Connect with us

Ongoing News

കേരള ബ്ലാസ്‌റ്റേഴ്‌സ് മുഖ്യ പരിശീലകന്‍ പീറ്റര്‍ ടെയ്‌ലര്‍ രാജിവെച്ചു

Published

|

Last Updated

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലകന്‍ പീറ്റര്‍ ടെയ്‌ലര്‍ രാജിവെച്ചു. ടീമിന്റെ മോശം പ്രകടനത്തെത്തുടര്‍ന്നാണ് രാജി. എന്നാല്‍ പരസ്പര ധാരണപ്രകാരമാണ് ടെയ്‌ലര്‍ പദവി ഒഴിഞ്ഞതെന്ന് ടീം ഉടമകള്‍ അറിയിച്ചു. സഹപരിശീലകനായിരുന്ന ട്രെവര്‍ മോര്‍ഗന്‍ പുതിയ പരിശീലകനാകും. ഐ എസ് എല്ലിലെ കഴിഞ്ഞ നാല് മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടിരുന്നു. രണ്ടാം അധ്യായത്തിലെത്തിയ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിന്ന് ഇതാദ്യമായാണ് ടൂര്‍ണമെന്റിനിടെ ഒരു പരിശീലകന്‍ രാജിവക്കുന്നത്.
ഇംഗ്ലണ്ടിന്റെ മുന്‍ ദേശീയ താരമായിരുന്ന പീറ്റര്‍ ടെയ്‌ലര്‍ ഈ സീസണിലാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനായി ചുമതലയേറ്റത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വിവിധ ക്ലബ്ബകളുടെയും ബഹ്‌റൈന്‍ ദേശീയ ടീമിന്റെയും മുന്‍ പരിശീലകന്‍ കൂടിയായിരുന്നു പീറ്റര്‍ ടെയ്‌ലര്‍. 1976ല്‍ ഇംഗ്ലണ്ടിനുവേണ്ടി നാല് മത്സരങ്ങള്‍ കളിച്ചു. ഇംഗ്ലീഷുകാരനായ ടെയ്‌ലര്‍ ഇംഗ്ലണ്ട് സീനിയര്‍ ടീമിന്റെ താത്കാലിക പരിശീലകനും അണ്ടര്‍ 21 ടീമിന്റെ മുഖ്യ പരിശീലകനുമായിരുന്നു. പതിനഞ്ചിലേറെ ക്ലബുകളെ പരിശീലിപ്പിച്ചശേഷമാണ് ബ്ലാസ്‌റ്റേഴ്‌സിലെത്തിയത്. ക്രിസ്റ്റല്‍ പാലസ്, ടോട്ടനം ഹോട്‌സ്പര്‍ എന്നിവക്കുവേണ്ടി കളിച്ചിട്ടുമുണ്ട്.
കളിക്കാരെ വിശ്വാസത്തിലെടുക്കാതെ ടെയ്‌ലര്‍ നിരന്തരമായി നടത്തിയ മാറ്റങ്ങളും പരീക്ഷണങ്ങളുമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വിക്ക് വഴിവച്ചതെന്ന് വ്യാപകമായ വിമര്‍ശമുണ്ടായിരുന്നു. ലീഗ് ഘട്ടത്തിലെ ആറ് മല്‍സരങ്ങള്‍ കളിച്ചിട്ടും മുഖ്യ പരിശീലകന് കൃത്യമായ ഒരു ടീം ഫോര്‍മേഷന്‍ കണ്ടെത്താന്‍ സാധിച്ചില്ല. ആറ് കളികളില്‍ ആറ് ലൈനപ്പിലാണ് ടീം കളിച്ചത്. എല്ലാ മത്സരങ്ങളിലും മധ്യനിര പരാജയപ്പെട്ടു. ഗോളുകള്‍ ഒഴിഞ്ഞുനിന്നതിന്റെ പ്രധാന കാരണം ഇതാണെന്നും ആക്ഷേപമുണ്ടായിരുന്നു. പുനെയില്‍ ഒന്നാം മിനുട്ടില്‍ തന്നെ ലീഡ് നേടിയശേഷം തോല്‍വി വഴങ്ങിയതു മുതല്‍ തന്നെ ടെയ്‌ലറുടെ നിലപാടുകള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ റണ്ണറപ്പുകളായിരുന്ന ബ്ലാസ്റ്റേഴ്‌സ് ഈ സീസണില്‍ ആറ് മത്സരങ്ങളില്‍ നാലെണ്ണവും തോറ്റ് എട്ടാം സ്ഥാനത്ത് ഏറ്റവും അവസാനക്കാരാണ്. ആദ്യ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിനെ തോല്‍പ്പിക്കുകയും രണ്ടാം മത്സരത്തില്‍ മുംബൈ സിറ്റിയോട് ഗോള്‍രഹിത സമനില വഴങ്ങുകയും ചെയ്ത ടീം പിന്നീടുള്ള നാല് മത്സരങ്ങളിലും തോല്‍ക്കുകയായിരുന്നു. ആറ് കളികളില്‍ നിന്ന് ഏഴ് ഗോളാണ് ടീമിന് ഇതുവരെ നേടാനായത്. അതില്‍ നാലും മൂന്ന് മത്സരങ്ങളില്‍ മാത്രം കളിക്കാന്‍ അവസരം കിട്ടിയ മലയാളി താരം മുഹമ്മദ് റാഫിയുടെ വകയായിരുന്നു.
31ന് കൊച്ചിയില്‍ ചെന്നൈയിന്‍ എഫ് സി ക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.