Connect with us

Editorial

സാക്ഷികളുടെ കൂറുമാറ്റം

Published

|

Last Updated

കോടതികളില്‍ സാക്ഷികളുടെ മൊഴിമാറ്റം ഒരു പതിവ് സംഭവമായി മാറിയിരിക്കുകയാണ്. ജനശ്രദ്ധ ലഭിച്ച കേസുകളില്‍ വിശേഷിച്ചും. ടി പി ചന്ദ്രശേഖരന്‍ കേസ്, ജെയിംസ് അഗസ്റ്റില്‍ കൊലക്കേസ്, ശുക്കൂര്‍ വധക്കേസ് തുടങ്ങി അടുത്ത കാലത്ത് നടന്ന പല കേസുകളും സാക്ഷികളുടെ കൂറുമാറ്റം കൊണ്ട് ശ്രദ്ധേയമായിരുന്നു. ഏറെ കോളിളക്കം സൃഷ്ടിച്ച ടി പി വധക്കേസിലെ 52 സാക്ഷികളാണ് കൂറുമാറിയത്. പോലീസുകാര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ജീവനക്കാരുമുണ്ട് മൊഴിമാറ്റക്കാരില്‍. 284 സാക്ഷികളുടെ പട്ടികയാണ് പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ സമര്‍പ്പിച്ചിരുന്നത്. കൂറുമാറ്റത്തെ തുടര്‍ന്ന് കുറേ പേരെ സാക്ഷിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി പുതിയ പട്ടിക സമര്‍പ്പിച്ചെങ്കിലും കൂറുമാറ്റം പിന്നെയുമുണ്ടായി. പ്രോസിക്യൂഷന് ഏറെ നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു ഇത്.
ചന്ദ്രബോസ് വധക്കേസിലെ ഒന്നാം സാക്ഷി പ്രതിക്കനുകൂലമായി മൊഴിമാറ്റുകയും തൊട്ടടുത്ത ദിവസം അത് വീണ്ടും മാറ്റിപ്പറയുകയും ചെയ്യുക വഴി കൂറുമാറ്റത്തില്‍ പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കയാണിപ്പോള്‍. പ്രതി നിഷാം നിരപരാധിയാണെന്നാണ് വിചാരണയുടെ പ്രഥമ ദിനമായ തിങ്കളാഴ്ച ഒന്നാം സാക്ഷി അനൂപ് കോടതിയില്‍ പറഞ്ഞത്. ചന്ദ്രബോസിനെ നിഷാം കാറിടിച്ചു കൊല്ലുന്നത് കണ്ടുവെന്ന് നേരത്തെ മൊഴി നല്‍കിയത് പോലീസിന്റെ സമ്മര്‍ദം മൂലമാണെന്നും അദ്ദേഹം ബോധിപ്പിക്കുകയുണ്ടായി. ചന്ദ്രബോസ് അക്രമിക്കപ്പെട്ട വേളയില്‍ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനായ അനൂപിന്റെ സാക്ഷ്യം നിര്‍ണായകമാണ്. നിഷാമിന് അനുകൂലമായി അദ്ദേഹം മൊഴി നല്‍കിയതോടെ കേസ് അട്ടിമറിയുമെന്ന് ആശങ്ക ഉയര്‍ന്നെങ്കിലും തൊട്ടടുത്ത ദിവസം അനൂപ് നാടകീയമായി വീണ്ടും മൊഴിമാറ്റുകയായിരുന്നു. പോലീസില്‍ നേരത്തെ നില്‍കിയ മൊഴി സത്യമാണെന്നും നിസാമിന്റെ സഹോദരന്റെ ഭീഷണിയെ തുടര്‍ന്നാണ് തിങ്കളാഴ്ച കോടതിയില്‍ മൊഴി മാറ്റിപ്പറഞ്ഞതെന്നുമാണ് ചൊവ്വാഴ്ച അനൂപ് കോടതിയെ അറിയിച്ചത്. കുറ്റബോധത്താലും സമൂഹത്തില്‍ താന്‍ തെറ്റിദ്ധരിക്കപ്പെടാനിടയുള്ളത് കൊണ്ടുമാണ് ഇപ്പോള്‍ സത്യം തുറന്നു പറയുന്നതെന്നും അദ്ദേഹം ബോധിപ്പിക്കുകയുണ്ടായി.
