ഛേത്രിയുടെ മികവില്‍ മുംബൈ എഫ് സിക്ക് ജയം

Posted on: October 29, 2015 12:10 am | Last updated: October 29, 2015 at 12:10 am
SHARE

gallery-image-339434690മുംബൈ: ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഹാട്രിക് മികവില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെ മുംബൈ സിറ്റി എഫ് സിക്ക് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് മുംബൈ നോര്‍ത്ത് ഈസ്റ്റിനെ തകര്‍ത്തുവിട്ടത്. മുംബൈയുടെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്. ഇതോടെ ആറ് കളികളില്‍ നിന്ന് പത്ത് പോയിന്റുമായി അവര്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു.
25, 40, 48 മിനുട്ടുകളിലാണ് ഛേത്രി ഗോള്‍ നേടിയത്. ഇതില്‍ ഒന്നാമത്തെയും മൂന്നാമത്തെയും ഗോള്‍ പെനാല്‍ട്ടിയില്‍ നിന്നായിരുന്നു. 51ാം മിനുട്ടില്‍ നോര്‍ദെയും 87ാം മിനുട്ടില്‍ ബര്‍ട്ടിനുമാണ് മുംബൈക്കായി അവശേഷിക്കുന്ന ഗോളുകള്‍ നേടിയത്. ബൊയ്താംഗാണ് നോര്‍ത്ത് ഈസ്റ്റിന്റെ ആശ്വാസ ഗോളിനുടമ.
കഴിഞ്ഞ രണ്ട് മത്സരങ്ങളിലും സ്‌കോര്‍ ചെയ്ത ചേത്രി തകര്‍പ്പന്‍ ഫോം തുടരുകയായിരുന്നു. ഐ എസ് എല്ലിലെ ആദ്യ ഹാട്രിക്ക് ഉടമയെന്ന നേട്ടവും ഛേത്രി സ്വന്തം പേരിലാക്കി. ടൂര്‍ണമെന്റില്‍ ഛേത്രിയുടെ ആറാം ഗോളാണിത്. ഇതോടെ ഏറ്റവും ഗോള്‍ നേടിയവരുടെ പട്ടികയില്‍ ചെന്നൈയിന്‍ എഫ് സിയുടെ സ്റ്റീവന്‍ മെന്‍ഡോസക്കൊപ്പം ഛേത്രി ഒന്നാം സ്ഥാനത്തെത്തി.