യുഎഇ സംരംഭകരുടെ ഇഷ്ടയിടം: ശൈഖ് മുഹമ്മദ്‌

Posted on: October 28, 2015 6:58 pm | Last updated: October 28, 2015 at 6:58 pm
SHARE

dubaiദുബൈ: സംരംഭകരുടെയും നവീന ആശയക്കാരുടെയും ഇഷ്ട ഇടമാണ് യു എ ഇയെന്ന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം.
സംരംഭകര്‍ക്കും വിവിധ രംഗങ്ങളില്‍ നവീന ആശയങ്ങളും കണ്ടുപിടുത്തങ്ങളും നടത്തുന്നവര്‍ക്കും പറ്റിയ അന്തരീക്ഷമാണ് യു എ ഇയിലുടനീളമുള്ളത്. ലോകത്തിലെ സര്‍ഗാത്മകതയുള്ള നിക്ഷേപമിറക്കാന്‍ പറ്റിയ ഇടമാണ് യു എ ഇ. മനുഷ്യരെ സ്‌നേഹിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ കൊയ്യാന്‍ പറ്റുന്ന ലോകത്തിലെ മികച്ച ഇടവും കൂടിയാണ്. രാജ്യത്തെ സംരംഭകരെ കുറിച്ച് മികച്ച പ്രതീക്ഷയാണ് ഞങ്ങള്‍ക്കുള്ളത്. അവരുടെ അനന്തമായ കഴിവുകളിലും കണ്ടുപിടുത്ത ത്വരയിലും നാം വിശ്വാസമര്‍പിക്കുന്നു. നിശ്ചയ ദാര്‍ഢ്യത്തില്‍ ഉറച്ച് രാജ്യത്തിന്റെ ഭാവി പണിയുന്നവരാണവര്‍. ബിസിനസിനൊപ്പം സാമ്പത്തികം, സാംസ്‌കാരികം തുടങ്ങിയ സര്‍വ മേഖലയിലും രാജ്യത്തിന്റെ ഉയര്‍ച്ചക്ക് അടിസ്ഥാനശിലയിട്ടവര്‍ സംരംഭകരാണ്. യു എന്നിന്റെ ഗ്ലോബല്‍ എന്റര്‍പ്രണേര്‍ കൗണ്‍സില്‍ സംഘത്തെ സ്വീകരിക്കവേയാണ് ആഗോള സംരംഭകരെ ശൈഖ് മുഹമ്മദ് വാനോളം പുകഴ്ത്തിയത്.
പുതുതലമുറയില്‍ മഹത്തായ വിശ്വാസമാണ് ഞങ്ങള്‍ക്കുള്ളത്. അവര്‍ക്ക് അവരുടെ കടമയും ഉത്തരവാദിത്വവുമെന്തെല്ലാമാണെന്ന് നന്നായറിയാം. രാജ്യത്തിന്റേയും ജനങ്ങളുടെയും ഭാവി ശോഭനമാക്കാനുള്ള തൃഷ്ണയാണ് അവരെ മുന്നോട്ടു നയിക്കുന്നത്. അവരെ സംബന്ധിച്ചിടത്തോളം പ്രവര്‍ത്തനമണ്ഡലത്തില്‍ പ്രതിബദ്ധങ്ങളെ അതിജീവിക്കാനും അവയെ ഫലപ്രദമായി നേരിടാനും സാധിക്കും. അവര്‍ക്കുവേണ്ടത് രാജ്യത്തിന്റെ പിന്തുണയാണ്. ഇത്തരക്കാര്‍ക്ക് ആവശ്യമായ സകല പിന്തുണയും നല്‍കുന്ന രാജ്യമാണ് യു എ ഇ. ഇത് രാജ്യത്തേക്ക് സംരംഭകരെ ആകര്‍ഷിക്കുന്നതില്‍ നിര്‍ണായക ഘടകമാണ്. സംരംഭകര്‍ക്ക് ആവശ്യമായതെല്ലാം രാജ്യം ചെയ്തുകൊടുക്കുന്നുണ്ട്. അതോടൊപ്പം വൈദഗ്ധ്യമുള്‍പെടെയുള്ള മേഖലകളില്‍ ആവശ്യമായ പരിശീലന പരിപാടികളും ഫലപ്രദമായി ആശയവിനിമയം സാധ്യമാക്കാന്‍ ഉപകരിക്കുന്ന സംവിധാനങ്ങളും ചിന്തകളും എല്ലാം നല്‍കുന്നുണ്ട്. അവസരങ്ങള്‍ ലഭ്യമാക്കുന്നതിനൊപ്പം തങ്ങളുടെ അനുഭവങ്ങളില്‍ നിന്ന് അവസരങ്ങളെ നേട്ടങ്ങളാക്കി മാറ്റിയെടുക്കാനും ആവശ്യമായ എല്ലാ സഹായവും നല്‍കിവരുന്നു. നമ്മളെല്ലാം ഈ ലോകത്തിന്റെ പങ്കാളികളാണ്. ലോകത്തുള്ള എല്ലാവരും നമ്മുടെ സുഹൃത്തുക്കളാണ്. അതിനാല്‍ നമുക്കെല്ലാം ഒരുമിച്ചുചേരുകയും ഉത്തരവാദിത്വത്തോടെ നമ്മുടെ സ്വപ്നങ്ങള്‍ അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ച് കെട്ടിപ്പടുക്കുകയും ചെയ്യാം. യു എ ഇ അതിന്റെ വാതിലുകള്‍ സംരംഭകര്‍ക്കും നവീന ആശയക്കാര്‍ക്കുമായി തുറന്നിട്ടിരിക്കുകയാണ്. അവരുടെ വിജയിച്ച പരീക്ഷണങ്ങള്‍ രാജ്യത്തും നടപ്പാക്കാന്‍ ആവശ്യമായ സകല സഹായവും നല്‍കും.
യു എന്നിന്റെ ഗ്ലോബല്‍ എന്റര്‍പ്രണേര്‍ കൗണ്‍സിലിനെ അകമഴിഞ്ഞ് പ്രശംസിക്കാനും ശൈഖ് മുഹമ്മദ് പിശുക്ക് കാണിച്ചില്ല. ആധുനിക ലോകത്തെ സംരംഭകരുടെ കേന്ദ്രമാണ് ഗ്ലോബല്‍ എന്റര്‍പ്രണേര്‍ കൗണ്‍സിലെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here