അസഹിഷ്ണുത; പ്രതിഷേധവുമായി ശാസ്ത്രജ്ഞരും സംവിധായകരും

Posted on: October 29, 2015 12:29 am | Last updated: October 29, 2015 at 12:29 am
SHARE

anand padvardhanന്യൂഡല്‍ഹി: സാഹിത്യകാരന്മാര്‍ ശക്തമായ പ്രതിഷേധവുമായി പുരസ്‌കാരങ്ങള്‍ തിരിച്ച് നല്‍കിയതിന് പിന്നാലെ ഇന്ത്യയിലെ ശാസ്ത്രജ്ഞന്മാരും സിനിമാ സംവിധായകരും പ്രതിഷേധവുമായി രംഗത്ത്. ഇന്ത്യയിലെ പ്രധാനപ്പെട്ട മൂന്ന് ശാസ്ത്ര സാങ്കേതിക അക്കാദമികള്‍ സംയുക്തമായാണ് രാജ്യത്തെ വര്‍ധിച്ചു വരുന്ന അസഹിഷ്ണുതയിലും അരക്ഷിതാവസ്ഥയിലും പ്രതിഷേധം രേഖപ്പെടുത്തിയത്. സിനിമാ മേഖലയില്‍ ചലച്ചിത്ര സംവിധായകരായ ദിബാകര്‍ ബാനര്‍ജിയും ആനന്ദ് പട്‌വര്‍ധനും അടക്കമുള്ള 10 സംവിധായകരും തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കാനായി അവാര്‍ഡുകള്‍ തിരിച്ചുനല്‍കാന്‍ ഒരുങ്ങുകയാണ്.
ആവിഷ്‌കാര സ്വാതന്ത്ര്യത്തെ സംരക്ഷിക്കാനുള്ള പ്രതിബദ്ധത കേന്ദ്രസര്‍ക്കാര്‍ തെളിച്ചുപറയണമെന്ന് സംവിധായകരുടെ കൂട്ടായ്മ മുംബൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ നിരാശരാണ് തങ്ങളെന്ന് ആനന്ദ് പട്‌വര്‍ധന്‍ പറഞ്ഞു. തങ്ങളുടെ വിശ്വാസങ്ങളും അഭിപ്രായങ്ങളും തുറന്നുപറഞ്ഞതിന്റെ പേരിലാണ് ആളുകള്‍ കൊലചെയ്യപ്പെട്ടിരിക്കുന്നത്. ഇപ്പോള്‍ പ്രതിഷേധിച്ചില്ലെങ്കില്‍ ബഹുസ്വരതയെ അടിച്ചമര്‍ത്തുക എന്ന അപകടത്തില്‍ തങ്ങളും പങ്കുകാരാകും. സംവിധായകരുടെ കൂട്ടായ്മ അഭിപ്രായപ്പെട്ടു. ദിബാകര്‍ ബാനര്‍ജി, ആനന്ദ് പട്‌വര്‍ധന്‍ എന്നിവരെക്കൂടാതെ പരേഷ് കാംദര്‍, നിഷ്താ ജയിന്‍, ക്രിതി നഖ് വാ, ഹര്‍ഷവര്‍ദ്ധന്‍ കുല്‍ക്കര്‍ണി, രാകേഷ് ശര്‍മ്മ, ഇന്ദ്രനീല്‍ ലാഹിരി, ലിപികാ സിംഗ് എന്നിവരാണ് മറ്റ് ചലച്ചിത്രകാരന്‍മാര്‍.
മനുഷ്യത്വരഹിതവും യുക്തിക്ക് നിരക്കാത്തതുമായ ആക്രമണങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്നും സംഭവ വികാസങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും ശാസ്ത്രജ്ഞന്മാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഡല്‍ഹിയിലെ ഇന്ത്യന്‍ നാഷനല്‍ സയന്‍സ് അക്കാദമി, ബംഗളൂരുവിലെ ഇന്ത്യന്‍ അക്കാദമി ഓഫ് സയന്‍സ്, അലഹബാദിലെ നാഷനല്‍ അക്കാദമി ഓഫ് സയന്‍സ് എന്നിവിടങ്ങളിലെ മുതിര്‍ന്ന ശാസ്ത്രജ്ഞരാണ് വര്‍ഗീയ കുഴപ്പങ്ങളെ ശക്തമായി അപലപിച്ചത്. ഇന്ത്യയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ മനസ്സിനെ അലട്ടുന്നതാണ്. ഇന്ത്യയിലെ ജനങ്ങളോട് യുക്തിഹീനമായ പ്രവര്‍ത്തനങ്ങള്‍ക്കും അസഹിഷ്ണുതയ്ക്കുമെതിരെ പ്രതികരിക്കാന്‍ ശാസ്ത്രലോകം ആവശ്യപെടുന്നതായും പ്രസ്താവനയില്‍ പറഞ്ഞു.
പ്രതിഷേധമറിയിച്ച് ശാസ്ത്രജ്ഞന്മാര്‍ ലഘുലേഖകളും വിതരണം ചെയ്തു. ‘ഞങ്ങള്‍ ശാസ്ത്രഞ്ജര്‍ സാഹിത്യകാരന്മാര്‍ക്കൊപ്പം ഞങ്ങളുടെ ശബ്ദമുയര്‍ത്തി ഇന്ത്യന്‍ സമൂഹത്തിനോട് ഒരു കാര്യം ആവശ്യപ്പെടുകയാണ്. യുക്തിക്കും ശാസ്ത്രത്തിനും നമ്മുടെ സംസ്‌കാരത്തിനും അംഗീകരിക്കാനാകാത്ത ഒരു ആക്രമണത്തെയും പ്രോത്സാഹിപ്പിക്കരുത്. എന്ത് ധരിക്കണം, ചിന്തിക്കണം, ഭക്ഷിക്കണം, ആരെ സ്‌നേഹിക്കണം എന്ന് ആജ്ഞാപിക്കുന്ന ഇടുങ്ങിയ നശീകരണപ്രവണതയുള്ള ചിന്താഗതിയാണ് ഇന്ത്യയുടേതെങ്കില്‍ ഞങ്ങളതിനെ തള്ളികളയുന്നു’. ലഘുലേഖയില്‍ പറയുന്നു.
ചിന്തകരായ കല്‍ബുര്‍ഗിയുടേയും, നരേന്ദ്ര ധബോല്‍ക്കറുടേയും, ഗോവിന്ദ് പന്‍സാരയുടേയും കൊലപാതകത്തില്‍ പ്രതിഷേധമറിയിക്കുന്നതോടൊപ്പം ദാദ്രി കൊലപാതകത്തെ അപലപിക്കുന്നുവെന്നും ശാസ്ത്രജ്ഞന്മാര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here