സംവരണത്തിനെതിരെ സുപ്രീം കോടതിയും!

Posted on: October 30, 2015 5:39 am | Last updated: October 29, 2015 at 9:58 pm
SHARE

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സംവരണം നിര്‍ത്തണമെന്നാവശ്യപ്പെട്ടിരിക്കുകയാണ് സുപ്രീം കോടതി. ഈ മേഖലയില്‍ സംവരണം തുടരുന്നത് ദേശീയ താത്പര്യത്തിന് വിരുദ്ധമാണെന്ന് നിരീക്ഷിച്ച ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് പി സി പന്തും അടങ്ങുന്ന കോടതി ബഞ്ച് സംവരണത്തിന് യോഗ്യതകളില്‍ ഇളവ് നല്‍കുമ്പോള്‍ കൂടുതല്‍ യോഗ്യതയുള്ളവരും മികച്ച പരിശീലനം നേടിയവരുമായ ഉദ്യോഗാര്‍ഥികളെ നേടുകയെന്ന ലക്ഷ്യം നഷ്ടപ്പെടുകയാണെന്നഭിപ്രായപ്പെടുന്നു. സ്വാതന്ത്ര്യാനന്തരം 68 വര്‍ഷം പിന്നിട്ടിട്ടും സംവരണം പോലെയുള്ള പ്രത്യേകാവകാശങ്ങള്‍ മാറ്റമില്ലാതെ തുടരുന്നതില്‍ ഈ രണ്ട് ന്യായാധിപന്മാര്‍ക്കും കുറ്റബോധം തോന്നുന്നുവത്രെ.
സംവരണത്തിനെതിരെ രാജ്യത്തെ സവര്‍ണ വിഭാഗങ്ങളും സംഘ്പരിവാറും ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കയാണ്. സംവരണ നയം പുനഃപരിശോധക്കണമെന്ന് ആര്‍ എസ് എസ് നേതാവ് മോഹന്‍ ഭാഗവത് ആവശ്യപ്പെട്ടത് അടുത്തിടെയാണ്. മോദി ഭരണകൂടവും താത്വികമായി ഈ ആവശ്യത്തെ അംഗീകിരിക്കുന്നുവെന്നത് രഹസ്യമല്ല. ഈ സാഹചര്യത്തില്‍ കോടതി കൂടി സംവരണ നയത്തെ കുറ്റപ്പെടുത്തുന്നത് രാജ്യത്തെ പിന്നാക്ക, ദളിത് വിഭാഗങ്ങളെ കടുത്ത ആശങ്കയിലാക്കിയിട്ടുണ്ട്. ഭരണ ഘടനാപരമായ അവകാശങ്ങള്‍ക്ക് നേരെ ഭരണ മേഖലയില്‍ നിന്നുള്‍പ്പെടെ ഭീഷണി ഉയരുമ്പോള്‍ കോടതികളിലാണ് ജനങ്ങളുടെ പ്രതീക്ഷ. കോടതികളും അത്തരം നീക്കങ്ങളെ സാധൂകരിക്കുകയും പിന്തുണ നല്‍കുകയും ചെയ്യുന്നത് അപകടകരമാണ്.
വിദ്യാഭ്യാസ നിലവാരം കാത്തുസൂക്ഷിക്കുകയെന്ന രാജ്യതാത്പര്യം സംരക്ഷിക്കാന്‍ ഉന്നത വിദ്യാഭ്യാസ മേഖലകളില്‍ സംവരണം എടുത്തുകളയേണ്ടത് ആവശ്യമാണന്ന് നേരത്തെ രണ്ട് ഉത്തരവുകളില്‍ സുപ്രീം കോടതി നിരീക്ഷിച്ചിട്ടുണ്ടെന്നാണ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് പി സി പന്തും പറയുന്നത്. എന്നാല്‍ സംവരണ നയത്തിനെതിരെ സമര്‍പ്പിക്കപ്പെട്ട പല ഹരജികളും ഭരണഘടനാ താത്പര്യങ്ങള്‍ക്ക് നിരക്കാത്തതാണെന്ന കാരണത്താല്‍ സുപ്രീം കോടതി തള്ളിയതും ഇവിടെ അനുസ്മരിക്കേണ്ടതുണ്ട്. ഐ ഐ എം, ഐ ഐ ടി ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് 27 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ ഒന്നാം യു പി എ സര്‍ക്കാര്‍ നടപടി 2008 ഏപ്രില്‍ 10ന് സുപ്രീം കോടതി ശരിവെച്ചതാണ്. പ്രസ്തുത നിയമം പിന്നീട് കൊല്‍ക്കത്ത ഹൈക്കോടതി സ്റ്റേ ചെയ്തപ്പോള്‍, സുപ്രീം കോടതി പ്രസ്തുത സ്റ്റേ റദ്ദ് ചെയ്യുകയും ഇത്തരമൊരു തീരുമാനമെടുക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടുകയുമുണ്ടായി.
