മാധ്യമങ്ങളിലൂടെയുളള പെരുമാറ്റ ചട്ടലംഘനം: നിരീക്ഷിക്കാന്‍ ജില്ലാതല സമിതി

Posted on: October 29, 2015 9:37 am | Last updated: October 29, 2015 at 9:37 am
SHARE

പാലക്കാട്: മാധ്യമങ്ങളിലൂടെയുളള തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടലംഘനം നിരീക്ഷിക്കാന്‍ ജില്ലാതല മീഡിയ റിലേഷന്‍ കമ്മിറ്റി പ്രവര്‍ത്തിച്ചു വരുന്നതായി ജില്ല കലക്ടര്‍ പി മേരിക്കുട്ടി അറിയിച്ചു.
ജില്ല തിരഞ്ഞടുപ്പ് ഓഫീസറായ ജില്ല കലക്ടര്‍ കമ്മിറ്റി ചെയര്‍മാനും ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, സി അയ്യപ്പന്‍ കണ്‍വീനറും ജില്ല ലോ ഓഫീസര്‍ ജോര്‍ജ്ജ് ജോസഫ്, പാലക്കാട്, മലയാള മനോരമ ദിനപത്രം ചീഫ് റിപ്പോര്‍ട്ടര്‍ എം. പി സുകുമാരന്‍ തുടങ്ങിയവര്‍ കമ്മിറ്റി അംഗങ്ങളുമാണ്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാധ്യമങ്ങള്‍ക്കായി പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ലംഘനം സംബന്ധിച്ച പരാതികള്‍ കമ്മിറ്റി മുന്‍പാകെ സമര്‍പ്പിക്കാവുന്നതാണ്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളും ബന്ധപ്പെട്ടവരും വിവിധ മാധ്യമങ്ങളിലൂടെ നല്‍കുന്ന പരസ്യങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരത്തിന് വിധേയമായിരിക്കണം. ഇതിനായി പ്രാദേശികമായി ലഭിക്കുന്ന അപേക്ഷകളില്‍ അംഗീകാരം നല്‍കുന്നതിനുള്ള ചുമതല ജില്ലാ മീഡിയാ റിലേഷന്‍സ് സമിതിക്കാണ്. ഉപഗ്രഹ ചാനലുകള്‍/റേഡിയോ ചാനലുകള്‍ വിവിധ എഡിഷനുകളില്‍ പ്രസിദ്ധീകരിക്കുന്ന അച്ചടി മാധ്യമങ്ങള്‍ എന്നിവയ്ക്കുള്ള പരസ്യത്തിന് അംഗീകാരം നല്‍കുന്ന ചുമതല സംസ്ഥാനതല മീഡിയാ റിലേഷന്‍സ് സമിതിക്കാണ്.
ഇതിനായി പരസ്യത്തിന്റെ മാതൃക സഹിതം നിശ്ചിത ഫോറത്തില്‍ ബന്ധപ്പെട്ട കമ്മിറ്റിയുടെ അദ്ധ്യക്ഷന് അപേക്ഷ നല്‍കണം. മാതൃകാഫോറം തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭിക്കും.