അത് വിമര്‍ശമല്ല; വസ്തുതകള്‍

Posted on: October 31, 2015 6:00 am | Last updated: October 31, 2015 at 1:12 am
SHARE

ശിഹാബ് തങ്ങള്‍ക്കു ശേഷം പാണക്കാട് കുടുംബത്തിന്റെ നിലപാടുകളില്‍ മാറ്റമുണ്ടായിട്ടുണ്ടെന്ന് കാന്തപുരം പറഞ്ഞത് വിമര്‍ശമല്ല; വസ്തുതയാണ്. സമസ്തയില്‍ പ്രശ്‌നങ്ങള്‍ ഉത്ഭവിച്ചതിനുശേഷം രണ്ട് പതിറ്റാണ്ടിലേറെ ലീഗിനെ നയിച്ചത് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളാണ്. തങ്ങള്‍ കാണിച്ച പക്വതയും സമചിത്തതയും പരമാവധി നിഷ്പക്ഷതയും തങ്ങള്‍ക്കുശേഷം പാണക്കാട് കുടുംബം കാണിച്ചോ എന്ന് എല്ലാവരും പരിശോധിക്കണം. പാണക്കാട് സയ്യിദന്മാരെ മാത്രം അംഗീകരിക്കുകയും ബാക്കി എല്ലാ വിഭാഗം സയ്യിദന്മാരെയും അവമതിക്കുകയും ചെയ്യുന്നതാണ് ചേളാരി രീതി. ഇതു മതമല്ല; രാഷ്ട്രീയമാണ്. ഏതു വിഭാഗത്തില്‍ പെട്ടവരാണെങ്കിലും സയ്യിദന്മാരെയെല്ലാം അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നതാണ് സമസ്തയുടെ പാരമ്പര്യം. എന്നാല്‍, വസ്തുതകള്‍ പറയേണ്ടതായി വന്നാല്‍ അതു പറയുകയും ചെയ്യും. അതാണ് കാന്തപുരം ചെയ്തത്.
ചേളാരിക്കാര്‍ സമാന്തര സമസ്തയും പല പേരില്‍ കീഴ്ഘടകങ്ങളും ഉണ്ടാക്കിയത് ശിഹാബ് തങ്ങള്‍ ജീവിച്ചിരിക്കുമ്പോഴാണ്. ഇതില്‍ ഒന്നിന്റെയും ചുമതലക്കാരനാകാന്‍ വിവേകശാലിയായ ശിഹാബ് തങ്ങള്‍ തയ്യാറായില്ല. തൊണ്ണൂറ് കാലഘട്ടം സുന്നീ പ്രസ്ഥാനരംഗം കലുശിതമായിരുന്നു. ഈ സംഘര്‍ഷങ്ങളിലൊന്നും ഭാഗവാക്കാകാന്‍ പ്രത്യക്ഷത്തില്‍ ശിഹാബ് തങ്ങളെ കണ്ടിട്ടില്ല. എതിരാളികളെ വേദനിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തിയതായും അറിവില്ല. കടുത്ത സമ്മര്‍ദങ്ങളെ അവഗണിച്ചുകൊണ്ട് കാന്തപുരം ഉള്‍പ്പെടെയുള്ള സമസ്ത നേതാക്കളുമായി വേദികള്‍ പങ്കിടുന്നതിനും സൗഹൃദം സൂക്ഷിക്കുന്നതിനും ശിഹാബ് തങ്ങള്‍ ശ്രമിച്ചിരുന്നു. നിര്‍ഭാഗ്യമെന്നു പറയട്ടെ, ആദരണീയനായ ശിഹാബ് തങ്ങള്‍ക്കുശേഷം ആ മുന്‍ഗാമിയുടെ മാതൃകയല്ല ഇപ്പോള്‍ പാണക്കാട് കുടുംബം അനുവര്‍ത്തിച്ചുവരുന്നത്. സമസ്തക്കും അതിന്റെ നേതാക്കള്‍ക്കുമെതിരെ അക്രമവും തെറിവിളിയും കള്ളക്കേസും കൊലവിളിയും ഉള്‍പ്പെടെ സകല ഗുണ്ടായിസവും നടത്തുകയാണല്ലോ ചേളാരി സംഘടനകള്‍. ഇതിന്റെയൊക്കെ തലപ്പത്തുള്ളവര്‍ക്ക് ഇത് നിയന്ത്രിക്കാന്‍ ബാധ്യതയില്ലേ? ഇത് ചൂണ്ടിക്കാട്ടുക മാത്രമാണു കാന്തപുരം ചെയ്തത്. ഇതെങ്ങനെ അവമതിപ്പാകും?
