോട്ടുകളില്‍ മുന്നേറാനാകുമെന്ന് യു ഡി എഫ് കണക്കുകൂട്ടുന്നു. ഇടത് മതേതര ബദല്‍ എന്ന ആശയവുമായി രാഷ്ട്രീയ പ്രവര്‍ത്തനത്തിനിറങ്ങിയ ആര്‍ എം പിയുടെ യു ഡി എഫ് കൂട്ടുകെട്ട് ആര്‍ക്ക് ഗുണം ചെയ്യുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്. ബി ജെ പിയെ സംബന്ധിച്ചിടത്തോളം ജില്ലാ പഞ്ചായത്തില്‍ വലിയ പ്രതീക്ഷയില്ല. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വോട്ടുകള്‍ ചോരാതെ നിലനിര്‍ത്തുക എന്നതാണ് ബി ജെ പി ലക്ഷ്യം.
ബ്ലോക്ക് പഞ്ചായത്തില്‍ എല്‍ ഡി എഫ് ആധിപത്യത്തിന് കാര്യമായ കോട്ടം ഇത്തവണയും ഉണ്ടാകില്ല. 12 ബ്ലോക്കില്‍ കഴിഞ്ഞ തവണ എട്ടെണ്ണമാണ് എല്‍ ഡി എഫ് നേടിയത്. നാലിടത്ത് യു ഡി എഫ് ജയിച്ചു. 2005ല്‍ ഒരു ബ്ലോക്കിലും ജയിക്കാതിരുന്ന യു ഡി എഫിനെ സംബന്ധിച്ചിടത്തോളം ഇത് വലിയ നേട്ടം തന്നെയായിരുന്നു.
ഗ്രാമപഞ്ചായത്തില്‍ ഇരു മുന്നണിയും മുന്നേറ്റം നടത്തുമെന്ന് ഉറപ്പിച്ച് പറയുന്നു. കഴിഞ്ഞ തവണ 75 ഗ്രാമപഞ്ചായത്തില്‍ 38 എണ്ണം യു ഡി എഫ് നേടിയപ്പോള്‍ എല്‍ ഡി എഫ് 34 ആയി ചുരുങ്ങി. 2005ല്‍ കേവലം ആറ് പഞ്ചായത്ത് മാത്രം ജയിച്ച യു ഡി എഫിനെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമായിരുന്നു ഇത്. എന്നാല്‍ ഇത്തവണ 70 ഗ്രാമപഞ്ചായത്തുകളും ഏഴ് മുനിസാപ്പിലിറ്റികളിലുമാണ് തിരഞ്ഞെടുപ്പ്. ഇതില്‍ നന്മണ്ട, കാക്കൂര്‍, കുന്ദമംഗലം, ചെങ്ങോട്ടുകാവ്, ഒളവണ്ണ, പെരുവയല്‍ പഞ്ചായത്തുകളില്‍ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കണക്കുകളും എസ് എന്‍ ഡി പി ബന്ധവും പാര്‍ട്ടിയുടെ സ്വാധീനം വിവരിച്ച് ജില്ലയില്‍ ബി ജെ പി പിടിച്ചെടുക്കുമെന്ന് പറയുന്ന പഞ്ചായത്തുകളാണിത്. കൂടാതെ വടകര മേഖലയിലെ ഒഞ്ചിയം പഞ്ചായത്തില്‍ സി പി എമ്മും ആര്‍ എം പിയും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടമാണ്. ഇവിടെ യു ഡി എഫ് മൂന്നാം സ്ഥാനത്താണ്. ഒഞ്ചിയത്ത് ശക്തമായ മത്സരം നടക്കുന്ന പല വാര്‍ഡുകളിലും യു ഡി എഫിന് സ്ഥാനാര്‍ഥികളില്ലെന്നത് ശ്രദ്ധേയമാണ്. സമീപ പഞ്ചായത്തുകളായ ഏറാമല, ചേറോട്, അഴിയൂര്‍ പഞ്ചായത്തുകളിലും ആര്‍ എം പി മത്സരിക്കുന്നു.
