ബീഫ് നിരോധം സംസ്ഥാന വിഷയം: ഡി പുരന്ദേശ്വരി

Posted on: October 29, 2015 9:17 am | Last updated: October 29, 2015 at 9:17 am

കോഴിക്കോട്: ബീഫ് നിരോധനം സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍ വരുന്ന വിഷയമാണെന്നും കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു സമ്മര്‍ദവും ചെലുത്തില്ലന്നും ബി ജെ പി ദേശീയ നേതാവ് ഡി പുരന്ദേശ്വരി. കേരള ഹൗസ് വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസ് ശരിയായ ഇടപെടല്‍ നടത്തിയിട്ടുണ്ടെന്നും പുരന്ദേശ്വരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബീഫ് ഫെസ്റ്റു പോലുള്ള പരിപാടികള്‍ വര്‍ഗീയതയെ വളര്‍ത്തുന്നവയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രാഷ്ടീയമായ അസ്ഥിത്വം നഷ്ടപ്പെട്ട എല്‍ഡിഎഫും യു ഡി എഫും ഭിന്നിപ്പിക്കല്‍ നയമാണ് സ്വീകരിക്കുന്നത്. ഏതുവിധേനയും ബി ജെ പിയെ തോല്‍പിക്കാനാണ് ഇവരുടെ ശ്രമം. കപട മതനിരപേക്ഷതയാണ് ഇവര്‍ കാട്ടുന്നത്. നിയമസഭയിലോ പാര്‍ലമെന്റിലോ ഒരു ബി ജെ പി പ്രതിനിധി പോലുമില്ലാത്ത കേരളത്തിന്റെ റോഡു വികസനത്തിനു കേന്ദ്ര സര്‍ക്കാര്‍ 34,000 കോടി രൂപയുടെ സഹായമാണ് നല്‍കിയത്.
ഐ ഐ ടി, കോച്ച് ഫാക്ടറി തുടങ്ങിയ വികസന പദ്ധതികളും കേരളത്തിന് അനുവദിച്ചത് ഈ സര്‍ക്കാരാണ്. മെച്ചപ്പെട്ട ജീവിതവും സമൂഹവുമാണ് ജനം ആഗ്രഹിക്കുന്നത്. ഇതുറപ്പാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമമെന്നും പുരന്ദേശ്വരി പറഞ്ഞു. ബിജെ പി ജില്ലാ പ്രസിഡന്റ് പി രഘുനാഥും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു