Connect with us

Ongoing News

സച്ചിന് വലിയ ഇന്നിംഗ്‌സുകള്‍ കളിക്കാന്‍ അറിയില്ലായിരുന്നുവെന്ന് കപില്‍

Published

|

Last Updated

ദുബൈ: സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് തന്റെ പ്രതിഭയോട് പൂര്‍ണമായും നീതിപുലര്‍ത്താന്‍ സാധിച്ചിട്ടില്ലെന്ന വിമര്‍ശവുമായി കപില്‍ദേവ് രംഗത്ത്. ഡബിള്‍ സെഞ്ച്വറിയും ട്രിപ്പിള്‍ സെഞ്ച്വറിയും നാന്നൂറ് റണ്‍സുമൊന്നും നേടുന്നത് എങ്ങനെയെന്ന് സച്ചിന് അറിയില്ല. ഈ നേട്ടങ്ങളെല്ലാം കൈവരിക്കാനുള്ള കഴിവും പ്രതിഭവും സച്ചിന് ഉണ്ടായിരുന്നു.
എന്നാല്‍, മുംബൈ ക്രിക്കറ്റ് സ്‌കൂളില്‍ പെട്ടുപോയ സച്ചിന് തന്റെ കഴിവ് വേണ്ടവണ്ണം ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. ജുമൈറ ഹോട്ടലില്‍ നടന്ന കൂടിക്കാഴ്ചയില്‍ കപില്‍ദേവ് പറഞ്ഞു. ഷെയ്ന്‍ വോണ്‍, വസീം അക്രം, വഖാര്‍ യൂനിസ്, ഇയാന്‍ ബോതം എന്നിവരും എന്നിവരും ചടങ്ങില്‍ സംബന്ധിച്ചിരുന്നു. സച്ചിന്‍ എന്നും ഒരു മുംബൈ ക്രിക്കറ്ററായിരുന്നു. ലോകക്രിക്കറ്റിനുവേണ്ടി സച്ചിന്‍ കളിച്ചിട്ടില്ല. സാധാരണ ക്രിക്കറ്റ് കളിച്ചിരുന്ന മുംബൈയിലെ ക്രിക്കറ്റര്‍മാരെ വിട്ട് സച്ചിന്‍ വിവിയന്‍ റിച്ചാര്‍ഡ്‌സിനൊപ്പമായിരുന്നു കൂടുതല്‍ സമയം ചിലവിടേണ്ടിയിരുന്നത്. വീരേന്ദര്‍ സെവാഗിനെപ്പോലെ കളിക്കാനാകും ഞാന്‍ സച്ചിനെ ഉപദേശിക്കുക. സാങ്കേതികമായി സച്ചിന്‍ പിഴവറ്റ ഒരു ക്രിക്കറ്ററാണ്. അതിനാല്‍ സെഞ്ച്വറികള്‍ നേടാന്‍ സച്ചിന് പ്രയാസപ്പെടേണ്ടി വന്നില്ല. എന്നാല്‍, അതിലും വലിയ ഇന്നിംഗ്‌സുകള്‍ സച്ചിന് അപ്രാപ്യമായിരുന്നു.
സെവാഗിനെപ്പോലെ കളിച്ചിരുന്നെങ്കില്‍ സച്ചിന്‍ ഇതിനും വലിയ ഒരു ക്രിക്കറ്റര്‍ ആകുമായിരുന്നു. കപില്‍ ഇന്ത്യന്‍ പരിശീലകനായിരുന്നപ്പോള്‍ സച്ചിനായിരുന്നു നായകന്‍. ഈ സമയത്താണ് സച്ചിന്‍ ടെസ്റ്റിലെ തന്റെ ആദ്യ ഇരട്ടസെഞ്ച്വറി നേടിയത്.
കരിയറില്‍ താന്‍ നേരിട്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ് സച്ചിന്‍ ടെണ്ടുല്‍ക്കറെന്ന് ഷെയ്ന്‍ വോണ്‍ അഭിപ്രായപ്പെട്ടു. റിച്ചാര്‍ഡ്‌സും ഗവാസ്‌കറും വിരമിച്ചതിന് ശേഷമെത്തിയ തനിക്ക് സച്ചിനും ലാറയുമായിരുന്നു മികച്ചതെന്ന് വസീം അക്രം പറഞ്ഞു.
കപില്‍ദേവും ഇയാന്‍ബോതവും വിവിയന്‍ റിച്ചാര്‍ഡ്‌സിനെയാണ് ഏറ്റവും മികച്ച ക്രിക്കറ്റായി വിശേഷിപ്പിച്ചത്.

---- facebook comment plugin here -----

Latest