ഓണപ്പറമ്പില്‍ സ്വന്തം മദ്‌റസയും മുസ്ഹഫുകളും തീയിട്ടു നശിപ്പിച്ച് ആ കുറ്റം സുന്നികളുടെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിച്ചു പിടിക്കപ്പെട്ടതാരാണ്? ഉദ്ഘാടനത്തലേന്ന് മസ്ജിദ് തല്ലിത്തകര്‍ത്തതാരാണ്? പാനൂരില്‍ സുന്നികളെ കൊല്ലാന്‍ ബോംബ് നിര്‍മിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ജനനേന്ദ്രിയമടക്കം അപായപ്പെട്ടത് ഏത് സംഘടനയുടെ ആളുകള്‍ക്കാണ്? മണ്ണാര്‍ക്കാട്ട് രണ്ട് സുന്നീ പ്രവര്‍ത്തകരെ വെട്ടിക്കൊന്നതാരാണ്? രാജ്യത്തിന്റെ തന്നെ ചരിത്രത്തില്‍ സുവര്‍ണ രേഖയാകാന്‍ പോകുന്ന നോളജ് സിറ്റിക്കെതിരെ കൊടുത്തത് ആറ് കേസുകള്‍! ചെലവ് ഏകദേശം 30 ലക്ഷം. (പിരിക്കാന്‍ മദ്‌റസയുണ്ടല്ലോ- കഷ്ടം) ചരിത്രപരമായ ഈ മണ്ടത്തരം ചെയ്തതാരാണ്? പാണക്കാട് കുടുംബം കുഴപ്പം കാണിച്ചെന്ന് ആരും പറയുന്നില്ല. അണികള്‍ ചെയ്യുന്ന അതിക്രമങ്ങള്‍ക്ക് സമാധാനം പറയാന്‍ നേതൃത്വം വഹിക്കുന്നവര്‍ക്ക് ബാധ്യതയുണ്ട്.
മലബാറിന്റെ പല ഭാഗങ്ങളിലും ദക്ഷിണ കന്നടയിലും പല മഹല്ലുകളിലായി സംഘര്‍ഷം പടരുകയാണ്. മസ്ജിദുകളിലും മദ്‌റസകളിലും മറ്റു ദീനീ സ്ഥാപനങ്ങളിലും പുതിയ തര്‍ക്കങ്ങള്‍ കൊണ്ടുവരികയാണ്. പ്രശ്‌നങ്ങള്‍ ആളിപ്പടര്‍ന്ന 89-90 കാലത്ത് വിവേകമതികളായ അന്നത്തെ നേതാക്കള്‍ പണിപ്പെട്ട് ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് ഫോര്‍മുലകള്‍ തകര്‍ത്ത് പഴയ സംഘര്‍ഷകാലം പുനര്‍നിര്‍മിക്കാനാണു ശ്രമം. ഏകപക്ഷീയമായി കൈയടക്കിവെച്ചിരിക്കുന്ന വഖഫ് ബോര്‍ഡിനെ കേരളത്തില്‍ ഇതിനൊക്കെ കരുവാക്കുകയാണ്, സര്‍ക്കാറിനെ ഭീഷണിപ്പെടുത്തി കൂടെ നിറുത്താനും ശ്രമിക്കുന്നു. വിഭാഗീയതകള്‍ക്കതീതമായി കഴിവും പ്രാപ്തിയുമുള്ള പണ്ഡിതന്മാരെ മഹല്ലുകളില്‍ ചുമതലയേല്‍പ്പിക്കുന്ന ആരോഗ്യകരമായ പ്രവണത പരക്കെ നിലനില്‍ക്കുന്നുണ്ടായിരുന്നു. പക്ഷം നോക്കി പിരിച്ചുവിടുന്ന പഴയ കുതന്ത്രങ്ങള്‍ നടപ്പാക്കാനാണ് പുതിയ ശ്രമങ്ങള്‍. ഇത് ചൂണ്ടിക്കാണിക്കുക മാത്രമാണു കാന്തപുരം ചെയ്തത്. ഇത് ഇസ്‌ലാമിന്റെ പാരമ്പര്യമാണ്. ഖലീഫമാരെയും ഇമാമുകളെയും വരെ തിരുത്തിയതാണ് ഇസ്‌ലാമിന്റെ പാരമ്പര്യം. എം ടി അബ്ദുല്ല മുസ്‌ലിയാരും ബാപ്പു മുസ്‌ലിയാരും ഏത് ഇസ്‌ലാമിനെയാണ് പ്രതിനിധാനം ചെയ്യുന്നത് എന്ന് പറയണം.
