Connect with us

Kozhikode

സ്വര്‍ണം തട്ടിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം

Published

|

Last Updated

കോഴിക്കോട്: എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തി 40 ലക്ഷം രൂപയുടെ സ്വര്‍ണം തട്ടിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ ദിവസമാണ് പട്ടാപ്പകല്‍ ഫ്രാന്‍സിസ് ആലുക്കാസ് ജ്വല്ലറി ജീവനക്കാരന്‍ ദിജിനെ തട്ടികൊണ്ടുപോയി ് ഒന്നേകാല്‍ കിലോഗ്രാം സ്വര്‍ണാഭരണങ്ങള്‍ കൊളളയടിക്കപ്പെട്ടത്. പ്രതികള്‍ സഞ്ചരിച്ച കാറിനെക്കുറിച്ചും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്ന ബൈക്ക് യാത്രക്കാരനെക്കുറിച്ചും നിര്‍ണായകവിവരങ്ങള്‍ ലഭിച്ചതായി അന്വേഷണസംഘം പറയുന്നു. ദിജിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കേസന്വേഷണത്തിന് കമ്മിഷണര്‍ സ്‌പെഷ്യല്‍ ടീമിനെ നിയോഗിച്ചിട്ടുണ്ട്. ദിജിന്റെ സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി ആഭരണം എടുക്കുന്നതും ഇയാളെ കാറിലേക്ക് പിടിച്ചുകയറ്റി പൂന്താനം ജംഗ്ഷനിലുടെ ഇന്നോവ കാര്‍ പോകുന്നതിന്റെയും ദൃശ്യങ്ങള്‍ പോലീസ് കണ്‍ട്രോള്‍ റൂമിലെ സി സി ടിവിയില്‍ തെളിഞ്ഞിട്ടുണ്ട്. കാറിനെക്കുറിച്ച് നിര്‍ണായകമായ വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. കവര്‍ച്ച സംഘത്തെ സഹായിച്ച ബൈക്ക് യാത്രക്കാരനെക്കുറിച്ച് പോലീസിന് കേസന്വേഷണത്തിന് സഹായകമാവുന്ന വിവരങ്ങള്‍ ലഭിച്ചതായും പറയുന്നു. പ്രതികളെ തേടി മലപ്പുറം, തൃശൂര്‍ ജില്ലകളിലും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രതികള്‍ അയല്‍ സംസ്ഥാനത്തിലേക്ക് രക്ഷപ്പെട്ടതായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇവിടങ്ങളില്‍ പരിശോധന നടത്തുന്നത്. പോലീസ് മുഖ്യപ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടിരുന്നു. ജ്വല്ലറിയിലെ എല്ലാ നീക്കങ്ങളും അറിയുന്നയാളാണ് കവര്‍ച്ചയക്ക് പിന്നിലെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ജ്വല്ലറിയിലെ ജീവനക്കാരും ഹാള്‍ മാര്‍ക്ക് സെന്ററിലെ ജീവനക്കാരും പോലീസിന്റെ നിരീക്ഷണത്തിലാണ്. 1.130 കിലോ തൂക്കം വരുന്ന ആഭരണങ്ങള്‍ക്ക് ഹാള്‍മാര്‍ക്ക് മുദ്രപതിപ്പിച്ച് ജ്വല്ലറിയിലേക്ക് മടങ്ങുകയായിരുന്നു ദിജിന്‍. ആക്ടീവ സ്‌കൂട്ടറിന്റെ സീറ്റിനടിയില്‍ ആഭരണം സൂക്ഷിച്ച് ഓടിച്ചുപോകവേയാണ് പാളയം അന്‍ഹാര്‍ ഹോട്ടലിന് സമീപം ഇന്നോവ കാറിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തി സ്വര്‍ണ്ണം കവര്‍ന്നത്.