Connect with us

National

പുതിയ കേന്ദ്ര വ്യോമയാന നയം എയര്‍ കേരള പദ്ധതിക്ക് അനുകൂലം

Published

|

Last Updated

ന്യൂഡല്‍ഹി; കേന്ദ്രസര്‍ക്കാറിന്റെ പുതിയ വ്യോമയാന നയത്തിന്റെ കരട് രേഖ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. രാജ്യവ്യാപകമായി കുറഞ്ഞ ചെലവില്‍ വിമാനയാത്ര സാധ്യമാക്കുന്നതിന് പ്രാധാന്യം നല്‍കിയാണ് പുതിയ കരട് നയം. നിലവിലെ നയത്തില്‍ നിന്ന് കാതലായ മാറ്റങ്ങളോടെ വരുന്ന പുതിയ നയം കേരള സര്‍ക്കാറിന്റെ എയര്‍ കേരള പദ്ധതിക്ക് ഏറെ പ്രയോജനകരമാകുമെന്നുറപ്പായി.
നിലവിലെ നയപ്രകാരം അഞ്ച് വര്‍ഷത്തെ സര്‍വീസും 20 വിമാനങ്ങളുമുള്ള കമ്പനികള്‍ക്ക് മാത്രമാണ് രാജ്യാന്തര റൂട്ടുകളില്‍ സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയിരുന്നത്. കരടില്‍ ഈ വ്യവസ്ഥ ഒഴിവാക്കിയിട്ടുണ്ട്. ഇത് കേരളത്തിന് അനുകൂലമാകും. പുതിയ നയപ്രകാരം ആഭ്യന്തര സര്‍വീസുകള്‍ നടത്തി വിശ്വാസത നേടുന്ന കാമ്പനികള്‍ക്ക് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി അനുമതി നല്‍കാനാണ് ശിപാര്‍ശ ചെയ്യുന്നത്. ഇക്കാര്യം ഉന്നയിച്ച് സംസ്ഥാന സര്‍ക്കര്‍ പല തവണ കേന്ദ്രത്തെ സമീപിച്ചിരുന്നു.
ഗള്‍ഫ് രാജ്യങ്ങളിലുള്‍പ്പെടെ വിദേശ രാജ്യങ്ങളിലുള്ള ലക്ഷക്കണക്കിന് പ്രവാസികളുടെ യാത്രാപ്രശ്‌നം ഏറെ സങ്കീര്‍ണമായി തുടരുന്ന സാഹചര്യത്തിലാണ് കേരള സര്‍ക്കാര്‍ എയര്‍കേരള പദ്ധതിക്ക് രൂപം നല്‍കിയിരുന്നത്. എന്നാല്‍ അന്ന് കേന്ദ്രഭരണത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉണ്ടായിരുന്നിട്ടുപോലും നിലവിലെ നയത്തിലെ കര്‍ശന നിയന്ത്രണങ്ങള്‍ മൂലം പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിഞ്ഞിരുന്നില്ല. നിശ്ചിതകാലം ആഭ്യന്തര സര്‍വീസ് നടത്തി വിശ്വാസ്യത നേടിയ ശേഷം രാജ്യാന്തര റൂട്ടുകളില്‍ സര്‍വീസ് നടത്തുന്നതിന് ശ്രമിക്കാനായിരുന്നു അന്നത്തെ വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദേശം. എന്നാല്‍ യാത്രാപ്രശ്‌നം രാജ്യാന്തര റൂട്ടുകളില്‍ മാത്രമായതിനാല്‍ നിയന്ത്രണത്തില്‍ ഇളവ് നേടി പദ്ധതി ആരംഭിക്കാനായിരുന്നു സംസ്ഥാന സര്‍ക്കറിന്റെ ശ്രമം. എന്നാല്‍ ഇത് വിജയം കണ്ടിരുന്നില്ല. തുടര്‍ന്ന് അധികാരത്തിലെത്തിയ എന്‍ ഡി എ സര്‍ക്കാറിനെയും ഈ ആവശ്യമുന്നയിച്ച് സമീപിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് നിലവിലെ വ്യോമയാന നയത്തില്‍ കാതലായ മാറ്റംവരുത്തി പുതിയ നയം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.
കുറഞ്ഞ ചെലവില്‍ രാജ്യവ്യാപകമായി വിമാന യാത്ര സാധ്യമാക്കുന്നതിന്റെ ഭാഗമായി ഒരു മണിക്കൂര്‍ യാത്രക്ക് 2,500 രൂപയില്‍ കൂടാത്ത നിരക്ക് ഏര്‍പ്പെടുത്തണമെന്നാണ് കരട് നിര്‍ദേശിക്കുന്നത്. ഈ പദ്ധതി നടപ്പാക്കാന്‍ സ്വമേധയാ മുന്നോട്ടുവരുന്ന വിമാന കമ്പനികള്‍ക്കും എയര്‍പോര്‍ട്ട് അധികൃതര്‍ക്കും കൂടുതല്‍ ആനുകൂല്യങ്ങളും കരടില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
സംസ്ഥാന സര്‍ക്കാറുകളുടെകൂടി സഹകരണത്തോടെ പദ്ധതി നടപ്പാക്കാനാണ് കരട് രേഖ നിര്‍ദേശിക്കുന്നത്. ഇതുവഴി പ്രാദേശിക കേന്ദ്രങ്ങളുമായുള്ള കണക്ടിവിറ്റി, ചരക്ക് നീക്കം, ചോപ്പര്‍ സര്‍വീസ് തുടങ്ങിയവ സാധ്യമാക്കുകയാണ് പ്രധാന ലക്ഷ്യം. വ്യോമയാന ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് വ്യോമയാന ഇന്ധനത്തിന് നിലവിലുള്ള കസ്റ്റംസ് നികുതി ഒഴിവാക്കുന്നത് ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നത് പരിഗണിക്കും.
രാജ്യത്ത് നിലവിലുള്ള 430 എയര്‍ സ്ട്രിപ്പുകളില്‍ ഇപ്പോള്‍ 90 എണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. 300 എയര്‍ സ്ട്രിപ്പുകള്‍ അടഞ്ഞുകിടക്കുകയാണ്. ഇവകൂടി ഉള്‍പ്പെടുത്തി രാജ്യത്തൊട്ടാകെ വിമാന സര്‍വീസ് യാഥാര്‍ഥ്യമാക്കനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 50 കോടി രൂപ ചെലവഴിച്ചാല്‍ നിലവില്‍ ഈ ചെറു വിമാനത്താവളങ്ങള്‍ നവീകരിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം