സൂകിയുടെ പാര്‍ട്ടിയില്‍ നിന്ന് മുസ്‌ലിം സ്ഥാനാര്‍ഥികളെ തഴഞ്ഞു

Posted on: October 29, 2015 12:21 am | Last updated: October 29, 2015 at 12:21 am
SHARE

sookiനായ്പിഡോ: നൊബേല്‍ ജേതാവ് ആംഗ് സാന്‍ സൂകി നയിക്കുന്ന മ്യാന്‍മറിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടി മുസ്‌ലിം സ്ഥാനാര്‍ഥികള്‍ക്ക് മനപൂര്‍വം അവസരം നിഷേധിച്ചു. അടുത്തമാസം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ നിന്നാണ് മുസ്‌ലിം സ്ഥാനാര്‍ഥികളെ തഴഞ്ഞതെന്ന് പാര്‍ട്ടിയിലെ തന്നെ ഒരു മുതിര്‍ന്ന അംഗം വെളിപ്പെടുത്തി. നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി(എന്‍ എല്‍ ഡി)യില്‍ നിന്ന് മുസ്‌ലിം സ്ഥാനാര്‍ഥികളെ തഴഞ്ഞ് ശുദ്ധമാക്കാന്‍ സൂകി ആവശ്യപ്പെട്ടെന്ന് പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ മുതിര്‍ന്ന പാര്‍ട്ടി അംഗം അല്‍ജസീറ അന്വേഷണ സംഘത്തോട് വ്യക്തമാക്കി. ബുദ്ധതീവ്രവാദികളെ പ്രീണിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നടപടി സമാധാനത്തിനുള്ള നൊബേല്‍ ജേതാവായ സൂകി രഹസ്യമായി നടപ്പിക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രദേശിക, ദേശീയ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 1,151 എന്‍ എല്‍ ഡി സ്ഥാനാര്‍ഥികളില്‍ ഒരാള്‍ പോലും മുസ്‌ലിം മതത്തില്‍ നിന്ന് ഉള്‍പ്പെടുത്തിയിട്ടില്ല. രാജ്യത്തിന്റെ പത്ത് ശതമാനം വരെയുള്ള, മൊത്തം 50 ലക്ഷത്തോളം വരുന്ന മുസ്‌ലിംകളില്‍ നിന്ന് ഒരാളെ പോലും സ്ഥാനാര്‍ഥിയാകാത്ത സൂകിയുടെ നടപടി അവരുടെ ഇരട്ടമുഖം വെളിപ്പെടുത്തുന്നതാണെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
അതുപോലെ സൈനിക പിന്തുണയുള്ള യൂനിയന്‍ സോളിഡാരിറ്റി ആന്‍ഡ് ഡെവലപ്‌മെന്റ് പാര്‍ട്ടി(യു എസ് ഡി പി) യിലും ഒരാള്‍ പോലും മുസ്‌ലിം സ്ഥാനാര്‍ഥികളായി നിയോഗിക്കപ്പെട്ടിട്ടില്ല. രാജ്യത്ത് 25 വര്‍ഷത്തിനിടെ നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. ബുദ്ധതീവ്രവാദികളെ ഭയപ്പെട്ടതു കൊണ്ടും അവരുടെ വോട്ട് നഷ്ടപ്പെടുമെന്ന ആശങ്കയുള്ളതുകൊണ്ടുമാണ് രാഷ്ട്രീയ ലാഭത്തിന് വേണ്ടി മാത്രം സൂകി ഇത്തരമൊരു നീക്കം നടത്തുന്നതെന്ന് രാജ്യത്തെ മുസ്‌ലിം രാഷ്ട്രീയ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
മുസ്‌ലിം വംശജരായ റോഹിംഗ്യനുകള്‍ക്കെതിരെ വ്യാപകമായ വംശഹത്യ സര്‍ക്കാര്‍, സൈനിക പിന്തുണയോടെ അരങ്ങേറിയിട്ടും ബുദ്ധതീവ്രവാദികളെ അപലപിച്ച് ഒരു പ്രസ്താവന പോലും ഇറക്കാത്ത സൂകിയുടെ ഇരട്ടമുഖം അന്നേ വ്യക്തമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here