തിരൂരില്‍ പ്രധാന അങ്ങാടികളില്‍ ഇത്തവണ കലാശക്കൊട്ടില്ല

Posted on: October 29, 2015 9:33 am | Last updated: October 29, 2015 at 9:33 am
SHARE

തിരൂര്‍: പ്രധാന അങ്ങാടികളില്‍ പ്രചരണ കലാശക്കൊട്ട് ഒഴിവാക്കാന്‍ തീരുമാനം. തിരൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രധാന കേന്ദ്രങ്ങളില്‍ കലാശക്കൊട്ട് നടത്തുന്നത് ഒഴിവാക്കാന്‍ ഇന്നലെ പോലീസ് സ്റ്റേഷനില്‍ ചേര്‍ന്ന യോഗത്തിലാണ് ധാരണയായത്. സി ഐ മുഹമ്മദ് ഹനീഫയുടെ നിര്‍ദേശ പ്രകാരം തിരൂര്‍ അഡീഷണല്‍ എസ് ഐ വിളിച്ചു ചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തിലാണ് മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായ തീരുമാനമെടുത്തത്. സംഘര്‍ഷ സാധ്യത ഒഴിവാക്കുകയാണ് ലക്ഷ്യം. ഇതേ തുടര്‍ന്ന് തിരൂര്‍ ടൗണ്‍, പൂങ്ങോട്ടുകുളം, പുതിയങ്ങാടി, തിരുന്നാവായ, ആലത്തിയൂര്‍, കാവിലക്കാട്, പുറത്തൂര്‍, കൂട്ടായി അങ്ങാടി തുടങ്ങിയ പ്രദേശങ്ങളില്‍ കൊട്ടിക്കലാശം നടത്താന്‍ പാടില്ല. ഓരോ വാര്‍ഡിലെയും കൊട്ടിക്കലാശം അതാത് വാര്‍ഡുകള്‍ കേന്ദ്രീകരിച്ചു തന്നെ നടത്തണമെന്നും നഗരത്തിലേക്ക് വരാന്‍ പാടില്ലെന്നും യോഗത്തില്‍ പോലീസ് നിര്‍ദേശിച്ചു. ഇക്കാര്യം മുഴുവന്‍ പാര്‍ട്ടികളും അംഗീകരിച്ചതായി അഡീഷണല്‍ എസ് ഐ വിശ്വനാഥന്‍ കാരയില്‍ പറഞ്ഞു. മംഗലം, പുറത്തൂര്‍, തൃപ്രങ്ങോട് എന്നിവിടങ്ങളിലെ മുതിര്‍ന്ന നേതാക്കള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിലായതിനാല്‍ ഇവരെ പങ്കെടുപ്പിച്ചുള്ള യോഗം പിന്നീട് ചേരും.