റിബലുകളും ഗ്രൂപ്പ് പോരും; മുനിസിപ്പാലിറ്റികളില്‍ തീ പാറും മത്സരം

Posted on: October 29, 2015 9:19 am | Last updated: October 29, 2015 at 9:18 am
SHARE

കോഴിക്കോട്‌:മുന്നണികള്‍ക്കുള്ളിലെ റിബലുകള്‍, അടവുനയങ്ങളുടെ ഭാഗമായി മുന്നണിതന്നെ മാറ്റിവെച്ചുള്ള സഖ്യങ്ങള്‍, ഗ്രൂപ്പ് പോരും സീറ്റ് മോഹവുമായി രംഗത്തെത്തിയ ഒരുകൂട്ടം റിബലുകള്‍തുടങ്ങി ഇന്നുവരെ കാണാത്ത കടുത്ത മത്സരമാണ് ജില്ലയിലെ ഏഴ് മുനിസിപ്പാലിറ്റികളിലും നടക്കുന്നത്. നേരത്തെയുള്ള കൊയിലാണ്ടി, വടകര മുനിസിപ്പാലിറ്റികള്‍ക്ക് പുറമെ പുതുതായി രൂപവത്കരിച്ച പയ്യോളി, മുക്കം, കൊടുവള്ളി, ഫറോക്ക്, രാമനാട്ടുകര എന്നിവിടങ്ങളിലെല്ലാം ഇഞ്ചോടിഞ്ച് പോരാട്ടമാണ്. 2010ലെ യു ഡി എഫ് തരംഗത്തിലും കൊയിലാണ്ടി, വടകര മുനിസിപ്പാലിറ്റികള്‍ എല്‍ ഡി എഫ് നിലനിര്‍ത്തിയിരുന്നു.
എന്നും എല്‍ ഡി എഫിന്റെ ശക്തികേന്ദ്രങ്ങളാണ് ജില്ലയിലെ വടക്കന്‍ മേഖലയിലുള്ള വടകര, കൊയിലാണ്ടി മുനിസിപ്പാലിറ്റികള്‍. വടകരയില്‍ ആകെയുള്ള 47 വാര്‍ഡുകളില്‍ 15 എല്‍ ഡി എഫിനും പത്ത് യു ഡി എഫിനും ഉറച്ച വാര്‍ഡുകളാണ്. ഇവിടങ്ങളില്‍ കാര്യമായ അട്ടിമറിക്ക് സാധ്യതയില്ല. മറ്റ് വാര്‍ഡുകളാണ് ഫലം നിര്‍ണയിക്കുക. മുന്നണിക്ക് പുറത്തെ ചില നീക്ക്‌പോക്കുകളും ഫലത്തെ സ്വാധീനിക്കും. ഒരു വാര്‍ഡിലെ മത്സരിക്കുന്നുവെങ്കിലും സി പി എം വിമതരായ ആര്‍ എം പി പ്രചാരണ രംഗത്ത് സജീവമാണ്. യു ഡി എഫും ആര്‍ എം പിയും തമ്മില്‍ രഹസ്യ നീക്ക്‌പോക്കുണ്ടെന്ന ആരോപണം ശക്തമാണ്.
