Connect with us

National

യു എന്‍ സ്ഥിരാംഗത്വം: ആഫ്രിക്കന്‍ പിന്തുണ തേടി നരേന്ദ്രമോദി

Published

|

Last Updated

ന്യൂഡല്‍ഹി: ഐക്യരാഷ്ട്രസഭാ സുരക്ഷാ സമിതിയില്‍ ഇന്ത്യക്ക് സ്ഥിരാംഗത്വമെന്ന ആവശ്യത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഫ്രിക്കന്‍ രാഷ്ട്രങ്ങളുടെ പിന്തുണ തേടി. ഡല്‍ഹിയില്‍ നടക്കുന്ന ഇന്തോ- ആഫ്രിക്ക ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ ആഫ്രിക്കന്‍ രാഷ്ട്രത്തലവന്മാരുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആഫ്രിക്കന്‍ പിന്തുണ അഭ്യര്‍ഥിച്ചത്. ഐക്യരാഷ്ട്രസഭയില്‍ സ്ഥിരാംഗത്വമെന്ന ഇന്ത്യയുടെ ആവശ്യത്തെ പിന്തുണക്കണമെന്നു മോദി കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു.
സിംബാബ്‌വെ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയുമായി ഹൈദരാബാദ് ഹൗസിലാണ് പ്രധാനമന്ത്രി കൂടിക്കാഴ്ചക്ക് തുടക്കമിട്ടതെന്ന് വിദേശകാര്യ വാക്താവ് വികാസ് സ്വരൂപ് ട്വിറ്ററിലൂടെ അറിയിച്ചു. വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് 12 രാഷ്ട്ര നേതാക്കളുമായും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. തുടര്‍ന്ന് ഘാന പ്രസിഡന്റ് ജോണ്‍ ദ്രമനി, കെനിയന്‍ പ്രസിഡന്റ് ഉഹുറു കെന്യാറ്റ എന്നിവര്‍ക്ക് പുറമെ ദക്ഷിണാഫ്രിക്ക, കെനിയ, നൈജീരിയ, ഉഗാണ്ട തുടങ്ങിയ ഇരുപതോളം രാജ്യത്തലവന്മാരാമായുംനരേന്ദ്ര മോദി ഇന്നലെ കൂടിക്കാഴ്ച നടത്തി. രാജ്യങ്ങള്‍ തമ്മില്‍ ഊര്‍ജ സാമ്പത്തിക മേഖലകളില്‍ സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളും, വികസനം, രാഷ്ട്രീയ സഹകരണം എന്നിവയും കൂടിക്കാഴ്ചയില്‍ വിഷയമായി. തീവ്രവാദത്തിനെതിരെ ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് ഇന്ത്യ ഉറപ്പ് നല്‍കി. ഉച്ചകോടിയുടെ സമാപന ദിവസമായ ഇന്ന് നടക്കുന്ന രാഷ്ട്രത്തലവന്‍മാരുടെ സമ്മേളനത്തില്‍ 40 ലധികം ആഫ്രിക്കന്‍ രാജ്യങ്ങളുടെ തലവന്‍മാര്‍ പങ്കെടുക്കും. ചൈന ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള സഹകരണം മെച്ചപ്പെടുത്തുന്ന സാഹചര്യത്തില്‍ വലിയ പ്രധാന്യമാണ് ഇന്തോ-ആഫ്രിക്കന്‍ ഉച്ചകോടിക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്.
ഉച്ചകോടിയുടെ ഭാഗമായിനടന്ന വ്യവസായപ്രദര്‍ശനം വിദേശസഹമന്ത്രി വി കെ സിംഗ് ഉദ്ഘാടനംചെയ്തു. ലിബിയയില്‍ കാണാതായ മൂന്ന് ഇന്ത്യക്കാരെ കണ്ടെത്തുന്നതിന് എല്ലാ സഹായവും ടുണീഷ്യ വാഗ്ദാനം ചെയ്തു. നൈജീരിയയില്‍ തടവിലുള്ള 11 ഇന്ത്യക്കാരുടെ വിഷയം അവിടുത്തെ സര്‍ക്കാറുമായി ചര്‍ച്ചചെയ്തുവെന്ന് വിദേശകാര്യ വക്താവ് അറിയിച്ചു.