കേരളാ ഹൗസ്: നിയമ നടപടിക്കൊരുങ്ങി കേരളം

Posted on: October 29, 2015 12:04 am | Last updated: October 29, 2015 at 12:04 am
SHARE

delhi-kerala-house-raidതിരുവനന്തപുരം: പശുമാംസം വിളമ്പിയെന്ന പരാതിയില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ കേരളാ ഹൗസില്‍ റെയ്ഡ് നടത്തിയതിനെതിരെ കേരളം നിയമ നടപടിക്ക്. ഫെഡറല്‍ സംവിധാനം കാറ്റില്‍പ്പറത്തി, അനുമതി പോലും തേടാതെ നടത്തിയ റെയ്ഡിലെ നിയലംഘനം ചൂണ്ടിക്കാണിച്ചാകും കേരളം കോടതിയെ സമീപിക്കുക. പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും നല്‍കിയ കത്തില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന് കാത്തിരിക്കുകയാണെന്ന് മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. കേരളാ ഹൗസിലെ ബീഫ് വിതരണം ഇന്നലെ തന്നെ പുനരാരംഭിക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. സംഭവത്തില്‍ മന്ത്രിസഭാ യോഗം കടുത്ത പ്രതിഷേധമറിയിച്ചു.
ഡല്‍ഹിയില്‍ പശുവിറച്ചിക്ക് മാത്രമാണ് നിരോധമുള്ളത്. ഇത് വിതരണം ചെയ്യുന്നുവെന്ന പരാതി ലഭിച്ചാല്‍ത്തന്നെ രേഖാമൂലം അനുമതി വാങ്ങിയ ശേഷമേ ഇത്തരം സ്ഥാപനങ്ങളില്‍ പരിശോധന നടത്താവൂ എന്നാണ് നിയമം. നിയമപരമായ പരിശോധനയും ഉത്തരവാദിത്വവുമാണ് തങ്ങള്‍ ചെയ്തതെന്ന് ഡല്‍ഹി പോലീസിന്റെ ന്യായീകരണം മന്ത്രിസഭാ യോഗം തള്ളി. നിയമപരമായ നടപടിയും ജോലിയുമാണ് തങ്ങള്‍ ചെയ്തതെന്ന നിലപാടാണ് ഡല്‍ഹി പോലീസിന്റെതെന്ന് മാധ്യമങ്ങളില്‍ കണ്ടു. ഇത് സ്വീകാര്യമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളാ ഹൗസ് സംസ്ഥാനത്തിന്റെ ഔദ്യോഗിക സ്ഥാപനമാണ്. കേരളാ ഹൗസിനെക്കുറിച്ച് പരാതി ഉണ്ടെങ്കില്‍ അതേക്കുറിച്ച് ഉയര്‍ന്ന ഉദ്യോഗസ്ഥരോട് അന്വേഷിക്കാം. മറുപടി തൃപ്തികരമല്ലെങ്കില്‍ തുടര്‍ നടപടിയും സ്വീകരിക്കാം. എന്നാല്‍, അന്വേഷിക്കുകയോ അനുമതി തേടുകയോ ചെയ്യാതെ പോലീസ് നടത്തിയ റെയ്ഡ് അംഗീകരിക്കാനാകില്ല. ഇത് ഫെഡറല്‍ സംവിധാനത്തിന് പോലും ആഘാതം ഏല്‍പ്പിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പശുവിറച്ചിക്ക് ഡല്‍ഹിയിലുള്ള നിരോധം എല്ലാവര്‍ക്കുമെന്ന പോലെ കേരളാ ഹൗസിനും ബാധകമാണ്. എന്നാല്‍, കേരള ഹൗസില്‍ പശുവിറച്ചി ഉപയോഗിക്കുകയോ പാചകം ചെയ്യുകയോ ചെയ്യുന്നില്ല. നിരോധിച്ചിട്ടില്ലാത്ത, നിയമപരമായി വിതരണം ചെയ്യുന്നതിന് തടസ്സമില്ലാത്ത പോത്തിറച്ചിയാണ് ഇവിടെ വിളമ്പിയത്. പോത്തിറച്ചി നിരോധിക്കാത്തിടത്തോളം അത് ഇനിയും തുടരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഒരു പരാതി കിട്ടിയാല്‍ പരിശോധിക്കുന്നത് ഇങ്ങനെയാണോ? ജനങ്ങളില്‍ ഭീതി ജനിപ്പിക്കാന്‍ വേണ്ടിയുള്ള, ആരെയൊക്കെയോ തൃപ്തിപ്പെടുത്താന്‍ വേണ്ടിയുള്ള ബോധപൂര്‍വമായ ശ്രമമാണ് നടന്നത്. ഇതെല്ലാം പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തരമന്ത്രിയെയും അറിയിച്ചിട്ടുണ്ട്. തെറ്റ് തിരുത്തുമെന്നാണ് പ്രതീക്ഷ. തെറ്റുപറ്റിയെന്ന് പറഞ്ഞാല്‍ കേരളം വിശാല മനോഭാവം കാട്ടും. ന്യായീകരിക്കാന്‍ ശ്രമിച്ചാല്‍ നിയമന ടപടിയുമായി പോകും.
ഇക്കാര്യത്തില്‍ തന്റെ പ്രതികരണം വൈകിയില്ലെന്നും സംഭവത്തിന്റെ വിശദാംശങ്ങളറിയാതെ ഒരു മുഖ്യമന്ത്രിക്ക് ധൃതിയില്‍ പ്രതികരിക്കാന്‍ കഴിയില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here