പല കേസുകളിലും സാക്ഷികളുടെ കൂറുമാറ്റം ജീവനില്‍ കൊതി മൂലമോ സ്വാധീനങ്ങളുടെ ഫലമായോ ആണുണ്ടാകുന്നത്. ചന്ദ്രബോസ് വധക്കേസില്‍ ഇതിനുള്ള സാധ്യത ഏറെയാണ്. ഉന്നത രാഷ്ട്രീയ നേതൃത്വങ്ങളിലും പോലീസിലും സ്വാധീനമുള്ളയാളാണ് കേസിലെ പ്രതി. പല ഗുരുതരമായ കേസുകളിലും അകപ്പെട്ടിട്ടും ഇതുവരെ തടവറ കാണാതെ അയാള്‍ രക്ഷപ്പെട്ടത് ഈ സ്വാധീനത്തിന്റെ ബലത്തിലാണ്. പ്രബലനായ ഇത്തരമൊരു കക്ഷിക്കെതിരെ സാക്ഷി പറഞ്ഞാല്‍ എന്തുസംഭവിക്കുമെന്ന ഭീതി സ്വാഭാവികമാണ്. വിപത്കരമായ ഇതിന്റെ അനന്തര ഫലങ്ങളില്‍ നിന്ന് അവര്‍ക്ക് സംരക്ഷണം നല്‍കേണ്ടത് നിയമപാലകരും ഭരണകൂടങ്ങളുമാണ്. എന്നാല്‍ പ്രതികള്‍ പ്രബലരെങ്കില്‍ നീതിയുടെയും സത്യത്തിന്റെയും ഭാഗത്തല്ല, പ്രതികളുടെ പക്ഷത്താണ് ഭരണകൂടവും നിയമപാലകരും പലപ്പോഴും നിലയുറപ്പിക്കാറ്. തന്മൂലം നേരിട്ടു കണ്ട ക്രൂരകൃത്യങ്ങള്‍ പോലും നിഷേധിക്കാന്‍ നിര്‍ബന്ധിതരാകുകയാണ് ദൃക്‌സാക്ഷികള്‍.
പട്ടാപ്പകല്‍ പരസ്യമായി നടന്ന കൊലപാതമായാലും വിധി പറയുന്ന ജഡ്ജി കൃത്യം നേരിട്ടു കണ്ടാലും പ്രാഥമിക തെളിവുകളും സാക്ഷികളും ഇല്ലാതെ കേസ് നിലനില്‍ക്കാനുള്ള സാധ്യത കുറവാണ്. ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടുകള്‍ക്കും മറ്റും സാക്ഷിമൊഴികള്‍ക്ക് പിന്നിലേ സ്ഥാനമുള്ളൂ. പോലീസ് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചും മൊഴി വാങ്ങാനുള്ള സാധ്യത കണക്കിലെടുത്ത് സാക്ഷികള്‍ പോലീസിന് നല്‍കുന്ന മൊഴികള്‍ അത്ര ആധികാരികമായി പരിഗണിക്കപ്പെടുന്നില്ല നീതിന്യായ വ്യവസ്ഥയില്‍. കൂറുമാറ്റം നിലവിലെ നിയമമനുസരിച്ചു കുറ്റകരവുമല്ല. ഈ മൊഴി കോടതിയില്‍ തിരുത്തിയാല്‍ അതിനാണ് കൂടുതല്‍ പരിഗണന. ഇതാണ് കേസുകളിലെ കൂറുമാറ്റത്തിന് പ്രധാന കാരണം.
നീതിപൂര്‍വമായ വിധിപ്രസ്താവത്തിന് തടസ്സമാണ് ഇത്തരം മൊഴിമാറ്റങ്ങള്‍. പല കേസുകളിലും പ്രതികള്‍ രക്ഷപ്പെടാനിടയാക്കുന്നതിന്റെ സാഹചര്യമിതാണ്. സാക്ഷികളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും കേസ് അട്ടിമറിക്കുന്ന പ്രവണത നീതിന്യായ വ്യവസ്ഥക്ക് കളങ്കമാണ്. രാജ്യത്ത് കുറ്റകൃത്യങ്ങള്‍ അനിയന്ത്രിതമായി വര്‍ധിക്കുന്നതില്‍ ഇതൊരു പ്രധാന ഘടകവുമാണ്. ഇതിനെതിരെ നിയമം ആവിഷ്‌കരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മറ്റു പല രാജ്യങ്ങളിലും സാക്ഷികള്‍ക്ക് തോന്നിയ പോലെ മൊഴിമാറ്റാന്‍ സാധിക്കില്ല. നീതിബോധത്തിനപ്പുറമുള്ള മറ്റെന്തെങ്കിലും താത്പര്യങ്ങളാണ് അതിന് പ്രേരകമെന്ന് തെളിഞ്ഞാല്‍ കടുത്ത ശിക്ഷ ഏറ്റുവാങ്ങേണ്ടി വരും. സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണ് മൊഴി മാറ്റുന്നതെന്ന് ന്യായാധിപന് ബോധ്യമായാല്‍ കൂറുമാറ്റം തടയാന്‍ സാധിക്കുന്ന വിധം ഇവിടെയും നിയമത്തില്‍ മാറ്റം അനിവാര്യമാണ്.

Latest