Connect with us

National

വിദേശികള്‍ക്ക് ഗര്‍ഭപാത്രം വാടകക്ക് നല്‍കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

Published

|

Last Updated

ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളില്‍ നിന്നും മനുഷ്യഭ്രൂണം ഇറക്കുമതി ചെയ്തുള്ള കൃത്രിമ ഗര്‍ഭധാരണത്തിന് ഇന്ത്യയില്‍ അനുമതി നല്‍കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
ഇന്ത്യന്‍ ദമ്പതികള്‍ക്ക് രാജ്യത്ത് കൃത്രിമ ഗര്‍ഭധാരണം അനുവദനീയമാണ്. വാടക ഗര്‍ഭധാരണം വാണിജ്യാടിസ്ഥാനത്തില്‍ നടക്കാനുള്ള സാധ്യത മുന്നില്‍കണ്ടാണ് നടപടിയെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
ഇത് സംബന്ധിച്ച കേന്ദ്ര ആരോഗ്യമന്ത്രാലയം ചൊവ്വാഴ്ച വിജ്ഞാപനം ഇറക്കിയതായും സോളിസിറ്റര്‍ ജനറല്‍ സമര്‍പ്പിച്ച സത്യാവാങ്മൂലത്തില്‍ അറിയിച്ചു. വാടക ഗര്‍ഭധാരണം പ്രതിവര്‍ഷം 445 മില്യണ്‍ ഡോളറിന്റെ വ്യവസായമായി മാറിയെന്നു കാണിച്ച് അഭിഭാഷകയായ ജയശ്രീ വാദ് സമര്‍പ്പിച്ച ഹരജി പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് രഞ്ജന്‍ ഗോകോയ്യും ജസ്റ്റിസ് എന്‍ വി രാമണ്ണയും സര്‍ക്കാറിന്റെ വിശദീകരണം തേടിയത്.
വാടക ഗര്‍ഭധാരണത്തിന് അനുമതി നല്‍കിയ മുന്‍ സര്‍ക്കാര്‍ നടപടി വിദേശത്തുനിന്ന് വന്‍തോതില്‍ ഭ്രൂണം ഇറക്കുമതിക്ക് കാരണമായെന്നും നിരവധി ഡോക്ടര്‍മാര്‍ അനധികൃതമായി വാടക ഗര്‍ഭധാരണ ചികിത്സ നടത്തുന്നുണ്ടെന്നും ഹരജിക്കാരി ചൂണ്ടിക്കാട്ടിയിരുന്നു. വിഷയത്തില്‍ മുമ്പും കോടതി സര്‍ക്കാറിന്റെ അഭിപ്രായം തേടിയിട്ടുണ്ട്.
വാണിജ്യാടിസ്ഥാനത്തില്‍ വാടക ഗര്‍ഭധാരണം നടത്തുന്നത് നിരോധിക്കാന്‍ നടപടിയെടുക്കണമെന്ന് സുപ്രീംകോടതി സര്‍ക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിദേശികള്‍ക്ക് ഗര്‍ഭ പാത്രം വാടകക്ക് നല്‍കുന്നത് നിര്‍ത്തലാക്കുന്നതിന് നിയമം കൊണ്ടു വരുമെന്ന് കഴിഞ്ഞ ദിവസം വനിതാ കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ ആരോഗ്യ മന്ത്രാലയവുമായി ധാരണയിലെത്തിയതായും വനിതാകമ്മീഷ്ണര്‍ പറഞ്ഞു.
കൂടാതെ വാടക ഗര്‍ഭപാത്രങ്ങള്‍ നല്‍കുമ്പോള്‍ സ്ത്രീകള്‍ സാമ്പത്തിക ചൂഷണത്തിന് വിധേയമാകുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍ വേണ്ട നടപടികള്‍ കൈക്കോള്ളാന്‍ ആരോഗ്യമന്ത്രാലയം പദ്ധതി തയ്യാറാക്കുകയും ചെയ്തിരുന്നു.

---- facebook comment plugin here -----

Latest