വോട്ടവകാശമെന്ന തടവുകാരുടെ സ്വപ്നം ഇനിയും പൂവണിഞ്ഞില്ല

Posted on: October 29, 2015 4:11 am | Last updated: October 29, 2015 at 12:14 am
SHARE

prison....തൃശൂര്‍ :കേരളത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ തടവുകാരുടെ വോട്ടവകാശം സംബന്ധിച്ച വിഷയം വീണ്ടും ചര്‍ച്ചയാവുന്നു. ഇക്കാര്യം പരിഗണനയിലാണെന്നും ജയിലില്‍ കഴിയുന്നവര്‍ക്ക് സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ സാഹചര്യമൊരുക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ എതിരല്ലെന്നും കഴിഞ്ഞ ജൂലൈയില്‍ നിയമസഭയിലെ ഒരു സബ്മിഷന് മറുപടിയായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതു പോലെ തടവുകാര്‍ക്കും ഇക്കാര്യം പരിഗണിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. കഴിഞ്ഞ ദിവസം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായും ആഭ്യന്തര മന്ത്രി ഇത് ആവര്‍ത്തിക്കുകയുണ്ടായി. എന്നാല്‍, തുടര്‍ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും ഗൗരവതരമായ വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ ഉന്നത തലത്തിലുള്ള വിശദമായ ചര്‍ച്ചകള്‍ ആവശ്യമാണെന്നുമാണ് അദ്ദേഹം പറയുന്നത്. ശിക്ഷാ കാലാവധി കഴിയും വരെ തടവുകാര്‍ക്ക് തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനാകില്ലെന്ന് നേരത്തെ ഒരു കേസില്‍ സുപ്രീം കോടതിയും വിധി പ്രസ്താവിച്ചിരുന്നു,
വ്യാപക സംവാദങ്ങള്‍ക്കും ആഭ്യന്തര മന്ത്രിയുടെ അനുകൂല പ്രതികരണത്തിനും ശേഷവും തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയെന്നത് സംസ്ഥാനത്തെ 7000ത്തിലധികം വരുന്ന തടവുകാര്‍ക്ക് വിദൂര സ്വപ്‌നം മാത്രമായി അവശേഷിക്കുകയാണ്.
കൊലപാതകക്കേസില്‍ ജയിലില്‍ കഴിയുന്ന കണ്ണൂരിലെ സി പി എം പ്രവര്‍ത്തകരായ കാരായി രാജനും കാരായി ചന്ദ്രശേഖരനും പ്രാദേശിക സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതോടെയാണ് തടവുകാരുടെ വോട്ടവകാശത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വീണ്ടും ചൂടുപിടിച്ചത്. ഇരുവരും തിരഞ്ഞെടുപ്പ് ദിവസം ജയിലില്‍ തന്നെയാണെങ്കില്‍ വോട്ട് ചെയ്യാനാകില്ല. ജയിക്കുകയാണെങ്കില്‍ ജാമ്യം ലഭിക്കുന്നതിനുള്ള നിയമപരമായ ആനുകൂല്യങ്ങളൊന്നും കിട്ടില്ലെന്നും ജനപ്രതിനിധികളെന്ന നിലയിലുള്ള അവരുടെ ഉത്തരവാദിത്തം ജയിലില്‍ വെച്ച് നിര്‍വഹിക്കേണ്ടി വരുമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഒരു തടവുകാരന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെങ്കിലും വോട്ട് ചെയ്യാനാകില്ലെന്നത് കടുത്ത വൈരുദ്ധ്യമായി അവശേഷിക്കുകയാണ്. ഇത് മനുഷ്യാവകാശ ലംഘനമാണെന്നും പല കോണുകളില്‍ നിന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ട്. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 62 (5)ല്‍ തടവുകാര്‍ക്ക് വോട്ടവകാശം നിഷേധിക്കുമ്പോള്‍ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കെല്ലാം വോട്ടവകാശമുണ്ടെന്ന് ഇന്ത്യന്‍ ഭരണഘടനയുടെ 326 ാം വകുപ്പ് വ്യക്തമാക്കുന്നു.
അതേസമയം, 1958ല്‍ രൂപവത്കരിച്ച ജയില്‍ നിയമങ്ങളില്‍ തടവുകാരന് വോട്ടവകാശമുണ്ടാകില്ലെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്. ഇത് ആശയക്കുഴപ്പത്തിന് ഇടയാക്കുന്നുണ്ടെന്നും തടവുകാരുടെ വോട്ടവകാശ നിഷേധം ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നുമാണ് ഉന്നത ജയില്‍ ഉദ്യോഗസ്ഥരില്‍ പലരുടെയും അഭിപ്രായം. നല്ല സമൂഹ സൃഷ്ടിക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ജയിലിലെ അന്തേവാസികളെ ഭാഗവാക്കാകാന്‍ സഹായിക്കും വിധം ജനപ്രാതിനിധ്യ നിയമത്തില്‍ ആവശ്യമായ മാറ്റം വരുത്തേണ്ടത് അനിവാര്യമാണെന്നാണ് ഇവര്‍ പറയുന്നത്.
ക്രിമിനല്‍ കേസുകളില്‍ പ്രതികളായവര്‍ പോലും തിരഞ്ഞെടുപ്പില്‍ മത്സരിക്കുക മാത്രമല്ല, നിയമ നിര്‍മാണ സഭകളിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്യുമ്പോള്‍ തങ്ങള്‍ക്ക് വോട്ടവകാശം നല്‍കുന്ന വിഷയം രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റെടുക്കാത്തത് നിരാശാജനകമാണെന്ന് തടവുകാരും അഭിപ്രായപ്പെടുന്നു, സംസ്ഥാനത്ത് നിലവില്‍ മൂന്ന് സെന്‍ട്രല്‍ ജയിലും രണ്ട് തുറന്ന ജയിലും ഏഴ് സ്‌പെഷ്യല്‍ സബ് ജയിലും 29 സബ് ജയിലും മൂന്ന് ജില്ലാ ജയിലുമടക്കം 55 ജയിലുകളുണ്ട്. ഇവിടങ്ങളിലായി 7213 തടവുകാരുണ്ടെന്നാണ് കണക്ക്. ഇവരില്‍ 4586 പേര്‍ വിചാരണത്തടവുകാരാണ്. ഭൂരിപക്ഷത്തിനും വോട്ട് ചെയ്യുന്നതിന് ആവശ്യമായ രേഖകള്‍ കൈവശമുണ്ടെന്നതാണ് മറ്റൊരു യാഥാര്‍ഥ്യം.

LEAVE A REPLY

Please enter your comment!
Please enter your name here