കൊയിലാണ്ടിയില്‍ പ്രവചനാതീതം എന്ന് തോന്നിക്കുന്ന തരത്തില്‍ മത്സരമെത്തിക്കാന്‍ യു ഡി എഫിന് കഴിഞ്ഞിട്ടുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ ആദ്യഘട്ടത്തില്‍ മുസ്‌ലിംലീഗിന് നിരവധി വാര്‍ഡുകളില്‍ റിബല്‍ സ്ഥാനാര്‍ഥികളുണ്ടായിരുന്നെങ്കിലും നേതൃത്വം ഇടപെട്ട് അതെല്ലാം പരിഹരിച്ചു. ആകെയുള്ള 43 വാര്‍ഡുകളില്‍ കഴിഞ്ഞ തവണ 39ഉം എല്‍ ഡി എഫായിരുന്നു നേടിയിരുന്നത്. എല്‍ ഡി എഫിന് ഉറച്ച പ്രതീക്ഷയുള്ള 20 വാര്‍ഡുകളും യു ഡി എഫിന് ഏഴ് വാര്‍ഡുകളുമുണ്ട്. എല്‍ ഡി എഫില്‍ സി പി ഐ മത്സരിക്കുന്ന ഒരു വാര്‍ഡില്‍ റിബലായി സി പി എം സ്ഥാനാര്‍ഥിയുണ്ട്. ഇതിനെതുടര്‍ന്ന് മുന്‍ ബ്രാഞ്ച് സെക്രട്ടറി അടക്കം മൂന്ന് പേരെ കഴിഞ്ഞ ദിവസം സി പി എം പുറത്താക്കിയിരുന്നു. ഇതൊഴിച്ചാല്‍ ഇരുമുന്നണിക്കും കാര്യമായ റിബല്‍ ഭീഷണി ഇവിടെയില്ല. എന്നാല്‍ കഴിഞ്ഞ തവണ ബി ജെ പി ജയിച്ച മൂന്ന് വാര്‍ഡുകള്‍ അടക്കം അഞ്ചിടത്ത് ത്രികോണ മത്സരമാണ് നടക്കുന്നത്. കടുത്ത രാഷ്ട്രീയ മത്സരം നടക്കുന്ന ഇവിടെ 35 സീറ്റുകള്‍ വരെ നേടുമെന്ന് എല്‍ ഡി എഫും 30 സീറ്റുകള്‍ നേടുമെന്ന് യു ഡി എഫും അവകാശപ്പെടുന്നു. പി ടി എ റഹീം എം എല്‍ എയുടെ നേതൃത്വത്തിലുള്ള നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ്, സി പി എം, സി പി ഐ, ജനതാദള്‍ എസ്, ഐ എന്‍ എല്‍, ജമാഅത്തെ ഇസ്‌ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവയെല്ലാം ജനപക്ഷ മുന്നണിയിലുണ്ട്. പി ടി എ റഹീം എം എല്‍ എയുടെ ഭാര്യ സുബൈദ റഹീം, സി പി എം നേതാവും മുന്‍ എം എല്‍ എയുമായ മൂസക്കുട്ടിയുടെ ഭാര്യ ജമീല എന്നിവരാണ് ജനപക്ഷ മുന്നണിയുടെ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥികള്‍. മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റസിയ ഇബ്രാഹീമിനെയാണ് യു ഡി ഫ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. രാഷ്ട്രീയ വോട്ടുകളെടുത്താല്‍ യു ഡി എഫിന് തന്നെയാണ് വ്യക്തമായ മുന്‍തൂക്കം. എന്നാല്‍ മുന്നണിക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങളാണ് യു ഡി എഫിനെ വലക്കുന്നത്.
സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട തര്‍ക്കവും കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള പോരും പ്രചാരണത്തെ ബാധിച്ചിട്ടുണ്ട്. അഴിമതി ആരോപണങ്ങള്‍ നേരിട്ടവരെ മത്സരിപ്പിക്കരുതെന്ന് കാണിച്ച് നേരത്തെ നേതൃത്വത്തിന് കത്തയച്ച മുസ്‌ലിംലീഗ് മണ്ഡലം പ്രസിഡന്റ് കാരാട്ട് റസാഖ് പ്രചാരണ രംഗത്ത് സജീവമല്ല. പ്രചാരണ യോഗങ്ങളില്‍ നിന്നും റാലിയില്‍ നിന്നുമെല്ലാം അദ്ദേഹം വിട്ടുനില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന റാലിക്കിടെ എ ഗ്രൂപ്പുകാരനായ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന് ഐ ഗ്രൂപ്പുകാരുടെ മര്‍ദനമേറ്റിരുന്നു. കൂടാതെ രണ്ട് വാര്‍ഡുകളില്‍ യു ഡി എഫിന് റിബല്‍ ഭീഷണിയുമുണ്ട്. യു ഡി എഫിലെ ഈ പ്രശ്‌നങ്ങളില്‍ തന്നെയാണ് ജനപക്ഷ മുന്നണി പ്രതീക്ഷ വെച്ചിരിക്കുന്നത്. കൂടാതെ അഴിമതി മുഖ്യവിഷയമായി ഉയര്‍ത്തി കാട്ടിയാണ് ഇവരുടെ പ്രചാരണം. എന്നാല്‍ ഏത് പ്രശ്‌നങ്ങളെയും അതിജീവിച്ച് മുനിസിപാലിറ്റി ഭരണം പിടിക്കാനുള്ള കരുത്ത് യു ഡി എഫിനുണ്ടെന്ന് നേതൃത്വം അവകാശപ്പെടുന്നു. ആകെയുള്ള 36 വാര്‍ഡില്‍ 25 സീറ്റുകള്‍ നേടുമെന്ന് യു ഡി എഫ് പറയുന്നു. എന്നാല്‍ 20 സീറ്റുകള്‍ നേടി ഭരണം പിടിക്കുമെന്ന് ജനപക്ഷ മുന്നണിയും അവകാശപ്പെടുന്നു.ഏത് മുന്നണിക്കായാലും വലിയ വിത്യാസമില്ലാത്ത വിജയമാകും പുതിയ മുനിസിപ്പാലിറ്റികളില്‍ ഒന്നായ രാമനാട്ടുകരയിലുണ്ടാകുക. നേരത്തെ പഞ്ചായത്ത് ആയിരുന്നപ്പോള്‍ ഇരുമുന്നണിയും മാറാമാറിയാണ് ഇവിടെ ഭരണത്തിലെത്തിയിരുന്നത്. മുനിസിപ്പാലിറ്റികളില്‍ യു ഡി എഫ് ഏറെ പ്രതീക്ഷവെക്കുന്ന ഒന്നാണ് രാമനാട്ടുകര. മുസ്‌ലിംലീഗിന്റെ ശക്തമായ സംഘടനാ സംവിധാനം ഇവിടെയുണ്ട്. എന്നാല്‍ റിബലുകള്‍ തന്നെയാണ് യു ഡി എഫിന് പ്രധാന ഭീഷണി. യു ഡി എഫില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന ഏഴ്, 19 വാര്‍ഡുകളില്‍ മുസ്‌ലിംലീഗ് സ്ഥാനാര്‍ഥികള്‍ രംഗത്തുണ്ട്. ലീഗ് മത്സരിക്കുന്ന മൂന്നാം വാര്‍ഡില്‍ മറ്റൊരു റിബലുമുണ്ട്. എല്‍ ഡി എഫിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായ വാഴയൂര്‍ ബലകൃഷ്ണന്‍ മത്സരിക്കുന്ന വാര്‍ഡില്‍ ഡി വൈ എഫ് ഐ നേതാവ് റിബലായി രംഗത്തുവന്നിരുന്നെങ്കിലും നേതൃത്വം ഇടപെട്ട് പിന്തിരിപ്പിച്ചു. ആകെയുള്ള 31 വാര്‍ഡുകളില്‍ വലിയ അട്ടമറിയൊന്നും സംഭവിച്ചില്ലെങ്കില്‍ എല്‍ ഡി എഫിന് പത്തും യു ഡി എഫിനും പത്തും ഉറച്ച സീറ്റുകളായുണ്ട്. മറ്റ് 11 വാര്‍ഡുകളാണ് വിധി നിര്‍ണയിക്കുക. ഇതില്‍ ബി ജെ പി കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് എത്തിയ രണ്ടിടത്ത് അടക്കം നാലിടത്ത് ശക്തമായ ത്രികോണ മത്സരം നടക്കുന്നുണ്ട്. പ്രചരണം തീരാന്‍ ദിവസങ്ങള്‍ മാത്രമിരിക്കെ 38 വാര്‍ഡുകളുള്ള ഫറോക്ക് മുനിസിപാലിറ്റിയില്‍ ഇരുമുന്നണിയും അവകാശം ഉന്നയിക്കുന്നു. 25 സീറ്റുകള്‍ വരെ നേടുമെന്ന് എല്‍ ഡി എഫും 20 മുതല്‍ 25വരെ സീറ്റുകള്‍ നേടുമെന്ന് യു ഡി എഫും അവകാശപ്പെടുന്നു. പ്രാദേശികമായി നിരവധി വിഷയങ്ങള്‍ ഇവിടെ പ്രചാരണ രംഗത്ത് കടന്നുവരുന്നു.