രാജ്യം സ്വാതന്ത്ര്യം നേടി 68 വര്‍ഷത്തിനു ശേഷവും സംവരണം തുടരുന്നത് ഉചിതമല്ലെന്ന കോടതി പരാമര്‍ശം വസ്തുതകള്‍ ശരിയായി വിലയിരുത്താതെയാണ്. ഏതൊരു ലക്ഷ്യത്തിനു വേണ്ടിയാണോ ഭരണഘടനാ ശില്‍പികള്‍ സംവരണ നയം ഉള്‍ക്കൊള്ളിച്ചതെന്നും ആ ലക്ഷ്യത്തില്‍ രാജ്യം എത്രത്തോളം മുന്നേറിയെന്നും വസ്തുനിഷ്ഠമായി വിലയിരുത്തിയിരുന്നെങ്കില്‍ കോടതി ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തുമായിരുന്നില്ല. ചരിത്രപരമായ കാരണങ്ങളാല്‍ വിദ്യാഭ്യാസ മേഖലയിലുള്‍പ്പെടെ പിന്തള്ളപ്പെട്ട മതന്യൂനപക്ഷ, പാര്‍ശ്വവത്കൃത വിഭാഗങ്ങളെ പൊതുസമൂഹത്തോടൊപ്പമെത്തിക്കാനാണ് സംവരണം ഏര്‍പ്പെടുത്തിയത്. ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതില്‍ മാറിമാറി വരുന്ന സര്‍ക്കാറുകള്‍ ദയനീയമായി പരാജയപ്പെട്ടതായി പിന്നാക്ക വിഭാഗങ്ങളുടെ ഇന്നത്തെ അവസ്ഥകളെക്കുറിച്ചു പഠിച്ച കമ്മീഷനുകളെല്ലാം വിലയിരുത്തിയതാണ്. നീണ്ട കാലത്തെ മുറവിളികളുടെയും പ്രക്ഷോഭങ്ങളുടെയും ഫലമായി ഏതാനും വര്‍ഷം മുമ്പ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് 27 ശതമാനം സംവരണം അംഗീകരിച്ചിട്ടുണ്ടെങ്കിലും അത് ഫലപ്രദമായി നടപ്പാക്കാനുള്ള തുടര്‍ നടപടികളുണ്ടായിട്ടില്ല. ഭരണ കേന്ദ്രങ്ങളെ നിയന്ത്രിക്കുന്ന സവര്‍ണ ഉദ്യോഗസ്ഥ ലോബി പ്രധാനപ്പെട്ട പല മേഖലകളിലും ഈ നയം അട്ടിമറിക്കുകയും ചെയ്തു. പിന്നാക്ക വിഭാഗ ക്ഷേമത്തിനായുള്ള പാര്‍ലമെന്റ് സമിതി അടുത്തിടെ സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഈ വസ്തുതയിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. കേന്ദ്ര മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥി പ്രവേശത്തില്‍ ഒ ബി സി വിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട സംവരണം ലഭിക്കുന്നില്ലെന്നായിരുന്നു രാജന്‍ ഗോഹെയ്ന്‍ അധ്യക്ഷനായ സമിതിയുടെ കണ്ടെത്തല്‍. ഇത് ഗുരുതരമായ വീഴ്ചയാണെന്നും സമിതി വിലയിരുത്തുകയുണ്ടായി.
സംവരണ നയം ഇനിയും തുടരുന്നത് പന്തിയല്ലെന്ന് അഭിപ്രായമുണ്ടെങ്കില്‍, കോടതികള്‍ ആദ്യം ചെയ്യേണ്ടത് ന്യൂനപക്ഷ, ദളിത് വിഭാഗങ്ങളുടെ വിദ്യാഭ്യാസ, തൊഴില്‍ മേഖലകളിലെ മുന്നേറ്റം ഊര്‍ജിതമാക്കാന്‍ ഭരണകൂടങ്ങള്‍ക്ക് ശക്തമായ നിര്‍ദേശം നല്‍കുകയാണ്. അതുവഴി സ്ഥിതിസമത്വം കൈവരികയും സംവരണാനുകൂല്യമില്ലാതെ തന്നെ എല്ലാ രംഗങ്ങളിലും അവര്‍ക്ക് കടന്നുചെല്ലാനുള്ള ഒരു സാഹചര്യം രാജ്യത്ത് സംജാതമാകുകയും ചെയ്യട്ടെ. അതാണ് ശരിയായ നടപടി. പകരം മുന്നോട്ടുള്ള അവരുടെ പ്രയാണ മാര്‍ഗങ്ങളിലെല്ലാം തടസ്സം സൃഷ്ടിക്കുന്ന എക്‌സിക്യൂട്ടീവിന്റെയും ബ്യൂറോക്രസിയുടെയും നിലാടിന് നേരെ കണ്ണ് ചിമ്മുകയും അതോടൊപ്പം സംവരണത്തിനെതിരെ വാളോങ്ങുകയും ചെയ്യുന്നത് നീതിക്ക് നിരക്കാത്തതും ഭരണഘടനയുടെ അന്തസ്സത്തക്ക് വിരുദ്ധവുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here