കൂരിയാട്ടും കാസര്‍ക്കോട്ടും ചേളാരി സമസ്തക്കാര്‍ നടത്തിയ സമ്മേളനങ്ങളാണ് സുന്നീ പ്രസ്ഥാന രംഗത്ത് വീണ്ടും അസ്വസ്ഥതകള്‍ക്ക് വഴിമരുന്നിട്ടത്. തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ മഹല്ലുകളില്‍നിന്ന് അടിച്ചു പുറത്താക്കാനും സ്ഥാപനങ്ങള്‍ പിടിച്ചെടുക്കാനും പ്രവര്‍ത്തകരെ തെരുവില്‍ നേരിടാനുമുള്ള തുറന്ന ആഹ്വാനങ്ങളായിരുന്നു ഈ സമ്മേളനങ്ങളില്‍ മുഴങ്ങിയത്. കൂരിയാട് സമ്മേളനത്തില്‍ എതിരാളികളെ ‘പുറം കാലുകൊണ്ടു തൊഴിക്കണം’ എന്നു പ്രസംഗിച്ചത് സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ മാത്രം പറന്നിട്ടുള്ള പാണക്കാട് കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗമാണ്. കാസര്‍ക്കോട് സമ്മേളനത്തിലും കോഴിക്കോട്ടെ ഇവരുടെ ‘പണ്ഡിത സംഗമ’ത്തിലും ഈ സയ്യിദിന്റെ പ്രസംഗം ഇതുപോലെ പ്രകോപനപരമായിരുന്നു. ഈ ആഹ്വാനങ്ങളേറ്റെടുത്താണ് അണികള്‍ മഹല്ലുകളില്‍ കുഴപ്പങ്ങള്‍ കുത്തിപ്പൊക്കുന്നത്. സഹിച്ചും പൊറുത്തും ക്ഷമയുടെ അതിര് കണ്ടു. ഇനിയും ഇത് പറഞ്ഞില്ലെങ്കില്‍ അത് കാലത്തോടും ഈ സമുദായത്തോടും ചെയ്യുന്ന കടുത്ത അപരാധമാകും. തങ്ങള്‍ വഹിക്കുന്ന പദവിയുടെ ആദരവും മഹത്വവും കാത്തു സൂക്ഷിക്കാന്‍ സമൂഹം ആദരിക്കുന്ന വ്യക്തിത്വങ്ങള്‍ക്ക് ബാധ്യതയുണ്ട്. അപാകങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ അവമതിക്കുന്നു എന്ന് പരിതപിച്ചിട്ടു കാര്യമില്ല, ഉമ്മറപ്പടിയും വിളിച്ചുപറയും.
