ബാര്‍ കോഴ: വിജിലന്‍സ് കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും

Posted on: October 29, 2015 8:15 pm | Last updated: October 30, 2015 at 12:23 am
SHARE

mani-biju-bar copyതിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മന്ത്രി കെ എം മാണിക്കെതിരെ അന്വേഷണം തുടരാമെന്ന വിജിലന്‍സ് കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. വെള്ളിയാഴ്ച്ച തന്നെ ഹൈക്കോടതിയെ സമീപിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നാണ് സൂചന. വിജിലന്‍സ് കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ കോടതിയെ സമീപിക്കുക.

കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പേ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് പറഞ്ഞത് തെറ്റാണ്. സുകേശന്റെ റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ വിധിയായി വ്യാഖ്യാനിച്ചത് ശരിയല്ല. വിജിലന്‍സ് ഡയരക്ടര്‍ അന്വേഷണത്തില്‍ ഇടപെട്ടതില്‍ തെറ്റില്ല. കോടതി നിര്‍ദേശപ്രകാരമാണ് വിജിലന്‍സ് ഡയരക്ടര്‍ അന്വേഷണത്തില്‍ ഇടപെട്ടതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കും.

എസ് പി സുകേശന്‍ നല്‍കിയ വസ്തുതാ റിപ്പോര്‍ട്ടില്‍ മാണി കോഴ വാങ്ങിയെന്ന് തെളിയിക്കുന്നതിനുള്ള സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളുമുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ബാര്‍ കോഴക്കേസ് പുനരന്വേഷിക്കണമെന്ന് വിജിലന്‍സ് കോടതി ജഡ്ജി ജോണ്‍ കെ ഇല്ലിക്കാടനാണ് ഉത്തരവിട്ടത്.