കല്‍ബുര്‍ഗി വധം: പ്രതിയെന്ന് സംശയിക്കുന്നയാള്‍ വെടിയേറ്റ് മരിച്ച നിലയില്‍

Posted on: October 28, 2015 11:55 pm | Last updated: October 28, 2015 at 11:55 pm
SHARE

murder..ബെംഗളൂരു: യുക്തിവാദിയായ എഴുത്തുകാരന്‍ എം എം കല്‍ബുര്‍ഗിയുടെ കൊലപാതകിയെന്ന് സംശയിക്കപ്പെടുന്നയാളെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കല്‍ബുര്‍ഗി വധവുമായി ബന്ധപ്പെട്ട് പോലീസ് പുറത്തുവിട്ട രേഖാചിത്രവുമായി സാമ്യമുള്ളയാളെയാണ് ഖനാപൂര്‍ താലൂക്കിലെ ആളൊഴിഞ്ഞ പ്രദേശത്ത് മരിച്ചനിലില്‍ കണ്ടെത്തിയത്.
ഈ മാസം 18നാണ് മൃതദേഹം കണ്ടെത്തിയത്. തിരിച്ചറിയാന്‍ ആരുമെത്താത്തതിനെ തുടര്‍ന്ന് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം മൃതദേഹം അടക്കം ചെയ്യുകയായിരുന്നു. നടപടിക്രമങ്ങളുടെ ഭാഗമായി ലോക്കല്‍ പോലീസ് ഇയാളുടെ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. കല്‍ബുര്‍ഗിയുടെ ഘാതകന്റെ രേഖാചിത്രവുമായി ഇയാള്‍ക്ക് സാമ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്.
എന്നാല്‍, മൃതദേഹത്തിന് കല്‍ബുര്‍ഗിയുടെ കൊലയാളിയുമായി എന്തെങ്കിലും സാമ്യമുണ്ടോ എന്ന കാര്യത്തില്‍ സ്ഥിരീകരണമൊന്നുമുണ്ടായിട്ടില്ലെന്ന് ബല്‍ഗാം എസ് പി രവികാന്ത് ഗൗഡ അറിയിച്ചു. ഇക്കാര്യം പരിശോധിക്കുന്നതിന് വേണ്ടി ബെംഗളൂരുവില്‍ നിന്നുള്ള ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ സംഘം ഖനാപൂരിലേക്ക് പോയിട്ടുണ്ടെന്നും കല്‍ബുര്‍ഗിയുടെ കൊലപാതകവുമായി ഈ സംഭവത്തിന് എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അന്വേഷിക്കുമെന്നും എസ് പി കൂട്ടിച്ചേര്‍ത്തു. വളരെ അടുത്തുനിന്ന് നാടന്‍ തോക്കില്‍നിന്നുള്ള വെടിയേറ്റാണ് ഇയാള്‍ കൊല്ലപ്പെട്ടത് എന്നാണ് പോലീസ് വൃത്തങ്ങള്‍ അറിയിക്കുന്നത്. മൃതദേഹത്തിന്റെ സമീപത്തുനിന്ന് ഒരു വെടിയുണ്ടയും കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ആഗസ്റ്റ് 30നാണ് ധാര്‍വാഡിലെ വീട്ടില്‍ കുടുംബത്തോടൊപ്പം പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ എഴുത്തുകാരനും സര്‍വകലാശാല വൈസ് ചാന്‍സലറുമായിരുന്ന കല്‍ബുര്‍ഗിക്ക് വെടിയേറ്റത്. മോട്ടോര്‍ സൈക്കിളില്‍ എത്തിയ ആയുധധാരികളായ അജ്ഞാത സംഘം കല്‍ബുര്‍ഗിയെ വെടിവച്ചു വീഴ്ത്തുകയായിരുന്നു. കൊലപാതകികളെ കുറിച്ച് ഇതുവരെ യാതൊരു വിവരവും പോലീസിന് ലഭിച്ചിട്ടില്ല.