ശിഹാബ് തങ്ങളുടെ കാലത്തുനിന്ന് പാണക്കാട് കുടുംബം മാറിയിട്ടുണ്ട് എന്നു കാന്തപുരം പറഞ്ഞത് ഒന്നും രണ്ടും പ്രശ്‌നങ്ങള്‍ മുന്‍നിറുത്തിയല്ല. സുന്നികള്‍ക്കിടയില്‍ ഐക്യവും സൗഹൃദവും ഉണ്ടാക്കാന്‍ ത്യാഗങ്ങള്‍ സഹിച്ചയാളാണു ശിഹാബ് തങ്ങള്‍. ശൈഥില്യത്തിന്റെ ശക്തികള്‍ വഴി തടഞ്ഞിട്ടും അതവഗണിച്ച് കാന്തപുരത്തോടൊപ്പം വേദി പങ്കിട്ടത് ഒറ്റപ്പെട്ട സംഭവമല്ല. കാന്തപുരത്തിന്റെ മകളുടെ നികാഹിന് സ്വന്തം മകനെ അയച്ചുകൊടുത്തപ്പോഴും അദ്ദേഹം സമുദായത്തിനു നല്‍കിത് ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശമാണ്. കവിയൂര്‍ പൊന്നമ്മക്കൊപ്പം വേദി പങ്കിട്ടാലും കാന്തപുരത്തിനൊപ്പം ഇല്ല എന്ന ചിലരുടെ നിലപാടല്ലേ തിരൂരങ്ങാടി മസ്ജിദ് ഉദ്ഘാടനവേളയില്‍ സ്വീകരിച്ചത്? ഇതു ശരിയാണോ? മത രാഷ്ട്രീയ ദേശ ഭാഷാ ഭേദമില്ലാതെ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുള്ള ലക്ഷങ്ങളാണ് താജുല്‍ഉലമ വഫാത്തായപ്പോള്‍ എട്ടിക്കുളത്തേക്ക് പ്രവഹിച്ചത്. കക്ഷിഭേദമില്ലാതെ അനുശോചനങ്ങള്‍ വന്നു. പതിനായിരക്കണക്കിന് പണ്ഡിതന്മാരുടെ ഗുരുവും 60 വര്‍ഷം ദര്‍സ് നടത്തിയ മഹാപണ്ഡിതനുമായ ആ പുണ്യപുരുഷന്റെ പേരില്‍ ഒരു അനുശോചനമിറക്കാനോ തഅ്‌സിയത്ത് നടത്താനോ പാണക്കാട്ട് നിന്നു മാത്രം ഒരാളും ഉണ്ടായില്ല, ഇതെന്തൊരു നിലപാടാണ്?
അതേസമയം, മുജാഹിദ് പ്രസ്ഥാനത്തിന്റെ തലമുതിര്‍ന്ന നേതാവ് എ പി അബ്ദുല്‍ഖാദിര്‍ മൗലവി മരിച്ചപ്പോള്‍ പാണക്കാട് തങ്ങള്‍ ‘തീരാനഷ്ടം’ എന്നു പറഞ്ഞ് അനുശോചിച്ചു. വീട്ടില്‍ ചെന്ന് തഅ്‌സിയത്ത് ചെയ്തു. പാണക്കാട് തങ്ങന്മാരും ബഹുമാനപ്പെട്ട ശംസുല്‍ഉലമയും കണ്ണിയത്തുമുള്‍പ്പെടെ കേരളത്തിലെ സര്‍വസാദാത്തുക്കളും പണ്ഡിതന്മാരും മുഴുവന്‍ സുന്നികളും മക്കാ മുശ്‌രിക്കുകളേക്കാള്‍ കടുത്ത മുശ്‌രിക്കുകളാണെന്ന് എഴുതുകയും നിരന്തരമായി പ്രസംഗിക്കുകയും മരിക്കും വരെ ഈ ആശയത്തിനുവേണ്ടി പോരാടുകയും ചെയ്ത ആളാണ് ഈ മൗലവി. സമസ്തയുടെ പൂര്‍വീക പണ്ഡിതന്മാരുമായെല്ലാം ഈ ആശയത്തില്‍ സംവാദങ്ങള്‍ നടത്തിയിട്ടുമുണ്ട്. ഈ മൗലവിയുടെ ‘മക്കാമുശ്‌രിക്കുകള്‍ പാര്‍ട്ട് ടൈം മുശ്‌രിക്കുകളാണെങ്കില്‍ കേരളത്തിലെ സുന്നികള്‍ ഫുള്‍ടൈം മുശ്‌രിക്കുകളാണ്’ എന്നു പറയുന്ന പുസ്തകം ഇപ്പോഴും മാര്‍ക്കറ്റിലുണ്ട്. ആദരണീയനായ പാണക്കാട് തങ്ങള്‍ ആ സമസ്തയുടെ ഉപാധ്യക്ഷനാണ്. ഈ മുജാഹിദ് ദാസ്യവും സമസ്തയുടെ പദവിയും എങ്ങനെയാണ് ഒത്തുപോകുക? ശിര്‍ക്ക്, തൗഹീദ് എന്നൊക്കെ പറഞ്ഞാല്‍ അത്ര കാര്യമാക്കേണ്ട എന്നാണോ? ജമാഅത്തെ ഇസ്‌ലാമിയുടെ ഇഫ്താര്‍ സംഗമങ്ങളില്‍ മുഖ്യാതിഥിയാകാനും വഹാബി പരിപാടികള്‍ ഉദ്ഘാടനം ചെയ്യാനും മഹാന്മാരായ പാണക്കാട് കുടുംബാംഗങ്ങള്‍ക്ക് ഇപ്പോള്‍ യാതൊരു വൈമനസ്യവുമില്ല. ഇവര്‍ സമുദായത്തിനു നല്‍കുന്ന സന്ദേശമെന്താണ്?