എല്‍ ഡി എഫില്‍ സി പി എമ്മിനും യു ഡി എഫില്‍ ലീഗിനും ശക്താമായ അടിവേരുള്ള സ്ഥലമാണ് ഫറോക്ക്. എന്നാല്‍ വേണ്ടത്ര സീറ്റ് ലഭിക്കാത്തതിന്റെ പേരില്‍ ജെ ഡി യു മുന്നണിയില്‍ നിന്നും മാറി നില്‍ക്കുന്നതും, തങ്ങളുടെ പക്കലുണ്ടായ കരുവന്‍തിരുത്തി സഹകര ബേങ്ക് ലീഗും കോണ്‍ഗ്രസും പിടിച്ചെടുത്തതില്‍ പ്രതിഷേധിച്ച് സി എം പി ഉടക്കി നില്‍ക്കുന്നതും യു ഡി എഫിന് തലവേദനയാണ്. കൂടാതെ കോണ്‍ഗ്രസ് മത്സരിക്കുന്ന ഒരു വാര്‍ഡില്‍ ലീഗ് വിമതന്‍ മത്സരിക്കുന്നു. ബി ജെ പിയുടെ പിന്തുണയോടെ എസ് എന്‍ ഡി പി സ്ഥാനാര്‍ഥി മത്സരിക്കുന്ന അഞ്ചാം വാര്‍ഡില്‍ യു ഡി എഫിന് സ്ഥാനാര്‍ഥിയില്ലെന്നത് ഇവിടെ ശ്രദ്ധേയമാണ്. ശോഭാ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ഫറോക്ക് ടൗണില്‍ ഉയരാന്‍ പോകുന്ന ഫഌറ്റിനെതിരെ ആക്ഷന്‍ കമ്മിറ്റി എന്ന പേരില്‍ ഒരു വിഭാഗം നാട്ടുകാര്‍ രംഗത്തെത്തിയത് എല്‍ ഡി എഫിനും ക്ഷീണം ചെയ്യുന്നു. ആക്ഷന്‍ കമ്മിറ്റിയുടെ സ്ഥാനാര്‍ഥി സ്വതന്ത്ര ചിഹ്നത്തില്‍ മത്സര രംഗത്തുണ്ട്.
മലയോര മേഖലയിലെ മുനിസിപാലിറ്റികളിലൊന്നായ മുക്കത്തെ പോരാട്ടം തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പെ തുടങ്ങിയതാണ്. എല്‍ ഡി എഫ് നേരിയ ഭൂരിഭക്ഷത്തില്‍ തുടര്‍ച്ചയായി ജയിച്ച് വരുന്ന പഞ്ചായത്തുകളിലൊന്നായിരുന്നു മുക്കം. മുനിസിപാലിറ്റിയായി മാറിയതോടെ വാര്‍ഡിന്റെ ഘടന ആകെ മാറി. വാര്‍ഡ് വിഭജന പ്രകാരം യു ഡി എഫിനാണ് മുന്‍തൂക്കം കല്‍പ്പിക്കപ്പെടുന്നു. എന്നാല്‍ പ്രചാരണം അവസാനിക്കാനിരിക്കെ മലയോരം ആരെ തുണക്കുമെന്ന് പറയാന്‍ പറ്റാത്ത അവസ്ഥയാണ്. ജമാഅത്തെ ഇസ്‌ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടി എല്‍ ഡി എഫുമായി സഖ്യത്തിലാണ്.
