കാന്തപുരത്തിന്റെ ദമാം പരിപാടി: വാര്‍ത്ത വാസ്തവവിരുദ്ധം

Posted on: October 30, 2015 1:57 pm | Last updated: November 1, 2015 at 11:27 am
SHARE

kanthapuramറിയാദ്: കാന്തപുരത്തിന്റെ ദമാം പരിപാടിയുമായി ബന്ധപ്പെട്ടു ചില മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധവും ദുരുപതിഷ്ടവുമാണെന്നു സഊദിയില്‍ നിന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഒക്ടോബര്‍ 27 നു ദമാമില്‍ കാന്തപുരത്തിന്റെ പരിപാടിക്കായി സ്‌റ്റേഡിയം ലഭ്യമാകുന്നതിന് അപേക്ഷ നല്‍കിയിരുന്നു. അപേക്ഷ നേരത്തേ നല്‍കാത്തതിനാല്‍ സ്റ്റേഡിയം അധികൃതര്‍ അനുമതി നല്‍കിയില്ല. അത് കാരണം തൊട്ടടുത്തുള്ള ഓഡിറ്റോറിയത്തിലാണ് പരിപാടി നടത്തിയത്. ഈ സംഭവമാണ് സോഷ്യല്‍ മീഡിയയിലെ ചിലര്‍ വളച്ചൊടിച്ചു പ്രചരിപ്പിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.
അതേസമയം ജാലിയാത്തിന്റേതെന്ന പേരില്‍ മാസങ്ങള്‍ക്കു മുമ്പുള്ള ഒരു കത്തും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നുണ്ട്. ആ കത്തിലെ വാചകങ്ങളും ദമാം സംഭവവും കൂട്ടിക്കുഴച്ച് കഥ മെനഞ്ഞാണു സഊദിയില്‍ സുന്നി സംഘടനാ പ്രവര്‍ത്തനം തടഞ്ഞു എന്ന രീതിയില്‍ തത്പര കക്ഷികള്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നത്. ആ കള്ള പ്രചാരണത്തില്‍ വഞ്ചിതരാകരുതെന്ന് ഐ സി എഫ് സഊദി നാഷനല്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
ജാലിയാത്തിന്റേതെന്നു പറഞ്ഞു പ്രചരിക്കുന്ന കത്തിന്റെ ആധികാരികത ഇനിയും വ്യക്തമല്ല. പ്രസ്തുത കത്തില്‍ പറയുന്നത് ഇങ്ങനെയാണ്: ‘ഇന്ത്യയിലെ ബറേല്‍വികളുടെ തെന്നിന്ത്യന്‍ നേതാവിന്റെ നേതൃത്വത്തില്‍ വിവിധ ഭാഗങ്ങളില്‍ ആളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന വിവരം നമുക്ക് ലഭിച്ചിരിക്കുന്നു. ഔലിയാക്കളെയും സജ്ജനങ്ങളേയും ആവശ്യത്തില്‍ കൂടുതല്‍ സ്‌നേഹിക്കുന്ന വിഭാഗമാണത്. അവരുമായി സഹകരിക്കരുത്’.
മാസങ്ങള്‍ക്കു മുമ്പ് പ്രചരിപ്പിക്കപ്പെടുന്ന ഈ കത്തിന്റെ ഉള്ളടക്കവുമായി ദമാം സംഭവത്തെ ബന്ധപ്പെടുത്തിയാണ് വ്യാജ പ്രചാരണം നടക്കുന്നത്. അതേസമയം കത്തിന്റെ ഉറവിടത്തെ സംബന്ധിച്ച് യാതൊരു വിവരവുമില്ല.
സഊദിയില്‍ നിലവില്‍ ഒരു മുസ്‌ലിം ഗ്രൂപ്പിനും നിരോധമില്ല, ആഭ്യന്തര വകുപ്പിന് മാത്രമേ രാജ്യത്ത് നിരോധം ഏര്‍പ്പെടുത്താനുള്ള അധികാരമുള്ളൂ. കഴിഞ്ഞ വര്‍ഷം തീവ്രവാദ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട ചില ഗ്രൂപ്പുകളെ നിരോധിക്കുന്നതായി സഊദി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയിരുന്നു. ആ വിഭാഗങ്ങളുടെ പട്ടികയും പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ ‘ഇഖ്‌വാനിയ്യ:’ (ബ്രദര്‍ഹുഡ്) മാത്രമേ ഉള്‍പ്പെട്ടിട്ടുള്ളൂ. മറ്റു മുസ്‌ലിം വിഭാഗങ്ങള്‍ക്കൊന്നും അവിടെ പ്രവര്‍ത്തന നിരോധനം നിലവിലില്ല. വ്യാജ വാര്‍ത്തകള്‍ പടച്ചു വിടുന്നവരെ കരുതിയിരിക്കണമെന്നും നേതാക്കള്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here