സമുദായത്തിന് ആത്മീയ നേതൃത്വം നല്‍കുന്നവരാണ് പാണക്കാട് സയ്യിദന്മാര്‍. അതിന്റെ എല്ലാ പരിഗണനയും സമുദായം അവര്‍ക്ക് നല്‍കുന്നുമുണ്ട്. ഇങ്ങനെ ആത്മീയ പരിവേഷത്തില്‍ നില്‍ക്കുന്ന ഒരു സയ്യിദ് എങ്ങനെയാണ് സോമയാഗം മഹത്തായ ആശയമാണെന്നും അതിന്റെ ഗുണപാഠം എല്ലാവരും ഉള്‍ക്കൊള്ളണമെന്നും പ്രസംഗിക്കുക? സോമയാഗം തീര്‍ത്തും ഹൈന്ദവമായ പരിപാടിയല്ലേ? തിരഞ്ഞെടുപ്പില്‍ വനിതാ സംവരണ പ്രശ്‌നം വന്നപ്പോള്‍ ’50 ശതമാനം സീറ്റില്‍ മത്സരിക്കാന്‍ മാത്രം വനിതകളെ സമുദായത്തില്‍നിന്നു കിട്ടുമോ എന്ന ആശങ്ക മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നാണ് സാദിഖലി ശിഹാബ് തങ്ങള്‍ പറയുന്നത്. ‘സ്ത്രീകള്‍ വീടുകളില്‍ അടങ്ങിയൊതുങ്ങിക്കഴിയണം’ എന്ന ഖുര്‍ആന്‍ ശാസന സാദിഖലി തങ്ങള്‍ക്ക് ആശങ്കയുണ്ടാക്കിയില്ല, ‘സ്ത്രീകളെ ഭരണം ഏല്‍പ്പിക്കുന്ന ഒരു ജനതയും വിജയിക്കാന്‍ പോകുന്നില്ല’ എന്ന ബുഖാരിയുടെ ഹദീസും തങ്ങളെ ആശങ്കപ്പെടുത്തിയില്ല, സ്വന്തം ഉമ്മപെങ്ങന്മാരെ പൊതുപ്രദര്‍ശനത്തിന് അയച്ചുകൊടുക്കുന്നവര്‍ ‘ദയ്യൂസ്’ ആണെന്ന് അല്ലാഹുവിന്റെ റസൂല്‍(സ) പറഞ്ഞതും ആശങ്കക്കു കാരണമായില്ല! വനിതാ സംവരണ വിഷയത്തില്‍ കാന്തപുരത്തിന്റെ അഭിപ്രായത്തോട് യോജിപ്പില്ല എന്നാണ് സാദിഖലി തങ്ങള്‍ ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞത്. അപ്പോള്‍ ഇസ്‌ലാമിന്റെ നിലപാടിനോടോ?
പാണക്കാട് സയ്യിദ് കുടുംബം മാറിപ്പോയെന്ന് വിദ്വേഷം പറഞ്ഞതല്ല, ഇത്തരം നിരവധി അനുഭവങ്ങളുടെ വെളിച്ചത്തില്‍ പറഞ്ഞതാണ്. ഇതു പറയല്‍ പണ്ഡിതധര്‍മമാണ്. ഒറിജിനല്‍ എന്നു പറയുന്ന അപ്പുറത്തെ സമസ്തക്ക് ഇതേക്കുറിച്ച് എന്ത് പറയാനുണ്ട്? ഒരു രാഷ്ടീയ നേതാവിന് ഇതൊക്കെയാകാം. ആത്മീയ നേതൃത്വം കൂടി വഹിക്കുന്നവര്‍ക്കോ? അങ്ങാടിത്തര്‍ക്കത്തിനുള്ള വിഷയമല്ല ഇത്. ദീനിന്റെയും സമുദായത്തിന്റെയും ഭാവിയെക്കുറിച്ചുള്ള അര്‍ഥവത്തായ ആശങ്കകളാണ്. പോരും വിദ്വേഷവും കക്ഷിവഴക്കുകളും മാറ്റിവെച്ച് ശാന്തമായിരുന്ന് എല്ലാവരും ഇതെല്ലാം ആലോചിക്കണം.