ചേന്ദമംഗല്ലൂര്‍, മംഗലശ്ശേരി എന്നിവിടങ്ങളില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളാണ് എല്‍ ഡി എഫിനായുള്ളത്. ഇതില്‍ ചേന്ദമംഗല്ലൂര്‍ നിലവില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ജയിച്ച വാര്‍ഡാണ്. മുന്നണിയെ പ്രധാന ഘടകക്ഷിയായ സി പി ഐക്ക് ഒരു സീറ്റ് പോലും ഇവിടെ നല്‍കിയിട്ടില്ല. എന്നാല്‍ യു ഡി എഫിനുള്ളില്‍ പ്രത്യേകിച്ച് കോണ്‍ഗ്രസ് വലിയ തോതില്‍ വിമത ഭീഷണി നേരിടുന്നു. മുക്കം ടൗണ്‍, അഗസ്റ്റ്യന്‍മുഴി, കയ്യാത്താപൊയില്‍ എന്നിവിടങ്ങളിലെല്ലാം വിമത സ്ഥാനാര്‍ഥികള്‍ രംഗത്തുണ്ട്. യു ഡി എഫിന് പ്രതീക്ഷയുള്ള വാര്‍ഡുകളിലാണ് വിമത ഭീഷണിയുള്ളത്. കര്‍ഷക കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാവ് ബി പി റശീദ് വിമത സ്ഥാനാര്‍ഥിയാണ്. എല്‍ ഡി എഫിന് പത്തും യു ഡി എഫിന് ഒമ്പതും ഉറച്ച പ്രതീക്ഷയുള്ള വാര്‍ഡുകള്‍ ഇവിടെയുണ്ട്.
22 സീറ്റുകള്‍ വരെ നേടി ഭരണം നേടുമെന്ന് എല്‍ ഡി എഫും 20 സീറ്റുകള്‍ നേടുമെന്ന് യു ഡി എഫും അവകാശപ്പെടുന്നു. യു ഡി എഫിന്റെ ശക്തി കേന്ദ്രങ്ങളിലൊന്നായാണ് പയ്യോളി മുനിസിപാലിറ്റി അറിയിപ്പെടുന്നത്. പ്രചാരണം അവസാനിക്കാനിരിക്കെ യു ഡി എഫിനൊപ്പമെത്താല്‍ എല്‍ ഡി എഫിനും കഴിഞ്ഞിട്ടുണ്ട്. എട്ട് സീറ്റ് എല്‍ ഡി എഫും നേടി. മുനിസിപാലിറ്റിയായതോടെ 36 വാര്‍ഡുകളാണുള്ളത്. ഇതില്‍ 22 സീറ്റുകള്‍ വരെ നേടി ഭരണത്തിലെത്തുമെന്നാണ് യു ഡി എഫ് നേതാക്കള്‍ പറയുന്നത്. എന്നാല്‍ യു ഡി എഫിന്റെ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥിയായി പരിഗണിക്കുമെന്ന് കരുതുന്ന കുത്സു ടീച്ചര്‍ മത്സരിക്കുന്ന വാര്‍ഡില്‍ റബില്‍ ഭീഷണി നിലനില്‍ക്കുന്നു. ന്യൂനപക്ഷ വോട്ടുകള്‍ക്ക് വലിയ സ്വാധീനമുള്ള പയ്യോളിയില്‍ അട്ടിമറി സാധ്യത എല്‍ ഡി എഫ് പങ്ക് വെക്കുന്നു. 20 സീറ്റുകള്‍ വരെ നേടുമെന്നാണ് എല്‍ ഡി എഫ് പറയുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here