മുസ്‌ലിം ലീഗുമായി മെച്ചപ്പെട്ട ബന്ധം: രമേശ് ചെന്നിത്തല

Posted on: October 29, 2015 9:40 am | Last updated: October 29, 2015 at 9:31 am
SHARE

മലപ്പുറം: മുസ്‌ലിംലീഗ് യു ഡി എഫിന്റെ അവിഭാജ്യഘടകമാണ്. മെച്ചപ്പെട്ട ബന്ധമാണ് ലീഗുമായുള്ളത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ പ്രാദേശിക വിഷയങ്ങളുമായി ബന്ധപ്പെട്ടാണ്. ഇതൊന്നും മുന്നണിയെ ബാധിക്കില്ല. മുസ്‌ലിംലീഗിനെ വര്‍ഗീയ കക്ഷിയായി കാണുന്നില്ലെന്നും സി പി ഐക്കും സി പി എമ്മിനുമാണ് ഇക്കാര്യത്തില്‍ തര്‍ക്കമെന്നും അദ്ദേഹം പറഞ്ഞു. ലീഗിന്റെ മതേതര നിലപാടുകള്‍ സംസ്ഥാനത്തിന് ഗുണകരമാണ്.

തിരഞ്ഞെടുപ്പ്
പ്രതിപക്ഷ
വിലയിരുത്തലാകും
തദ്ദേശ തിരഞ്ഞെടുപ്പ് സര്‍ക്കാറിന്റെ വിലയിരുത്തലായി കണക്കാക്കുന്നതോടൊപ്പം പ്രതിപക്ഷത്തിന്റെ കൂടി വിലയിരുത്തലായി കാണണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേരളത്തില്‍ യു ഡി എഫിന് അനുകൂലമായ സാഹചര്യമാണുള്ളത്. മികച്ച നേട്ടമുണ്ടാക്കാന്‍ കഴിയും. വര്‍ഗീയതക്കും അക്രമ രാഷ്ട്രീയത്തിനുമെതിരായ നിലപാടാണ് യു ഡി എഫ് തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് മുന്നില്‍ വെക്കുന്നത്.

വര്‍ഗീയതയെ
നേരിടും
മോദി-അമിത് ഷാ സഖ്യം വര്‍ഗീയതയാണ് പ്രചരിപ്പിക്കുന്നത്. ഇതിനെ ശക്തമായി നേരിടണം. ബി ജെ പി, സംഘ്പരിവാര്‍ ശക്തികളുടെ നേതൃത്വത്തില്‍ ബോധപൂര്‍വമായി സംഘര്‍ഷം നടക്കുന്നു. കേരള ഹൗസില്‍ നടന്ന സംഭവങ്ങള്‍ അന്യായമാണ്. ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയാണിതെന്നും ഡല്‍ഹി പോലീസിന്റെ പ്രവര്‍ത്തനം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ അവകാശങ്ങള്‍ക്ക് മേലുള്ള കടന്ന് കയറ്റമാണിത്. ഗാന്ധിജിയുടെ ഘാതകന്‍ ഗോഡ്‌സെയെ മഹത്വവത്കരിക്കാനാണ് ബി ജെ പിയും ആര്‍ എസ് എസും ശ്രമിക്കുന്നത്. ഇത് ഇന്ത്യന്‍ പാരമ്പര്യത്തിന് നേരെയുള്ള വെല്ലുവിളിയാണ്.

ബി ജെ പിയുടെ സ്വപ്‌നം നടക്കില്ല
തദ്ദേശ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ കിട്ടിയ വോട്ടുകള്‍ പോലും ബി ജെ പിക്ക് ഇത്തവണ ലഭിക്കില്ല. ജാതി സംഘടനകളെ കൂട്ടുപിടിച്ച് നേട്ടമുണ്ടാക്കാമെന്ന് ബി ജെ പിയുടെ സ്വപ്‌നം നടക്കാന്‍ പോകുന്നില്ല. സി പി എം കോണ്‍ഗ്രസിനെ മതേതരത്വം പഠിപ്പിക്കേണ്ട. സി പി എമ്മില്‍ നിന്ന് അണികള്‍ ബി ജെ പിയിലേക്ക് പൊയ്‌കൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്- ബി ജെ പി സഖ്യമുണ്ടെന്ന് ധാരണ പരത്തി മത ന്യൂനപക്ഷങ്ങളില്‍ ആശങ്കയുണ്ടാക്കാനാണ് സി പി എം ശ്രമം. ആ പരിപ്പ് വേവില്ലെന്നും ചെന്നിത്തല പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here