ആരാന്റെ നിലപാടിനു വ്യാഖ്യാനമെഴുതുന്നതിന് പകരം ചേളാരി സമസ്ത വനിതാ സംവരണ വിഷയത്തില്‍ സ്വന്തം അഭിപ്രായം പറയാത്തതെന്ത്? ഈ സമസ്തയിലെ ഒരു യുവ പ്രഭാഷകന്‍ ‘വനിതകള്‍ മത്സരിക്കുന്നതും പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നതും അല്ലാഹുവിന്റെ നിയമത്തിനെതിരാണെന്നും ഹറാമാണെന്നും മതം അവര്‍ക്ക് ഇതൊന്നും വിധിച്ചിട്ടില്ലെ’ന്നും പ്രസംഗിച്ചു. സ്വന്തം ഉമ്മപെങ്ങന്മാരെ പൊതുപ്രദര്‍ശനത്തിന് വിട്ടുകൊടുക്കുന്നവരെക്കുറിച്ചു ‘ദയ്യൂസ്'(പെങ്കൂസന്‍, ആഭാസന്‍ എന്നൊക്കെ ഭാഷാന്തരം) എന്നാണ് അല്ലാഹുവിന്റെ റസൂല്‍(സ) വിശേഷിപ്പിച്ചതെന്നും ദയവായി ഇസ്‌ലാമിന്റെ പേരില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യരുതെന്നും ഇസ്‌ലാമിന്റെ പേരു മാറ്റിെവച്ചിട്ടു ചെയ്‌തോളൂ… എന്നിങ്ങനെയായിരുന്നു യുവ പ്രഭാഷകന്റെ വാക്കുകള്‍. എന്നാല്‍ ഈ നിലപാടിനെതിരെ ഒന്നിലേറെ തിരുത്തുകള്‍ അവര്‍ക്കിടയില്‍നിന്നു തന്നെ വന്നു.
ജനറല്‍ സീറ്റില്‍ സ്ത്രീകള്‍ മത്സരിക്കുന്നത് ഹറാമും സംവരണ സീറ്റില്‍ ഹലാലുമാണെന്നാണ് ചേളാരി നേതാക്കളില്‍ ഒരാള്‍ പറഞ്ഞത്. ജനറല്‍ സീറ്റിനെക്കുറിച്ചാണ് യുവ പ്രഭാഷകന്‍ പറഞ്ഞതെന്നും ഇയാള്‍ വിശദീകരിച്ചു. യുവപ്രഭാഷകന്‍ പറഞ്ഞതിനെ അപ്പടി അംഗീകരിച്ചു ഇയാളുടെ ഗുരു. എന്നാല്‍ നിര്‍ബന്ധിതാവസ്ഥയില്‍ ഈ ഹറാമൊക്കെ ഹലാലാകുമെന്നും ഗുരു സ്വന്തം ചാനലില്‍ മറുപടി പറഞ്ഞു. യുവപ്രഭാഷകന്റെ അഭിപ്രായം സോഷ്യല്‍ മീഡിയകളില്‍ വൈറലായി. അതോടെ ഏതോ കേന്ദ്രങ്ങള്‍ കണ്ണുരുട്ടിയിരിക്കണം, സമ്മര്‍ദം താങ്ങാനാകാതെ യുവപ്രഭാഷകനും ധൈര്യപൂര്‍വം നിലപാട് മാറ്റി. ഇപ്പോള്‍ ഇയാളും പറയുന്നത് ‘ജീവന്‍ നിലനിറുത്താന്‍വേണ്ടി മാത്രം മദ്യമോ പന്നി മാംസമോ ഉപയോഗിക്കാം എന്ന നിയമം പോലെ നിര്‍ബന്ധിതാവസ്ഥയില്‍ എല്ലാം ഹലാല്‍’ എന്നാണ്. വനിതാ സംവരണ വിഷയത്തില്‍ ഇങ്ങനെ ഒരു ‘നിര്‍ബന്ധിതാവസ്ഥ’ ഉണ്ടോ എന്നും ഉണ്ടെങ്കില്‍ തന്നെ പന്നി മാംസത്തിന്റെ നിയമപരിധിയില്‍ ഇമാമുകള്‍ ഈ വിഷയം ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്നും ഈ സമസ്ത പറയണം. കിതാബ് തിരയുന്നതിനു പകരം പണ്ഡിതന്മാര്‍ പുതുപ്പാടി പഞ്ചായത്തില്‍ ആധാരം തിരയാന്‍ പോയാല്‍ ഇങ്ങനെയൊക്കെ തന്നെയാണ് സംഭവിക്കുക.
