വിന്‍സന്‍ എം പോളും തോമസ് ജേക്കബും

Posted on: October 31, 2015 6:00 am | Last updated: October 31, 2015 at 1:13 am
SHARE

SIRAJ.......ബാര്‍ കോഴക്കേസില്‍ കോടതി വിധി പരിഗണിച്ച് രാജി വെക്കാനുള്ള രാഷ്ട്രീയ മാന്യത കാണിക്കാനില്ലെന്ന് മന്ത്രി കെ എം മാണി വ്യക്തമാക്കിയെങ്കിലും, വിജിലന്‍സിന്റെ തലപ്പത്ത് തുടരാതിരിക്കാനുള്ള ധാര്‍മിക ബോധം പ്രകടിപ്പിച്ചിരിക്കുകയാണ് ഡയറക്ടര്‍ വിന്‍സന്‍ എം പോള്‍. അന്വേഷണ ഉദ്യോഗസ്ഥന്റെ ശിപാര്‍ശകളെ മറികടന്ന് കേസ് അവസാനിപ്പിക്കണമെന്ന് ഡയറക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് കോടതി തള്ളുകയും, മന്ത്രിക്കു വേണ്ടി അദ്ദേഹം അധികാര പരിധി മറികടന്നു പ്രവര്‍ത്തിച്ചുവെന്ന് സന്ദേഹം രേഖപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് അദ്ദേഹം വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം വിട്ടൊഴിയാന്‍ തീരുമാനിച്ചത്. ഇക്കാര്യം അദ്ദേഹം സര്‍ക്കാറിനെ അറിയിക്കുകയും രാജിയുടെ മുന്നോടിയായി ദീര്‍ഘകാല അവധിയില്‍ പ്രവേശിക്കുകയും ചെയ്തിട്ടുണ്ട്. വിജിലന്‍സിന്റെ സല്‍പേരിന് കളങ്കം വരാതിരിക്കാനും അന്വേഷണ ഏജന്‍സിയുടെ മനോവീര്യം നശിക്കാതിരിക്കാനും ഇനിയും താന്‍ തുടരാതിരിക്കുന്നതാണ് ഉചിതമെന്നാണ് അദ്ദേഹം കരുതുന്നത്.
വിന്‍സന്‍ എം പോളിനെതിരെ രൂക്ഷമായ വിമര്‍ശമാണ് വിജിലന്‍സ് കോടതി നടത്തിയത്. കോഴ വാങ്ങിയതിന് സാഹചര്യത്തെളിവുകളുള്ളതിനാല്‍ മാണിയെ പ്രൊസിക്യൂട്ട് ചെയ്യാന്‍ ശിപാര്‍ശ ചെയ്യാനാവശ്യപ്പെടുന്ന റിപ്പോര്‍ട്ടാണ് കേസ് അന്വേഷണത്തിന്റെ ചുമതല വഹിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ എസ് പി ആര്‍ സുകേശന്‍ തയാറാക്കിയത്. എന്നാല്‍ പണം ആവശ്യപ്പെട്ടതിനും സ്വീകരിച്ചതിനും തെളിവില്ലെന്നാണ് പരിശോധനാ റിപ്പോര്‍ട്ടില്‍ ഡയറക്ടര്‍ വിന്‍സെന്‍ എം പോള്‍ രേഖപ്പെടുത്തിയത്. പരിശോധനാ റിപ്പോര്‍ട്ടിലെ ഈ നിഗമനങ്ങള്‍ക്ക് അനുയോജ്യമായ വിധം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനെ ഡയറക്ടര്‍ നിര്‍ബന്ധിച്ചിരിക്കണമെന്ന നിഗമനത്തിലാണ് കോടതി. അന്വേഷണ ഉദ്യോഗസ്ഥന്റെ നിഗമനങ്ങളെ തള്ളിക്കളയാന്‍ ഒരു സാഹചര്യത്തിലും ഡയറക്ടര്‍ക്ക് അധികാരമില്ലെന്ന് കോടതി ഓര്‍മിപ്പിക്കുന്നു. അഡ്വക്കറ്റ് ജനറലിനെയും സംസ്ഥാനത്തെ മറ്റു നിയമ വിദഗ്ധരെയും മറികടന്നു സുപ്രീം കോടതിയിലെ സ്വകാര്യ അഭിഭാഷകരായ മോഹന്‍ പരാശരന്‍, എല്‍ നാഗേശ്വരറാവു എന്നിവരില്‍ നിന്നാണ് അദ്ദേഹം നിയമോപദേശം തേടിയതെന്നും ശ്രദ്ധേയമാണ്. കേസിന്റെ രേഖകള്‍ സ്വകാര്യ അഭിഭാഷകര്‍ക്ക് നല്‍കിയത് നിയമ വിരുദ്ധമാണ്. ഇത് തെറ്റായിപ്പോയെന്ന് പ്രോസിക്യൂട്ടര്‍ നേരത്തെ കോടതിയില്‍ സമ്മതിച്ചിട്ടുമുണ്ട്. ഇതും കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് ആരോപണമുയര്‍ന്നിരുന്നു.
