Connect with us

Wayanad

വോട്ട് ചെയ്യാം നിര്‍ഭയമായി; ജില്ലയില്‍ വന്‍ സുരക്ഷ

Published

|

Last Updated

കല്‍പ്പറ്റ: നവംബര്‍ രണ്ടിന് നടക്കുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ നിര്‍ഭയമായി വോട്ട് ചെയ്യുന്നതിനുള്ള സുരക്ഷാ സംവിധാനങ്ങളൊരുക്കിയതായി ജില്ലാ കലക്ടര്‍ കേശവേന്ദ്ര കുമാറും, ജില്ലാ പോലീസ് മേധാവി എം കെ പുഷ്‌കരനും അറിയിച്ചു.കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന അവലാകന യോഗത്തിലാണ് ഇക്കാര്യമറിയിച്ചത്.11 ഡി വൈ എസ് പിമാരുടെ നേതൃത്വത്തില്‍ പോലീസും മറ്റ് സേനാ വിഭാഗങ്ങളുമുള്‍പ്പെടെ 18 കമ്പനി സേനയുണ്ടാവും.
നക്‌സല്‍ ഭീഷണി സാധ്യതയുള്ള 26 ബൂത്തുകളില്‍ അതീവ സുരക്ഷാ സംവിധാനങ്ങളൊരുക്കും. ഇവിടെ പൂര്‍ണമായും വീഡിയോ റെക്കോഡിംഗ് നടത്തും.വോട്ട് ചെയ്യാനെത്തുന്നവരെ തടയുകയോ മറ്റ് അനിഷ്ട സംഭവങ്ങളുണ്ടാവുകയോ ചെയ്താല്‍ അത്തരം സ്ഥലങ്ങളില്‍ പെട്ടെന്ന് എത്തിച്ചേരുന്നതിന് 90 പട്രോളിംഗ് സംഘം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പൂര്‍ണ സജ്ജരായുണ്ടാകും.ജില്ലയിലെ പോലീസ് സേനക്ക് പുറമെ കര്‍ണാടക റിസര്‍വ് പോലീസിന്റെ ഒരു കമ്പനിയും എറണാകുളത്ത് നിന്ന് നാല് കമ്പനിയും തണ്ടര്‍ബോള്‍ട്ടും ആന്റി നക്‌സല്‍ സ്‌ക്വാഡും ഉള്‍പ്പെടെ വിവിധ സേനകള്‍ സുരക്ഷയൊരുക്കുന്നതിനായി രംഗത്തുണ്ടാകും.
ജില്ലയിലെ 847 ബൂത്തുകളെയും പ്രത്യേകം വിലയിരുത്തിയാണ് സുരക്ഷാ സംവിധാനങ്ങളൊരുക്കുന്നത്. ബൂത്തുകളുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍, നക്‌സല്‍ സാന്നിധ്യം, മുമ്പുണ്ടായ പ്രശ്‌നങ്ങള്‍ എന്നിവ പരിശോധിച്ച് അതീവ സുരക്ഷ ആവശ്യമുള്ളത്, ഇടത്തരം സുരക്ഷ, സാധാരണ സുരക്ഷ ആവശ്യമുള്ളത് എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. പ്രശ്‌ന സാധ്യതയുള്ള ബൂത്തുകളില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കും.കോളനികളിലും മറ്റ് പ്രദേശങ്ങളിലും വ്യാജമദ്യ നിര്‍മാണം, വിതരണം എന്നിവ തടയുന്നതിന് എക്‌സൈസും പോലീസും വനം വകുപ്പും സംയുക്തമായി പരിശോധന നടത്തും. ഇതിനായി എല്ലാ താലൂക്കുകളിലും ഡെപ്യൂട്ടി തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ മൂന്ന് സ്‌ക്വാഡുണ്ടാക്കി പരിശോധന നടത്തും.
സുഗമമായ വോട്ടെടുപ്പിന് തടസ്സമുണ്ടാക്കുന്ന പ്രവൃത്തികളുണ്ടായാല്‍ 100, 1090 നമ്പറുകള്‍ക്ക് പുറമെ ജില്ലാ പോലീസ് മേധാവി 9497996974, ഇലക്ഷന്‍ കണ്‍ട്രോള്‍ ഓഫീസര്‍ 9497990124, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി 9497990125 എന്നിവരുടെ നമ്പറുകളിലും വിവരമറിയിക്കാവുന്നതാണ്. എ ഡി എം. പി വി ഗംഗാധരന്‍, ജില്ലാ പോലീസ് മേധാവി എം കെ പുഷ്‌കരന്‍, ഡി വൈഎസ് പി പ്രിന്‍സ് എബ്രഹാം, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എ ഉണ്ണികൃഷ്ണന്‍, മാനന്തവാടി തഹസില്‍ദാര്‍ ടി സോമനാഥന്‍, വൈത്തിരി തഹസില്‍ദാര്‍ ചാമിക്കുട്ടി, സുല്‍ത്താന്‍ ബത്തേരി തഹസില്‍ദാര്‍ എന്‍ കെ എബ്രഹാം തുടങ്ങിയവര്‍ സുരക്ഷാ അവലോകന യോഗത്തില്‍ പങ്കെടുത്തു.