ഒരു വിഷയം ഹലാലോ ഹറാമോ എന്നു മതവിധി(ഫത്‌വ) പറയുന്നത് ഖുര്‍ആനോ ഹദീസോ നോക്കിയല്ല, മദ്ഹബിന്റെ ഇമാമുകള്‍ എന്തു പറഞ്ഞു എന്നു നോക്കിയാണ്. ഇതാണ് സുന്നത്ത് ജമാഅത്തിന്റെ രീതി. സമസ്ത എന്ന മഹാപ്രസ്ഥാനം ഉണ്ടായത് തന്നെ ഈ ആശയത്തിന്റെ നിലനില്‍പ്പിനു വേണ്ടിയാണ്. ഖുര്‍ആനും ഹദീസും നോക്കി വിധി പറയുന്നത് ബിദ്അത്തുകാരുടെ രീതിയാണ്.(കളിച്ചു കളിച്ചു അതിര്‍ത്തി കടന്നിരിക്കുന്നു!) ഫത്‌വയുമായി ഇറങ്ങിയ കുട്ടി മുഫ്തികളാരും ഒരു കിതാബും ഉദ്ധരിച്ചിട്ടില്ല. ഒരു ഇമാമിന്റെ അഭിപ്രായവും രേഖപ്പെടുത്തിയിട്ടുമില്ല. തങ്ങളുടെ മുശാവറയുടെ അഭിപ്രായമോ ചുരുങ്ങിയത് ആ സമസ്തയുടെ പ്രസിഡണ്ടിന്റെയോ ജനറല്‍ സെക്രട്ടറിയുടെയോ അഭിപ്രായംപോലും ഉദ്ധരിച്ചിട്ടില്ല. ഉദ്ധരിച്ചതാകട്ടെ മേലാറ്റൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് നാട്ടിക മൂസ മൗലവിയുടെ ഫത്‌വയാണ്. ഫത്‌വയും കൊള്ളാം, മുഫ്തിയും കൊള്ളാം! പണ്ടൊരു കുട്ടി പറഞ്ഞതുപോലുള്ള ധര്‍മസങ്കടത്തിലാണ് ആ സമസ്ത. മതം പറഞ്ഞാല്‍ ലീഗ് പിണങ്ങും, പറയാതിരുന്നാല്‍ ഇസ്‌ലാമും പിണങ്ങും. ഇസ്‌ലാമിനെ പിണക്കിയാലും ലീഗിനെ പിണക്കേണ്ട എന്നാണോ അവസാന നിലപാടെന്ന് ഇനിയും അറിയാനിരിക്കുന്നേയുള്ളൂ.