സമ്മര്‍ദങ്ങള്‍ക്കതീതമായി ഉത്തരവാദനിര്‍വഹണം നടത്തുന്ന മികച്ച ഉദ്യോഗസ്ഥനായാണ് വിന്‍സെന്‍ എം പോള്‍ അറിയപ്പെട്ടിരുന്നത്. ബാര്‍ കോഴക്കേസില്‍ അദ്ദേഹം പോലും സ്വാധീനിക്കപ്പെട്ടുവെന്നു വരുമ്പോള്‍ കേസ് അട്ടിമറിക്കാന്‍ അതിശക്തമായ കരുനീക്കങ്ങളാണ് നടന്നതെന്ന് വ്യക്തമാകുന്നു. അഴിമതി നിര്‍മാര്‍ജന ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന പരിപാടിയില്‍ വിന്‍സെന്‍ എം പോള്‍ തന്നെ പറഞ്ഞത് പോലെ സംസ്ഥാനത്ത് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ക്രിമിനലുകളും ചേര്‍ന്ന കൂട്ടുകെട്ടാണ്. ഉദ്യോഗസ്ഥര്‍ക്കിവിടെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനോ കേസുകള്‍ നേരെ ചൊവ്വെ അന്വേഷിക്കാനോ സാധിക്കുന്നില്ല. അന്വേഷണങ്ങള്‍ നേരായ പാതയിലൂടെ നീങ്ങുകയും അത് ഭരണ തലത്തിലെ ഏതെങ്കിലും പ്രമുഖരെ ദോഷകരമായി ബാധിക്കുന്ന ഘട്ടത്തിലെത്തുകയും ചെയ്താല്‍ കേസിന്റെ ഗതിമാറ്റാന്‍ സര്‍ക്കാര്‍ ഭാഗത്ത് നിന്ന് സമ്മര്‍ദമുണ്ടാകും. വഴങ്ങിയില്ലെങ്കില്‍ ഉദ്യോഗസ്ഥന് ഉടനടി സ്ഥലം മാറ്റവും മറ്റു പീഡനങ്ങളും. തോമസ് ജേക്കബിനെ ബാര്‍കോഴ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റിയതിന്റെ പശ്ചാത്തലമിതായിരുന്നല്ലോ. വിജിലന്‍സ് എ ഡി ജി പിയായിരിക്കെ ജേക്കബ് തോമസ് നല്‍കിയ നിര്‍ദേശ പ്രകാരമാണ് അന്വേഷണ സംഘം മാണിക്കെതിരെ കേസെടുത്തത്. അതോടെ അദ്ദേഹത്തെ ഡി ജി പിയായി സ്ഥാനക്കയറ്റം നല്‍കി ബാര്‍കോഴ അന്വേഷണ ചുമതലയില്‍ നിന്നൊഴിവാക്കുകയായിരുന്നു. പിന്നീട് ഫയര്‍ഫോഴ്‌സ് മേധാവിസ്ഥാനത്ത് നിയമിക്കപ്പെട്ടു തോമസ് ജേക്കബ്. വന്‍കിട കെട്ടിട നിര്‍മാണങ്ങളില്‍ ഫഌറ്റ് മാഫിയയുടെ നിയമ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചപ്പോള്‍ അദ്ദേഹത്തെ തരം താഴ്ത്തി. ഈയിടെ ഓണ്‍ലൈന്‍ ലോട്ടറിക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ച ഉദ്യോഗസ്ഥന്റെ ഗതിയും ഇതുതന്നെയായിരുന്നു. ഓണ്‍ലൈന്‍ ലോട്ടറി കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി 250 കോടിയുടെ ലോട്ടറി പിടിച്ച ലോട്ടറി സെക്രട്ടറിയെ തൊട്ടടുത്ത ദിവസം തന്നെ സ്ഥലം മാറ്റുകയായിരുന്നു. രാഷ്ട്രീയക്കാരുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി അഴിമതിക്കെതിരെ പോരാടിയ സിവില്‍ സര്‍വീസിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും തിരിച്ചടി നേരിട്ട അനുഭവമാണ് സംസ്ഥാനത്തുള്ളത്. അതേ സമയം രാഷ്ട്രീയക്കാരുടെയും അധികാര സ്ഥാനങ്ങളിലിരിക്കുന്നവരുടെയും അനധികൃത നീക്കങ്ങള്‍ക്ക് ഒത്താശ ചെയ്തു അവിഹിതമായി അവരെ സേവിക്കാനുള്ള തൊലിക്കട്ടിയുള്ളവര്‍ക്ക് ഒന്നും ഭയപ്പെടാനില്ല. അത്തരക്കാര്‍ക്ക് ഇഷ്ടമുള്ള തസ്തികകളില്‍ സസുഖം വാഴാം. ഇതാണ് നമ്മുടെ സംസ്ഥാനത്തിന്റെ ഏറ്റവും വലിയ ദുര്യോഗം.