Connect with us

Idukki

വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് മൂന്ന് സ്ത്രീകള്‍ മരിച്ചു

Published

|

Last Updated

തൊടുപുഴ: വനത്തില്‍ നിന്ന് വിറക് ശേഖരിച്ച് മടങ്ങുന്നതിനിടെ 11 കെ വി വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് മൂന്ന് ആദിവാസി സ്ത്രീകള്‍ മരിച്ചു. സംഘത്തിലുണ്ടായിരുന്ന അമ്മയും കുഞ്ഞും അത്ഭുതകരമായി രക്ഷപെട്ടു. മലയാറ്റുര്‍ വനം ഡിവിഷന് കീഴില്‍ മുപ്പത്തിമൂന്നാം റിസര്‍വില്‍ പാനാമ്പിളളി തോട് ഭാഗത്ത് ഇന്നലെ ഉച്ചക്ക് 12 ഓടെയാണ് അപകടം. മാങ്കുളം ചിക്കുണംകുടി ആദിവാസി കോളനിയിലെ മന്നവന്റെ ഭാര്യ രാജാത്തി (28), കുഞ്ഞുമോന്റെ ഭാര്യ സലോമി(30), തങ്കച്ചന്റെ മകള്‍ യശോദ(20) എന്നിവരാണ് മരിച്ചത്. ഇതേ കോളനിയിലെ ശശിയുടെ ഭാര്യ വനിത(24) മകന്‍ സജിത്ത് (എട്ട് മാസം) എന്നിവരാണ് രക്ഷപെട്ടത്.
അമ്പതാംമൈല്‍, ചിക്കണംകുടി എന്നിവിടങ്ങളിലേക്ക് വൈദ്യുതി കൊണ്ടുവരുന്ന 11 കെ വി ലൈനില്‍ നിന്നാണ് ഇവര്‍ക്ക് ഷോക്കേറ്റത്. പോസ്റ്റിലൂടെ കയറിയ മുള്‍പ്പടര്‍പ്പ് വൈദ്യുതി ലൈന്‍ മൂടിയ നിലയിലായിരുന്നു. മഴയില്‍ നനഞ്ഞ മുള്‍പ്പടര്‍പ്പ് വഴി വൈദ്യുതി ഭൂമിയിലേക്ക് പടര്‍ന്നതാണ് അപകടത്തിനിടയാക്കിയത്. സംഭവം അറിഞ്ഞ് നാട്ടുകാരെത്തിയെങ്കിലും വൈദ്യുതി ബന്ധം വിച്ഛേദിക്കാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് ഒരു മണിക്കൂര്‍ വൈകി. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മൂന്ന് പേരും മരിച്ചിരുന്നു. മൂന്നാര്‍ പോലീസ് മേല്‍നടപടി സ്വീകരിച്ചു.
മരിച്ച മൂവരും തൊഴിലുറപ്പ് തൊഴിലാളികളാണ്. ഇന്നലെ ജോലിയില്ലാത്തതിനാല്‍ നാല് പേരും വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയതായിരുന്നു. മരിച്ച സലോമി ഗര്‍ഭിണിയാണ്. ചിന്നു (മൂന്ന് വയസ്സ്) മകളാണ്. തങ്കച്ചന്‍- ചിന്നമ്മ ദമ്പതികളുടെ മൂന്ന് മക്കളില്‍ രണ്ടാമത്തെയാളാണ് യശോദ. സോമന്‍, റാണി എന്നിവര്‍ സഹോദരങ്ങള്‍്.

Latest