Connect with us

International

നിയമ പ്രശ്‌നം മറികടക്കാന്‍ രഹസ്യ പദ്ധതി തയ്യാറാക്കിയതായി റിപ്പോര്‍ട്ട്‌

Published

|

Last Updated

ന്യൂയോര്‍ക്ക്്: അല്‍ഖാഇദ തലവന്‍ ഉസാമ ബിന്‍ലാദിനെ സൈനിക നീക്കത്തിലൂടെ വധിക്കുന്നതിന് നാലു പ്രമുഖ അഭിഭാഷകരുമായി ഒബാമ പദ്ധതി തയ്യാറാക്കിയിരുന്നതായി റിപ്പോര്‍ട്ട്. 2011 മേയിലാണ് യു.എസ് പ്രസിഡന്റ് ബറാക് ഒബാമ ആബത്താബാദിലെ ബിന്‍ലാദിെന്റ ഒളിത്താവളത്തില്‍ സൈനികനീക്കത്തിന് ഉത്തരവിട്ടത്. ഉസാമയെ പിടികൂടേണ്ടെന്നും വധിക്കുകയാണ് ചെയ്യേണ്ടതെന്നും സൈന്യത്തിന് നിര്‍ദേശം നല്‍കിയിരുന്നു. അനുമതിയില്ലാതെ പാക് മണ്ണിലെ സൈനിക നടപടിയടക്കമുള്ള നിയമപ്രശ്‌നങ്ങള്‍ മറികടക്കാനാണ് ആഴ്ചകള്‍ക്ക് മുമ്പുതന്നെ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
സി ഐ എയുടെ ഔദ്യോഗിക ഉപദേഷ്ടാവ് സ്റ്റീഫന്‍ പ്രിസ്റ്റണ്‍, ദേശീയ ലീഗല്‍ സുരക്ഷാ ഉപദേഷ്ടാവ് മേരി ഡിറോസ, പെന്റഗണ്‍ ഔദ്യോഗിക ഉപദേഷ്ടാവ് ജോ ജോണ്‍സണ്‍, സ്റ്റാഫ് ലീഗല്‍ ഉപദേഷ്ടാവ് അഡ്മിറല്‍ ജയിംസ് ക്രോഫോര്‍ഡ് എന്നിവരാണ് നിയമം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. രഹസ്യം ചോരാതിരിക്കാന്‍ അറ്റോണി ജനറല്‍ എറിക് ഹോള്‍ഡറുമായി ബന്ധപ്പെടാന്‍ പോലും വൈറ്റ്ഹൗസ് ഇവരെ അനുവദിച്ചിരുന്നില്ല. സൈനികനീക്കത്തിന് ഒരു ദിവസം മുമ്പു മാത്രമാണ് വിവരം ഹോള്‍ഡറെ അറിയിച്ചത്.
നാല് അഭിഭാഷകരുടെയും റിപ്പോര്‍ട്ടുകള്‍ സുരക്ഷിതമായ ലാപ്‌ടോപ്പുകളിലാക്കി അതീവ രഹസ്യമായാണ് കൈമാറിയത്. പാകിസ്താനില്‍ അതിക്രമം നടത്തിയതല്ല എന്ന് തെളിയിക്കുന്നതിന് അഭിഭാഷകര്‍ ഇത്തരത്തില്‍ അഞ്ച് രഹസ്യ നിര്‍ദേശങ്ങള്‍ തയാറാക്കിയിരുന്നു. ഓപറേഷന്‍ പരാജയപ്പെട്ടാല്‍ അധികൃതരോട് ബോധിപ്പിക്കേണ്ട നിയമപരമായ നിഗമനങ്ങളെക്കുറിച്ചും നാല്‍വര്‍ സംഘം പദ്ധതി തയ്യാറാക്കിയിരുന്നു. ന്യൂയോര്‍ക്ക് ടൈംസാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.