ഒരു മതത്തിന്റെ ആശയങ്ങളെയും പരിഗണിക്കാത്ത, തീര്‍ത്തും മതേതരമായ അതിലേറെ ഭൗതികമായ ഒരു രാഷ്ട്രമാണ് നമ്മുടേത്. ഇസ്‌ലാമിനു കടുത്ത വിരോധമുള്ള ഏതു നിയമവും നമ്മുടെ നാട്ടില്‍ വരാം, മുമ്പും വന്നിട്ടുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ വിശ്വാസികള്‍ സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ച് ഗൗരവതരമായ ചര്‍ച്ചകളും സംവാദങ്ങളും നടക്കേണ്ടതുണ്ട്. പൊതു ഖജനാവിന് വന്‍വരുമാനം നല്‍കുന്ന മദ്യപാനികള്‍ക്ക് നമ്മുടെ നാട്ടില്‍ സംവരണം ഏര്‍പ്പെടുത്തിയാല്‍ ഒട്ടും അതിശയിക്കാനില്ല. നമ്മുടെ നാട്ടിലെ നിയമമനുസരിച്ച് വ്യഭിചാരം കുറ്റമല്ല; ബലാല്‍ക്കാരമാണു കുറ്റം. വേശ്യാവൃത്തിക്ക് ലൈസന്‍സ് കൊടുക്കാനും വകുപ്പുണ്ടത്രേ. സെക്‌സ് വര്‍ക്കേഴ്‌സ് എന്നൊരു പേരും ഈ പേരില്‍ സംഘടനയും ഉണ്ട്. ഭാവിയില്‍ ഈ വിഭാഗത്തിനും സംവരണം ഏര്‍പ്പെടുത്തിക്കൂടായ്കയില്ല. അപ്പോള്‍ ഈ മുറി മുഫ്തിമാര്‍ കള്ളിന്റെയും പന്നി മാംസത്തിന്റെയും മസ്അല തിരഞ്ഞുപിടിച്ചു ‘നിര്‍ബന്ധിതാവസ്ഥ’ എന്നു പറഞ്ഞു ഫത്‌വ കൊടുക്കുമോ? ആരാന്റെ ചെലവിലല്ല; സ്വന്തം ചെലവില്‍ ഒന്നു പ്രസ്താവിക്കുക.
മുസ്‌ലിം ലീഗ് ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ്, രാജ്യത്തെ മറ്റേതു രാഷ്ട്രീയ പാര്‍ട്ടികളേയും പോലെ ഒന്ന്. കോണ്‍ഗ്രസും സി പി എമ്മും ബി ജെ പിയും റജിസ്റ്റര്‍ ചെയ്തിരിക്കുന്ന അതേ ഇലക്ഷന്‍ കമ്മീഷനിലാണു ലീഗിനും ഖജിസ്‌ട്രേഷന്‍. മതം ലീഗിനെ സംബന്ധിച്ചിടത്തോളം പിടിച്ചുനില്‍ക്കാനുള്ള ഒരു മുഖാവരണം മാത്രമാണ്. (ഇങ്ങനെ ഒന്നില്ലാതെത്തന്നെ രാഷ്ട്രീയം കൊണ്ടു പിടിച്ചു നില്‍ക്കുകയാണ് സത്യത്തില്‍ ലീഗ് ചെയ്യേണ്ടത്). ഇന്ത്യന്‍ ഭരണഘടനയും രാജ്യത്തെ നിയമവ്യവസ്ഥയും എന്തൊക്കെപ്പറയുന്നോ അതെല്ലാം അനുസരിക്കാനും പാലിക്കാനും ബാധ്യതപ്പെട്ട ഒരു രാഷ്ട്രീയപ്പാര്‍ട്ടി. വിശുദ്ധ ഖുര്‍ആനിലെ ആറായിരത്തില്‍പ്പരം ആയത്തുകളും എതിരായാലും ലീഗിന് വനിതാ സംവരണവുമായി യോജിച്ചു പോകാനേ കഴിയൂ. ഹദീസുകളത്രയും എതിരു നിന്നാലും മറിച്ചൊരു തീരുമാനമെടുക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയ്ക്കു ലീഗിനു കഴിയില്ല. എന്നിരിക്കെ ചേളാരി സമസ്തക്കാരെന്തിനാണ് നടപ്പില്ലാത്ത കാര്യത്തിനുവേണ്ടി തലകീഴായി നിന്ന് ഫത്‌വകള്‍ നിര്‍മിക്കുന്നത്? ഒരിക്കലും ചേര്‍ന്നുപോകാന്‍ പാടില്ലാത്ത രണ്ട് ചിന്താധാരകള്‍ തമ്മിലുള്ള ആന്തരിക വൈരുധ്യങ്ങളുടെ ഏറ്റുമുട്ടലാണിത്. തട്ടിമുട്ടിത്തകരുക തന്നെയായിരിക്കും ഈ കൂട്ടുകെട്ടിന്റെ അന്തിമഫലം, കാത്തിരുന്നു കാണാമല്ലോ.
(അവസാനിച്ചു)
ഫോണ്‍: +91 9400501168

LEAVE A REPLY

Please enter your comment!
Please enter your name here