നേരത്തെ ഉണ്ടായിരുന്ന വടകര, കൊയിലാണ്ടി നഗരസഭകള്‍ക്ക് പുറമെ പുതുതായി കൊടുവള്ളി, പയ്യോളി, മുക്കം, രാമനാട്ടുകര, ഫറോക്ക് മുനിസിപ്പാലിറ്റികളില്‍ കൂടിയാണ് ഇത്തവണ മത്സരം. ഇതില്‍ വടകരയിലും കൊയിലാണ്ടിയിലും എല്‍ ഡി എഫും കൊടുവള്ളിയിലും പയ്യോളിയിലും യു ഡി എഫും വിജയപ്രതീക്ഷ പുലര്‍ത്തുന്നു. എന്നാല്‍ യു ഡി എഫിന്റെ പ്രത്യേകിച്ച് മുസ്‌ലിം ലീഗിന്റെ ഉരുക്കുകോട്ടയായ കൊടുവള്ളിയില്‍ പതിവിന് വിപരീതമായി കടുത്ത മത്സരമാണ് നടക്കുന്നത്. എല്‍ ഡി എഫും യു ഡി എഫും തമ്മില്‍ നേരിട്ട് കൊടുവള്ളിയില്‍ മത്സരമില്ല. യു ഡി എഫിനെതിരെ കിട്ടാവുന്ന പാര്‍ട്ടികളെയെല്ലാം ഒരുമിപ്പിച്ച് എല്‍ ഡി എഫ് അഴിമതിവിരുദ്ധ ജനപക്ഷ മുന്നണിയുമായി രംഗത്തെത്തിയതാണ് മത്സരത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നത്. പി ടി എ റഹീം എം എല്‍ എയുടെ നേതൃത്വത്തിലുള്ള നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ്, സി പി എം, സി പി ഐ, ജനതാദള്‍ എസ്, ഐ എന്‍ എല്‍, ജമാഅത്തെ ഇസ്‌ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവയെല്ലാം ജനപക്ഷ മുന്നണിയിലുണ്ട്. മറ്റ് നഗരസഭകളായ മുക്കം, ഫറോക്ക്, രാമനാട്ടുകര എന്നവിടങ്ങളിലെല്ലാം പ്രവചനാതീതമായ പോരാട്ടമാണ്. മുനിസിപ്പാലിറ്റികളില്‍ റിബല്‍ ഭീഷണികള്‍ യു ഡി എഫിനയും ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യം എല്‍ ഡി എഫിനെയും വലക്കുന്നു.
കോര്‍പറേഷനില്‍ നഗരത്തിനുള്ളിലെ വാര്‍ഡുകളില്‍ യു ഡി എഫ് വലിയ പ്രതീക്ഷ വെക്കുമ്പോള്‍ കൂട്ടിച്ചേര്‍ത്ത വാര്‍ഡുകളിലും തീരദേശ മേഖലയിലുമാണ് എല്‍ ഡി എഫ് മുന്നേറ്റം പ്രതീക്ഷിക്കുന്നത്. കൂട്ടിച്ചേര്‍ത്ത പ്രദേശത്തെ 20 വാര്‍ഡുകളില്‍ 17ഉം എല്‍ ഡി എഫ് കഴിഞ്ഞ തവണ നേടിയിരുന്നു. ഈ മേഖലകളില്‍ മൂന്ന് സീറ്റ് നേടിയ യു ഡി എഫ് ഇത്തവണ പത്ത് സീറ്റെങ്കിലും നേടിയാല്‍ ഭരണം മറിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്. പത്ത് വാര്‍ഡുകളില്‍ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. ബി ജെ പിക്ക് ശക്തമായ വേരോട്ടമുള്ള മീഞ്ചന്ത, ചേവരമ്പലം, പുതിയാപ്പ, ബേപ്പൂര്‍ പോര്‍ട്ട്, ചെലവൂര്‍, പന്നിയങ്കര, ചക്കോരത്ത്കുളം, ബേപ്പൂര്‍, മാറാട്, വെളളയില്‍ എന്നിവിടങ്ങളിലാണ് കടുത്ത മത്സരം.

Latest