Connect with us

International

പീഡനങ്ങളേറ്റുവാങ്ങി നൂറുകണക്കിന് ഫലസ്തീന്‍ ബാല്യങ്ങള്‍ ഇസ്‌റാഈല്‍ തടവറകളില്‍

Published

|

Last Updated

ജറൂസലം: ഈ മാസം 133 ഫലസ്തീന്‍ ബാലന്‍മാരെ ഇസ്‌റാഈല്‍ സൈന്യം അറസ്റ്റ് ചെയ്തതായി കണക്കുകള്‍. പ്രിസണേഴ്‌സ് സപ്പോര്‍ട്ട് ഗ്രൂപ്പിന്റെ കണക്കുകള്‍ പ്രകാരം ഒക്ടബോര്‍ ആദ്യം മുതല്‍ 876 ഫലസ്തീനികളെ ഇസ്‌റാഈല്‍ തടങ്കലില്‍ വെച്ചിട്ടുണ്ട്. ഇവരില്‍ 133 പേര്‍ കുട്ടികളാണ്. സംഘര്‍ഷം തുടങ്ങിയ ആദ്യ രണ്ടാഴ്ചക്കുള്ളില്‍ തന്നെ ജറൂസലമില്‍ നിന്ന് 60 കുട്ടികളെ സൈന്യം അറസ്റ്റ് ചെയ്തിരുന്നു.
തെരുവില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ പെട്ടെന്ന് ചാടിവീണ ഇസ്‌റാഈല്‍ സൈന്യം തന്നെയും തന്റെ സഹോദരനെയും അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് അല്‍തോരി ഗ്രാമത്തില്‍ നിന്ന് അറസ്റ്റിലായ 11 കാരന്‍ സംസം എസ് വിശദീകരിക്കുന്നു. ഇവരെ പിന്നീട് ഓസ് തടവ് പാളയത്തിലേക്കാണ് കൊണ്ടുപോയത്. കല്ലെറിഞ്ഞു എന്ന കുറ്റം ചൂണ്ടിക്കാട്ടിയാണ് കുട്ടികളെ സൈന്യം അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നതെന്ന് ഫലസ്തീന്‍ അധികൃതര്‍ വ്യക്തമാക്കി. ഓസ് തടവ് പാളയത്തില്‍ ആദ്യദിനം ചോദ്യം ചെയ്തതിന് ശേഷം പടിഞ്ഞാറന്‍ ജറൂസലമിലെ ചോദ്യം ചെയ്യല്‍ കേന്ദ്രത്തിലേക്ക് മാറ്റുകയാണ് പതിവ്. വളരെ പ്രയാസം നിറഞ്ഞ സാഹചര്യത്തിലാണ് കുട്ടികളെ സൈന്യം ചോദ്യം ചെയ്യുക. ഇരുണ്ട നീലനിറമുള്ള ചോദ്യം ചെയ്യല്‍ കേന്ദ്രങ്ങളില്‍ വെച്ച് ആരാണ് ചോദ്യം ചെയ്യുന്നതെന്ന് പോലും വ്യക്തമാകാറില്ലെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. നിരന്തരമായി പീഡനങ്ങളും അരങ്ങേറുന്നതായി സംസം കൂട്ടിച്ചേര്‍ത്തു. ശ്വാസം മുട്ടിക്കുക, മുഖത്തിടിക്കുക, നിരവധി ഉദ്യോഗസ്ഥര്‍ ഒരേസമയം ചോദ്യം ചെയ്യുക, ശാരീരിക മര്‍ദനം ഏല്‍പ്പിക്കുക, ഭീഷണിപ്പെടുത്തുക, ഹീബ്രൂ ഭാഷയിലെഴുതിയ പേപ്പറുകളില്‍ നിര്‍ബന്ധിച്ച് ഒപ്പിടിക്കുക തുടങ്ങിയ രീതികളാണ് ഇത്തരം കേന്ദ്രങ്ങളില്‍ അരങ്ങേറുന്നതെന്ന് ഫലസ്തീനിലെ മനുഷ്യാവകാശ സംഘടനകള്‍ പരാതിപ്പെടുന്നു.
കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന യു എന്‍ കന്‍വന്‍ഷനില്‍ ഇസ്‌റാഈല്‍ ഒപ്പ് വെച്ചിട്ടുണ്ടെങ്കിലും നിരന്തരം ഇത് ലംഘിക്കപ്പെടുകയാണ്. കുറ്റസമ്മതം നടത്താന്‍ കുട്ടികളെ നിര്‍ബന്ധിക്കരുതെന്നും അവസാന ശ്രമമെന്ന നിലയില്‍ മാത്രമേ അവരെ അറസ്റ്റ് ചെയ്യാവൂ എന്നും യു എന്‍ നിര്‍ദേശിക്കുന്നുണ്ട്. ഇസ്‌റാഈല്‍ അറസ്റ്റ് ചെയ്യുന്ന കുട്ടികളില്‍ പലര്‍ക്കും തങ്ങള്‍ ചെയ്ത കുറ്റമെന്താണെന്ന് പോലും അറിയില്ലെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. ചോദ്യം ചെയ്യലിനിടെ കുട്ടികളുടെ കുടുംബാംഗങ്ങളോടൊപ്പം ചെലവഴിക്കാന്‍ നിയമം അനുശാസിക്കുന്ന അവകാശം പോലും ഇവര്‍ക്ക് നിഷേധിക്കപ്പെടുകയാണെന്ന് വ്യാപകമായ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.