Connect with us

Kerala

തിരഞ്ഞെടുപ്പ് ചൂടില്‍ ഉമ്മന്‍ ചാണ്ടിക്ക് ഇന്ന് 72 ാം ജന്മദിനം

Published

|

Last Updated

തിരുവനന്തപുരം: പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞും കോണ്‍ഗ്രസുകാരുടെ ഒ സിയും കേരളത്തിന്റെ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിക്ക് ഇന്ന് ആഘോഷങ്ങളില്ലാത്ത ജന്മദിനം. 72 ാം ജന്‍മദിനമാണ് ഇന്ന്.
ജന്മദിനത്തിന്റെ സ്‌പെഷ്യലെന്തായെന്ന് ചോദിച്ചാല്‍ ഹേ- എന്ത് എന്നാകും തിരിച്ചുള്ള ചോദ്യം. ഭാര്യ മറിയാമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങി രാവിലെ വല്ല മധുരവും കഴിച്ചെങ്കിലായി. നാട്ടുകാരുടെ സ്‌നേഹാന്വേഷണവും സഹപ്രവര്‍ത്തകരുടെ ആശംസ വിളിക്കുമപ്പുറം ജന്മദിനത്തിന് പ്രത്യേകതയൊന്നും ഉമ്മന്‍ ചാണ്ടി കല്‍പ്പിച്ചിട്ടില്ല. ഇന്ന് പുതുപ്പള്ളിയിലായതിനാല്‍ പ്രാര്‍ഥനക്കായി ഇടവകയിലെ പള്ളിയില്‍ പോകും. പിന്നെ തിരഞ്ഞെടുപ്പിന്റെ തിരക്കുകളിലേക്ക്.
പ്രതിസന്ധികള്‍ക്ക് നടുവിലാണ് എന്നും ഉമ്മന്‍ ചാണ്ടി. പ്രശ്‌നങ്ങള്‍ എന്തുമാകട്ടെ, അതില്‍ നിന്നെല്ലാം ഉയര്‍ത്തെഴുന്നേല്‍ക്കുന്നതില്‍ മിടുക്ക് കാണിക്കും അദ്ദേഹം. രാഷ്ട്രീയ നയതന്ത്രത്തില്‍ നിപുണനാണ്. നൂലിഴ ഭൂരിപക്ഷത്തില്‍ നാലര വര്‍ഷം മുമ്പ് കേരളം ഭരിക്കാന്‍ തുടങ്ങിയപ്പോള്‍ രാഷ്ട്രീയ നിരീക്ഷകരില്‍ പലരും പ്രവചിച്ച ആയുസ്സ്, പോയാല്‍ ഒരു വര്‍ഷമെന്നായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ നേതൃമാറ്റമെന്ന് പലരും ഉറപ്പിച്ചു. തള്ളിയിടാന്‍ തക്കം പാര്‍ത്തിരിക്കുന്നവര്‍ ഒപ്പം തന്നെയുണ്ടായിട്ടും കരുണാകരനെ അതിജീവിച്ച ബുദ്ധിവൈഭവം എല്ലാനീക്കങ്ങളെയും ചെറുത്തു. 1982- 87 കാലത്തെ കെ കരുണാകരന്‍ മന്ത്രിസഭക്ക് ശേഷം അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രിയെന്ന റെക്കോര്‍ഡിലേക്ക് അടുക്കുകയാണ് ഉമ്മന്‍ ചാണ്ടി.
സോളാര്‍ കേസ്, സലീംരാജിന്റെ ഭൂമിയിടപാട്, പാമോലിന്‍കേസ് തുടങ്ങി ഉമ്മന്‍ ചാണ്ടി ആരോപണ വിധേയനായ വിവാദങ്ങളിലെല്ലാം അദ്ദേഹം പിടിച്ചുനിന്നു.
ലോക്‌സഭാതിരഞ്ഞെടുപ്പില്‍ രാജ്യം മുഴുവന്‍ കോണ്‍ഗ്രസ് തോറ്റപ്പോള്‍ കേരളത്തില്‍ ജയിപ്പിച്ചെടുത്ത് ഹൈക്കമാന്‍ഡിന് മുന്നിലും ശക്തിതെളിയിച്ചു. കൊണ്ടും കൊടുത്തുമുള്ള കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ കുറെ നാള്‍ തിരശ്ശീലക്ക് പിന്നിലായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ റോള്‍. സ്ഥാനമാനങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ തലപുകച്ചില്ല. അര്‍ഹതപ്പെട്ടത് മറ്റുള്ളവര്‍ക്ക് വീതിച്ച് നല്‍കിയപ്പോള്‍ ദുഖിച്ചതുമില്ല. ആള്‍ക്കൂട്ടവും ജനകീയതയും കൈമുതലാക്കി സ്വന്തമൊരു ശൈലി രൂപപ്പെടുത്തി. വീടായാലും ഓഫീസായാലും നാലാളില്ലെങ്കില്‍ അത് ഉമ്മന്‍ചാണ്ടിയാകില്ല. പ്രായോഗിക രാഷ്ട്രീയത്തിന്റെ പ്രതിരൂപം.
1943 ഒക്‌ടോബര്‍ 31ന് പുതുപ്പള്ളി കരോട്ടുവള്ളക്കാലില്‍ കെ ഒ ചാണ്ടിയുടെയും ബേബിയുടെയും മകനായാണ് ഉമ്മന്‍ ചാണ്ടിയുടെ ജനനം. കെ എസ് യുവിലൂടെ രാഷ്ട്രീയത്തിലെത്തിയ ഉമ്മന്‍ ചാണ്ടിക്ക് ഇപ്പോഴും കേരളം വിട്ടൊരു കളിയില്ല. പത്ത്തവണ കണ്ണുമടച്ച് വോട്ടു ചെയ്ത പുതുപ്പള്ളിയാണ് കുഞ്ഞൂഞ്ഞിന്റെ ഏക ദൗര്‍ബല്യം. അത് കൊണ്ടാണ് ജന്മദിനത്തിലും അങ്ങോട്ട് ഓടിയെത്തുന്നത്. 1970ല്‍ കന്നി മത്സരത്തിന് ഇറങ്ങി സി പി എമ്മിലെ ഇ എം ജോര്‍ജിനെ തോല്‍പിക്കുമ്പോള്‍ ഭൂരിപക്ഷം 7288. പിന്നീട് 1977, 80, 82,87, 91, 96, 2001, 2006 തിരഞ്ഞെടുപ്പുകളിലും പുതുപ്പള്ളി കൈവിട്ടില്ല.

---- facebook comment plugin here -----

Latest