കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ അസംതൃപ്തരെ ലക്ഷ്യമിട്ട് സി പി എം

Posted on: October 31, 2015 9:24 am | Last updated: October 31, 2015 at 9:24 am
SHARE

തൊടുപുഴ: കേരള കോണ്‍ഗ്രസിലെ പി ജെ ജോസഫ് വിഭാഗത്തിലെ അസംതൃപ്തരെ ഒപ്പം നിര്‍ത്താന്‍ സി പി എം നേതൃത്വം ശ്രമം തുടങ്ങി. ജോസഫ് വിഭാഗം നേതാക്കളും പ്രവര്‍ത്തകരും നിലപാടെടുക്കേണ്ട സമയമാണിതെന്ന് പ്രഖ്യാപിച്ച് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം എം മണി തന്നെയാണ് ഇടുക്കിയില്‍ ഇടത് നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നത്.
ഇന്നലെ പി ജെ ജോസഫിനെതിരെ കടുത്ത വിമര്‍ശനമാണ് എം എം മണി ഉന്നയിച്ചത്. പി ജെ ജോസഫ് നിര്‍ഗുണ പരബ്രഹ്മമായി മാറി. മന്ത്രിയായി തുടരണമെന്ന ആഗ്രഹം മാത്രമേ ജോസഫിനുള്ളൂ. ഇടതുമുന്നണി വിട്ട ശേഷവും ജോസഫിനോട് മൃദുസമീപനം പുലര്‍ത്തിയിരുന്ന മണി ഇതാദ്യമായി ജോസഫിനെ കടന്നാക്രമിച്ചത് കേരളാ കോണ്‍ഗ്രസിലെ ലയനവിരുദ്ധരെ ലക്ഷ്യമിട്ടാണ്.
കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണിക്കെതിരെ കത്തിപ്പടരുന്ന ബാര്‍കോഴ വിവാദം പരമാവധി പ്രയോജനപ്പെടുത്താനുള്ള നീക്കങ്ങളിലാണ് സി പി എം എല്‍ ഡി എഫിനൊപ്പം നേരത്തെയുണ്ടായിരുന്ന കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം അണികളുടെ വോട്ട് പരമാവധി എല്‍ ഡി എഫ് പെട്ടിയിലാക്കാന്‍ പറ്റിയ സാഹചര്യമാണ് നിലവിലുള്ളതെന്ന വിലയിരുത്തല്‍ കൂടി ഈ നീക്കത്തിന് പിന്നിലുണ്ട്. കേരള കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ശരിയായ നിലപാടെടുക്കേണ്ട സമയമാണിതെന്ന് എം എം മണി ചൂണ്ടിക്കാട്ടുന്നു.
പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് എന്ത് സംഭവിച്ചാലും മന്ത്രിയായി തുടരണമെന്ന ആഗ്രഹം മാത്രമേ ജോസഫിനുള്ളൂ എന്ന മണിയുടെ ആരോപണം കേരളാ കോണ്‍ഗ്രസ് അണികളില്‍ തന്നെ ശക്തമാണ്.
2010ലെ തദ്ദേശഭരണ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പി ജെ ജോസഫിന്റെ കേരളാ കോണ്‍ഗ്രസ്(ജെ) മാണി വിഭാഗത്തില്‍ ലയിച്ച് യു ഡി എഫിലെത്തിയത്. തൊട്ടുപിന്നാലെ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പു മുതല്‍ തന്നെ ജോസഫ് വിഭാഗത്തില്‍ അസംതൃപ്തിയും ഉടലെടുത്തു.ശക്തിക്കനുസരിച്ച് സീറ്റു കിട്ടിയില്ലന്നു മാത്രമല്ല എല്‍ ഡി എഫിനൊപ്പമുണ്ടായിരുന്നതിനേക്കാള്‍ കുറഞ്ഞ സ്ഥാനങ്ങളാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ലഭിച്ചത്. പുറപ്പുഴ, കരിങ്കുന്നം പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ്-കേരളാ കോണ്‍ഗ്രസ് പരസ്പര മല്‍സരവും നടന്നു.
2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പി ജെ ജോസഫിന് എല്‍ ഡി എഫിലെ സിറ്റിംഗ് സീറ്റായ തൊടുപുഴ യു ഡി എഫ് നേതൃത്വം വിട്ടു നല്‍കി. ഇതിനെതിരെ ഡി സി സി പ്രസിഡന്റ് റോയ് കെ പൗലോസിന്റെ നേതൃത്വത്തില്‍ പരസ്യ കലാപം ഉയര്‍ത്തി.
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പി ജെ ജോസഫിന്റെ ശക്തനായ അനുയായി ഫ്രാന്‍സീസ് ജോര്‍ജിന് ഇടുക്കി സീറ്റ് വിട്ടു നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. ഈ പഞ്ചായത്ത തെരഞ്ഞെടുപ്പിലും മന്ത്രി ജോസഫിന്റെ സ്വന്തം പഞ്ചായത്തായ പുറപ്പുഴയിലും ആലക്കോടും കേരള കോണ്‍ഗ്രസും കോണ്‍ഗ്രസും ഏറ്റമുട്ടുകയാണ്. അസംതൃപ്തരായ കേരള കോണ്‍ഗ്രസുകാരെ ഒപ്പം കൂട്ടി തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാണ് ഇടതുനീക്കം. കേരള കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ഒരു സംസ്ഥാന ഭാരവാഹിയെ സി പി എം നോട്ടമിടുന്നതായും സൂചനയുണ്ട്.